കണ്ണൂര്‍: കൊവിഡ് വ്യാപനം കണക്കിലെടുത്ത് സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലും നാഷണല്‍ ഹെല്‍ത്ത് മിഷന് കീഴില്‍ നിയമിക്കപ്പെട്ട ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരും ആരോഗ്യേതര ജീവനക്കാരും ദുരിതത്തില്‍. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച റിസ്ക്ക് അലവന്‍സ് നാലുമാസമായി ലഭിക്കാത്തതിനെ തുടര്‍ന്നാണ് ജീവനക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എന്‍എച്ച്എം ഫണ്ട് യഥാസമയം സംസ്ഥാന സര്‍ക്കാര്‍ കൈപ്പറ്റിയിട്ടും ജീവനക്കാര്‍ക്ക് മാസങ്ങളായി അലവന്‍സ് നല്‍കാത്തതില്‍ ജീവനക്കാര്‍ക്കിടയില്‍ പ്രതിഷേധം ഉയരുന്നു.
നഴ്സിംഗ് അസിസ്റ്റന്റുമാര്‍, ട്രോളി ജീവനക്കാര്‍, വാച്ച്മാന്മാര് തുടങ്ങി കുറഞ്ഞ ശമ്പളത്തിന് നിയമിതരായവരാണ് ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത്. നിയമന സമയത്ത് 13,500 രൂപയാണ് ശമ്പളമായി നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഏറെ കൊട്ടിഘോഷിച്ച് മുഖ്യമന്ത്രി നേരിട്ട് നഴ്സിംഗ് അസിസ്റ്റന്റ് അടക്കമുളളവര്‍ക്ക് റിസ്ക് അലവന്‍സുള്‍പ്പെടെ 23,500 രൂപ നല്‍കുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
ഡോക്ടര്‍മാര്‍ക്ക് 40000 രൂപയും 20000 രൂപ അലവന്‍സുമായിരുന്നു അനുവദിച്ചത്. തുടര്‍ന്ന് രണ്ട് മാസം റിസ്ക്ക് അലവന്‍സ് നല്‍കിയെങ്കിലും കഴിഞ്ഞ നാലുമാസമായി അലവന്‍സ് നിര്‍ത്തിയിരിക്കുകയാണ്. സംസ്ഥാനത്താകമാനം ആയിരക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരാണ് അലവന്‍സ് ലഭിക്കാത്തതു കാരണം ദുരിതത്തിലായിരിക്കുന്നത്. ഡോക്ടര്‍മാര്‍ക്ക് ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതിനാല്‍ ഏറെ ബുദ്ധിമുട്ടില്ലെങ്കിലും നാമമാത്രമായ ശമ്പളം ലഭിക്കുന്ന നഴ്സിംഗ് അസിസ്റ്റന്റുമാരുള്‍പ്പെടെയുളളവര്‍ ഏറെ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് ജീവനക്കാര്‍ പറയുന്നു.
താല്‍ക്കാലികമായി നിയമനം ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ കൊവിഡ് കാലത്ത് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചാണ് ജോലി ചെയ്യുന്നത്. തുടര്‍ച്ചയായ ദിവസങ്ങളില്‍ പിപിഇ കിറ്റ് ധരിച്ചുളള ജോലി കാരണം ശരീരത്തിലെ ജലാംശം നഷ്ടപ്പെട്ട് നിരവധി ജീവനക്കാര്‍ക്ക് പലതരത്തിലുളള ശാരീരിക പ്രശ്നങ്ങള്‍ ഇതിനകം പിടിപെട്ടതായി ജീവനക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. കൊവിഡ് രോഗികളുടെ ജീവന് നിലനിര്‍ത്താന്‍ പ്രവര്‍ത്തിക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാരോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്ന അവഗണനയില്‍ ജീവനക്കാര്‍ക്കിടയില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: