കാട്ടാക്കട: അതിരുമലയില്‍ പണ്ടൊരു തേയില തോട്ടമുണ്ടായിരുന്നു. ഇന്ന് അത് ജൈവവൈവിധ്യമേഖല. കാടുമൂടിയ തോട്ടത്തില്‍ അങ്ങിങ്ങായുള്ള തേയില ചെടികള്‍ പൂര്‍വകാല ഓര്‍മകള്‍ അയവിറക്കുന്നു.
അഗസ്ത്യമൂടിക്ക് താഴെ ഹെക്ടര്‍കണക്കിന് ഭൂമിയില്‍ 1830 ലാണ് കേരളത്തിലെ ആദ്യ തേയിലത്തോട്ടം പിറന്നത്. അഗസ്ത്യ അലം ലാന്റ് എസ്റ്റേറ്റ് എന്ന പേരിലായിരുന്ന തോട്ടം. പിന്നെയത് അഗസത്യമുടിക്ക് താഴെയും വ്യാപിച്ചു. ബോണക്കാട്ടും പൊന്‍മുടിയും ബ്രൈമൂറും ഒക്കെ. ഇടുക്കിയിലെ കണ്ണന്‍ദേവന്‍ തേയിലത്തോട്ടം വരുന്നത് 1870 കളിലാണ്. കോട്ടൂരില്‍ നിന്നും വരുന്ന കീരവാടാത്തടം എന്ന് വിളിപേരുള്ള ട്രാവന്‍കൂര്‍ പാസ്സ്വേയുടെ അതിര്‍ത്തിയിലാണ് അതിരുമല. അവിടെ നിന്നും പാണ്ഡ്യദേശത്തേക്ക് പോകുന്ന പാത.
സമുദ്രനിരപ്പില്‍ നിന്നും 6700 അടി ഉയരമുള്ള ഇവിടം സന്ദര്‍ശിച്ച ബ്രിട്ടീഷുകാരാണ് അവരുടെ വാണിജ്യസാധ്യതകള്‍ കïത്. രാജാവില്‍ നിന്നും പാട്ടത്തിനെടുത്ത് ഇവിടെ തേയിലത്തോട്ടം തുടങ്ങി. വനവാസികളെയും തമിഴ്നാട്ടില്‍ നിന്നെത്തിച്ച മറവന്മാരെയും കൊണ്ട് തേയില ചെടികള്‍ നട്ടുപിടിപ്പിച്ചു. ഏലം, കുരുമുളക്, ഗ്രാമ്പൂ എന്നിവയും ഇടവിളയായി നട്ടു. ബ്രിട്ടീഷുകാര്‍ക്ക് വരാനായി 10 സ്ഥലങ്ങളില്‍ പാലം പണിതു. തേയില പാകമാകുമ്പോള്‍ കൊളുന്ത് നുള്ളി കുതിരവണ്ടിയിൽ താഴെ ബോണക്കാട്ട് എത്തിക്കും. അവിടെ ഫാക്ടറി തുടങ്ങി. ഏലം, ഗ്രാമ്പൂ തുടങ്ങിയവയും വിവിധ മലവിഭവങ്ങളും പുറംനാട്ടിലെത്തിച്ചത് കുതിരവണ്ടികളിലാണ്.
ബോണ്‍ അക്കാര്‍ഡ് എന്ന ബ്രിട്ടീഷുകാരന്‍ ഫാക്ടറി തുടങ്ങിയതോടെ സ്ഥലനാമം പിന്നിട് ബോണക്കാടായി. അവിടെ നിന്നും തേയില കടല്‍ കടന്നു. തേയില ലണ്ടനിലേക്ക് കയറ്റി അയച്ച ഇനത്തില്‍ കോടികളാണ് ഈസ്റ്റ് ഇന്ത്യ കമ്പനി നേടിയത്. 2000 അടിക്ക് ഉയരമുള്ള പ്രദേശത്തെ തേയിലയ്‌ക്കേ ഗുണമുള്ളൂ എന്ന് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ അഗസ്ത്യമുടിക്ക് താഴെയുള്ള മിക്ക സ്ഥലങ്ങളിലും തോട്ടമുയര്‍ത്തി. വെള്ളത്തില്‍ നിന്നും വൈദ്യുതിയുണ്ടാക്കുന്ന എന്‍ജിന്‍ വരെ ബ്രീട്ടിഷുകാര്‍ ഇവിടെ എത്തിച്ചു. അതിനിടെ അഗസ്ത്യമലയിലെ കൊടും തണുപ്പും കാറ്റുംമഴയും തേയിലത്തോട്ടത്തില്‍ വന്‍ പ്രശ്നമുണ്ടാക്കി. തൊഴിലാളികള്‍ ഒന്നൊന്നായി മരിച്ചുവീണു. ബ്രീട്ടിഷുകാരായ നാലുപേര്‍ മരണപ്പെട്ടു. തുടര്‍ന്നാണ് അതിരുമലയില്‍ നിന്നും തേയില പതിയെ ബോണക്കാട്ടേക്ക് മാറുന്നത്.
അവിടെ ജോലി ചെയ്യാന്‍ നിര്‍ബന്ധപൂര്‍വം ജോലിക്കാരെ നിയമിച്ചു. തേയില വിളവെടുത്തു. ലാഭവും നേടി. പിന്നെ ജനാധിപത്യം വന്നു. തോട്ടമുടമ മുംബൈ ആസ്ഥാനമാക്കിയ മഹാവീര്‍ പ്ലാന്റേഷന് തോട്ടം വിറ്റു. തേയിലത്തോട്ടത്തില്‍ നിന്നും കോടികളുടെ ലാഭം നേടിയ കമ്പനി പിന്നെ തോട്ടത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. അതോടെ തോട്ടം അടച്ചുപൂട്ടി.
തുടര്‍ന്ന് അതിരുമലയിലെ തോട്ടം വനംവകുപ്പ് ഏറ്റെടുത്തു. അവിടെ നിരോധിതമേഖലയായി. പിന്നെ വന്യജീവി സങ്കേതമായി, കടുവാ സങ്കേതമായി. ഒടുവില്‍ ലോകത്തിലെ സംരക്ഷണമര്‍ഹിക്കുന്ന ലോക പൈതൃക കേന്ദ്രമായി മാറുകയും ചെയ്തു. അതിരുമലയിലെ തേയിലത്തോട്ടം ഒടുവില്‍ കാടുമൂടി. ചിലയിടങ്ങളില്‍ ഇപ്പോഴും തേയില തളിര്‍ത്ത് നില്‍ക്കുന്നത് കാണാം. വനവാസികള്‍ കളമൂടിയ തേയിലക്കാട്ടില്‍ നിന്ന് മുള പൊട്ടുന്ന തേയില കൊളുന്തുകള്‍ നുള്ളുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: