ഇടുക്കി: വനം മന്ത്രിയുടെ വാക്കാലുള്ള നിര്‍ദേശം, ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് പൂട്ടിച്ച ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. സംഭവത്തില്‍ നടപടി എടുക്കാന്‍ മടിച്ച് ജില്ലാ ഭരണകൂടവും വനംവകുപ്പും.
ക്രിസ്തുമസ്-നവ വത്സര ആഘോഷങ്ങളുടെ ഭാഗമായി ആളുകളെത്തി തുടങ്ങിയതോടെയാണ് ഒരു വര്‍ഷത്തിലധികമായി അടഞ്ഞ് കിടന്നിരുന്ന സവാരി കേന്ദ്രങ്ങള്‍ വീണ്ടും സജീവമായത്. ജില്ലയില്‍ ആകെയുള്ള 9 ആനസവാരി കേന്ദ്രങ്ങളില്‍ പാതിയിലധികം നിലവില്‍ ആഴ്ചകളായി പ്രവര്‍ത്തനം തുടങ്ങി കഴിഞ്ഞു.
ഹൈക്കോടതി ഉത്തരവ് പ്രകാരം നിയമം നടപ്പിലാക്കുന്നതിന് വനംവകുപ്പിനെ ഏല്‍പ്പിച്ചുണ്ടെന്ന മറുപടിയാണ് ജില്ലാ കളക്ടര്‍ നല്‍കുന്നത്. കുമളിയിലും ദേവികുളത്തുമാണ് പ്രധാനമായും സവാരി നടത്തുന്നത്. ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് 2019 ആഗസ്റ്റിലാണ് ഇടുക്കിയിലെ ആനസവാരി കേന്ദ്രങ്ങള്‍ കളക്ടര്‍ ഇടപെട്ട് നിര്‍ദേശം നല്കി പൂട്ടിച്ചത്.
എന്നാല്‍ ഉടമകളുടെ സംഘം വനം മന്ത്രി കെ. രാജുവിനെ കണ്ട് രണ്ട് മാസത്തേക്കുള്ള ഇളവ് വാങ്ങിയെടുത്ത് സവാരി നടത്തിയിരുന്നു. പിന്നാലെയാണ് വീണ്ടും ആനസവാരി ആരംഭിച്ചത്. നടപടി എടുക്കേണ്ട ഉദ്യോഗസ്ഥര്‍ ഉന്നത ഇടപെടലിനെ തുടര്‍ന്ന് ഇത് കണ്ടില്ലെന്ന് നടിക്കുകയുമാണ്.
നാട്ടാനകളെ ടിക്കറ്റ് നല്കി സഫാരിക്ക് ഉപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് നിയമ പ്രകാരം രജിസ്ട്രേഷന് നിര്‍ബന്ധമാണ്. ആനയുടെ ലൈസന്‍സ് കൃത്യമായി ഇല്ലാത്തതാണ് ഇതിന് വിലങ്ങ് തടി. ഇന്‍ഷുറന്‍സ് പരിരക്ഷ പോലുള്ള ഇല്ലാത്തതിനാല്‍ സഞ്ചാരികളുടെ ജീവന് കൈയില്‍ പിടിച്ചുള്ള യാത്രയായി ഇവ പലപ്പോഴും മാറുന്നുണ്ട്.
അതേ സമയം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഒരു ആനയെ സ്വന്തം ജില്ലവിട്ട് പുറത്ത് കൊണ്ടുപോയാല്‍ 15 ദിവസത്തിനകം തിരികെ എത്തിക്കണമെന്നാണ് പറയുന്നത്. ജില്ലയിലെ ഒമ്പത് സവാരി കേന്ദ്രങ്ങളിലായി വിവിധ ജില്ലകളിലെ 43 ആനകളുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. ഇവയെല്ലാം തന്നെ ഇപ്പോഴും സവാരി കേന്ദ്രങ്ങളില്‍ തുടരുകയാണ്.
സംഭവം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ സോഷ്യല്‍ ഫോറസ്റ്ററി വിഭാഗത്തെ അറിയിച്ചതായി മൂന്നാര്‍ ഡിഎഫ്ഒ എംവിജി കണ്ണന് അറിയിച്ചു. പ്രവര്‍ത്തിക്കാന്‍ കത്ത് ലഭിച്ചിട്ടുണ്ടെന്നാണ് അറിയുന്നതെന്നും ആരാണ് ഇത് നല്‍കിയതെന്നതടക്കമുള്ള കാര്യം ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേ സമയം ആനസവാരി നടത്തിയാല്‍ കേസെടുക്കാന്‍ റേഞ്ച് ഓഫീസര്‍ നിര്‍ദേശം നല്‍കിയതായി ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു. അതേ സമയം കോടതി ഉത്തരവ് പാലിക്കുന്നതില്‍ തുടര്‍ച്ചയായി വീഴ്ച വരുത്തിയതിനാല്‍ കളക്ടര്‍ക്കെതിരെ കോടതി അലക്ഷ്യത്തിന് നടപടിക്ക് സാധ്യതയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: