കുവൈത്ത് സിറ്റി: കുവൈത്തില്‍ 60 വയസ്സ് പിന്നിട്ട ബിരുദമില്ലാത്ത വിദേശികള്‍ക്ക് തൊഴില്‍ വിലക്കേര്‍പ്പെടുത്താന്‍ തീരുമാനം. തൊഴില്‍ അനുമതി നിയമാവലി പ്രഖ്യാപനത്തോടനുബന്ധിച്ചാണ് 60 പിന്നിട്ടവര്‍ക്കുള്ള തൊഴില്‍ വിലക്ക് തീരുമാനവും അറിയിച്ചത്. ജനുവരി മൂന്നു മുതല്‍ വര്‍ക്ക് പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.
സെക്കണ്ടറിയും അതില്‍ താഴെയും വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് രാജ്യത്ത് തൊഴില്‍ വിലക്കേര്‍പ്പെടുത്താനുള്ള തീരുമാനം കുവൈത്ത് മാന്‍ പവര്‍ അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹ്മദ് അല്‍മൂസയാണ് പ്രഖ്യാപിച്ചത്. ജനസംഖ്യാ ഘടനയില്‍ ഭേദഗതി വരുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരും യൂണിവേഴ്‌സിറ്റി ബിരുദം നേടാത്തവരുമായ വിദേശികള്‍ക്ക് തൊഴില്‍ വിലക്കേര്‍പ്പെടുത്താനുള്ള പുതിയ തീരുമാനം. ഇതോടെ മലയാളികൾ ഉൾപ്പടെ നിരവധി വിദേശികൾക്ക് രാജ്യം വിടേണ്ടിവരും.
അതേസമയം സർക്കാർ മാനദണ്ഡങ്ങൾ അനുസരിച്ച് മക്കളുടെ ആശ്രിത വിസയിലേക്ക് താമസരേഖ മാറ്റുന്നതിന് അനുവദിക്കുമെന്നാണ് റിപ്പോർട്ട്. കുവൈത്തില്‍ നിന്ന് അഞ്ചു ലക്ഷത്തിലേറെ വിദേശികളെ ഘട്ടംഘട്ടമായി പുറത്താക്കാനുള്ള പദ്ധതി അടുത്തിടെ പാര്‍ലമെന്ററി കമ്മിറ്റിക്കു മുന്നില്‍ സാമൂഹിക, തൊഴില്‍ മന്ത്രി മര്‍യം അഖീല്‍ വെളിപ്പെടുത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: