തളിപ്പറമ്പ്: ഇത്തിരിക്കുഞ്ഞന് മരങ്ങളുടെ സാമ്രാജ്യമാണ് തളിപ്പറമ്പ് കുപ്പം സ്വദേശി സുലൈമാന്റെ വീടും പരിസരവും. 400ല്‍പരം ബോണ്‍സായി മരങ്ങളുടെ ശേഖരങ്ങളാല്‍ പ്രകൃതി സുന്ദരമാണ് ഇദ്ദേഹത്തിന്റെ മുറ്റവും ടെറസും. 65 വര്‍ഷം പ്രായമുള്ള ഫൈക്കസ് ബെഞ്ചാമിനയാണ് ഇക്കൂട്ടത്തില്‍ ഏറ്റവും പ്രായം കൂടിയതും വിലപിടിപ്പുമുള്ളതും. 65, 25, 15, വയസ്സുള്ള പേരാല്‍ മരങ്ങള്‍, 65, 32ഉം വയസ്സുള്ള ഫൈക്കസ് ബെഞ്ചാമിന, പത്ത് വര്‍ഷം പ്രായമുള്ള കായ്ച്ച സപ്പോട്ട, 25 വര്‍ഷം പ്രായമുള്ള പുളി തുടങ്ങിയവയാണ് സുലൈമാന്റെ ബോണ്‍സായ് മരങ്ങളിലെ താരങ്ങള്‍.
65 വര്‍ഷം പ്രായമുള്ള ഫൈക്കസ് ബെഞ്ചാമിനയാണ് ഏറ്റവും വില കൂടിയ താരം. ഒരുലക്ഷം രൂപയാണ് ഇതിന്റെ വിലയെങ്കിലും അവസാന വര്‍ഷം കാസര്‍കോട് നടന്ന പുഷ്പ്പോത്സവത്തില്‍ ആവശ്യക്കാരെത്തിയെങ്കിലും ഇദ്ദേഹം വില്ക്കാന് തയ്യാറായില്ല. അഞ്ച് വര്‍ഷം പ്രായമുള്ള ആല്‍മരത്തിനാണ് ഏറ്റവും കുറഞ്ഞ വില. രണ്ടായിരം രൂപ. 25 വര്‍ഷമായി ബോണ്‍സായി കൃഷി നടത്തുന്ന സുലൈമാന്‍ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയിലെ ക്ലാസുകളാണ് പ്രചോദനമായത്.
രണ്ടോ മൂന്നോ വര്‍ഷം വലിയ ചട്ടിയില്‍ വളര്‍ത്തിയതിനു ശേഷം ചെറിയ സെറാമിക് പാത്രത്തിലേക്ക് മാറ്റി വേരുകളിലും ശിഖരങ്ങളിലും പ്രൂണിങ് നടത്തിയാണ് അവരെ കുഞ്ഞന്മരങ്ങളാക്കി മാറ്റുന്നത്. തുടര്‍ച്ചയായി 7 വര്‍ഷത്തോളം കണ്ണൂര്‍ അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്ലാന്റ് ഓഫ് ദി ഇയര്‍ പുരസ്കാരം സുലൈമാന്‍ ലഭിച്ചിരുന്നു. കൂടാതെ ഏറ്റവും നല്ല ബോണ്‍സായിക്കുള്ള നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തെ തേടിയെത്തി. വടകര സ്വദേശിയായ പ്രവീണ്‍കുമാര്‍ സുലൈമാന്റെ കൃഷിയില്‍ പങ്കാളിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: