കോട്ടയം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെയും എന്‍സിപി നേതാവും പാലാ എംഎല്‍എയുമായ മാണി സി.കാപ്പനെയും ചവിട്ടിത്തെറിപ്പിച്ചു, പാലായും കാഞ്ഞിരപ്പള്ളിയും കേരളാ കോണ്‍ഗ്രസ്(എം)ന് നല്കാന് സിപിഎം തീരുമാനിച്ചു.
കാപ്പന്റെ വിലാപവും, കാനത്തിന്റെ അവകാശവാദവും തള്ളിയാണ് അടുത്തിടെ ഇടതു മുന്നണിയില്‍ എത്തിയ ജോസ് കെ.മാണി വിഭാഗത്തിനു വേണ്ടി നിലപാട് എടുത്തത്. ഇതോടെ മാണി സി. കാപ്പന്റെ നില പരുങ്ങലിലായി. സിപിഎം നിലപാട് വ്യക്തമായതോടെ മാണി സി. കാപ്പന് മറ്റു വഴി തേടാന്‍ നിര്‍ബന്ധിതമായിരിക്കുകയാണ്. എന്‍സിപി എല്‍ഡിഎഫിലെ ഘടകകക്ഷിയാണെന്നും പാലാ വിട്ടുകൊടുക്കില്ലെന്നും കാപ്പനും പാര്‍ട്ടി പ്രസിഡന്റ് പീതാംബരന് മാസ്റ്ററും ഇന്നലെയും ആവര്‍ത്തിച്ചെങ്കിലും മറു നീക്കങ്ങളും സജീവമാണ്. എ.കെ. ശശീന്ദ്രന് വിഭാഗം കാപ്പന്റെ നിലപാടിനെ എതിര്‍ത്ത് രംഗത്തുള്ളതിനാല്‍ നിയമസഭാ സമ്മേളനം കഴിയുന്നതോടെ എന്‍സിപിയില്‍ പിളര്‍പ്പ് അനിവാര്യമാണ്.
പാലാ സീറ്റ് കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം കാപ്പന് വാഗ്ദാനം ചെയ്തിട്ടുള്ള സാഹചര്യത്തില്‍ യുഡിഎഫിലേക്ക് ചേക്കേറാനുള്ള തയാറെടുപ്പുകളായിരിക്കും ഇനി നടക്കുക. ഉമ്മന്‍ ചാണ്ടിയും പി.ജെ. ജോസഫും കാപ്പന്റെ വരവിനെ സ്വാഗതം ചെയ്യുന്നവരാണ്. എന്‍സിപി യുഡിഎഫിലേക്ക് എത്തിയാല്‍ നാല്-അഞ്ച് സീറ്റുകള്‍ വരെ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്‍സിപി ദേശീയ അദ്ധ്യക്ഷന്‍ ശരദ് പവാറിനെ പങ്കെടുപ്പിച്ചുള്ള ചര്‍ച്ചകള്‍ക്കാണ് കാപ്പന് ശ്രമിക്കുന്നത്.
ഇടതുമുന്നണി രൂപീകൃതമായതു മുതല്‍ സിപിഐയുടെ പക്കല്‍ ഇരിക്കുന്ന മണ്ഡലമാണ് കാഞ്ഞിരപ്പള്ളി (പഴയ വാഴൂര്‍). സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് താമസിക്കുന്നതും ഈ മണ്ഡലത്തിലാണ്. കേരളാ കോണ്‍ഗ്രസിനു വേണ്ടി ഈ മണ്ഡലം നല്കുമ്പോള് സിപിഐക്ക് പൂഞ്ഞാര്‍, കൊല്ലം എന്നിവയില്‍ ഏതെങ്കിലുമായിരിക്കും നല്‍കുക.
കേരളാ കോണ്‍ഗ്രസിനെ എല്‍ഡിഎഫില്‍ എത്തിക്കുന്നതിന് ചുക്കാന്‍ പിടിച്ച സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍. വാസവന് വേണ്ടി ഏറ്റുമാനൂര്‍ വിട്ടുനല്‍കും. നിലവില്‍ സിപിഎമ്മിലെ കെ. സുരേഷ് കുറുപ്പ് പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണ് ഏറ്റുമാനൂര്‍. യുഡിഎഫിലായിരുന്നപ്പോള്‍ ഇത് കേരളാ കോണ്‍ഗ്രസിന്റേതായിരുന്നു. അരനൂറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവില്‍ മാണി സി. കാപ്പനിലൂടെ ഇടതു മുന്നണി പിടിച്ചെടുത്ത സീറ്റാണ് പാലാ. അതാണ് കെ.എം. മാണിയുടെ മകന് ജോസ് കെ.മാണിക്കായി മടക്കി നല്കാന് സിപിഎം തീരുമാനിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: