ഭോപ്പാല്‍: രാജസ്ഥാനിലും മധ്യപ്രദേശിലും വിവിധയിടങ്ങളില്‍ കൂട്ടമായി ചത്ത കാക്കകളില്‍ പക്ഷിപ്പനി വൈറസിന്റെ സാന്നിധ്യം കണ്ടെത്തി. ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്കി. രാജസ്ഥാനിലെ കോട്ടയിലും ബാരനിലും ഝാലാവാഡിലുമായി കഴിഞ്ഞ ദിവസങ്ങലില്‍ ഇരുനൂറിലധികം കാക്കളാണ് ചത്തൊടുങ്ങിയത്.
കോട്ടയില്‍ 47 കാക്കകളും ഝാലാവാഡില്‍ നൂറു കാക്കളും ബാരാണില്‍ 72 കാക്കകളും ചത്തു. രാജസ്ഥാന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ലാല്‍ചന്ദ് ഖട്ടരിയ വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു. കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്ന് മന്ത്രി പറഞ്ഞു. ഝാലാവാഡില്‍ കണ്ട്രോള് റൂമുകള്‍ തുറന്നു. പ്രദേശത്ത് പനിലക്ഷണങ്ങളുള്ളവരെ തിരിച്ചറിയാനുള്ള ശ്രമവും ആരംഭിച്ചു.
പക്ഷിപ്പനി മരണം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന പ്രദേശങ്ങളില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മധ്യപ്രദേശിലും പക്ഷിപ്പനി മൂലം പക്ഷികള്‍ ചത്തൊടുങ്ങുന്നുണ്ട്. മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഡാലി കോളേജ് കാമ്പസില്‍ ചൊവ്വാഴ്ച അമ്പതോളം കാക്കകളെ ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പക്ഷികളില്‍ ചിലതിനെ സാമ്പിള്‍ പരിശോധനയ്ക്കായി ഭോപ്പാലിലേക്ക് അയച്ചു. പരിശോധനയില്‍ എച്ച് 5 എന്‍ 8 വൈറസിന്റെ സാന്നിധ്യം ഇവയില്‍ നിന്ന് കണ്ടെത്തിയെന്ന് ഇന്‍ഡോര്‍ ചീഫ് മെഡിക്കല്‍, ഹെല്‍ത്ത് ഓഫീസര്‍ പൂര്‍ണിമ ഗഡാരിയ പറഞ്ഞു. കൊറോണ വ്യാപനം കനത്ത ആശങ്കയുണ്ടാക്കിയ പ്രദേശങ്ങളിലൊന്നായിരുന്നു ഇന്‍ഡോര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: