കൊച്ചി: യുഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരിപ്പിച്ചത് 2015 മാര്‍ച്ച് 13.അന്ന് ധനമന്ത്രി കെ.എം. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കാതെ, എല്‍ഡിഎഫ് നിയമസഭ തല്ലിപ്പൊളിച്ചു. ഇന്നത്തെ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനടക്കം, സ്പീക്കറുടെ കസേരയെടുത്തെറിഞ്ഞതുള്പ്പെടെ, 2.20,093 ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച ആ കേസില്‍ പ്രതികളാണ്. മന്ത്രി മാണി ബാര്‍കോഴക്കേസില്‍ ആരോപിതനായതിനാല്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്നായിരുന്നു വിഷയം. എങ്കിലും മാണി സാങ്കേതികമായി ബജറ്റ് അവതരിപ്പിച്ചു. അന്ന് നിയമസഭ തല്ലിപ്പൊളിച്ചതിന് തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ നടക്കുന്ന കേസിന്റെ നമ്പരാണ് സിസി നമ്പര്‍ 790/16. ഈ കേസ് പിന്‍വലിക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ച് പരാജയപ്പെട്ടത്.
പിണറായി വിജയന് സര്‍ക്കാരിനെതിരേ അഴിമതിക്കേസുകളുടെ പരമ്പരയുണ്ട്. ധനമന്ത്രി തോമസ് ഐസക്കിനെതിരേ അഴിമതിയാക്ഷേപങ്ങള്‍ക്കു പുറമേ, സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തിയ കേസ് നിയമസഭാ എത്തിക്സ് കമ്മിറ്റി തീര്‍പ്പാക്കിയിട്ടുമില്ല. ആ സാഹചര്യത്തില്‍ ധനമന്ത്രി ഐസക് ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ യുഡിഎഫ് തയാറാകുമോ. ഐസക് ബജറ്റ് അവതരിപ്പിക്കുന്നതും വെള്ളിയാഴ്ചയാണ്. തെരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന നിയമസഭാ സമ്മേളനമാണ്, ബജറ്റാണ്. യുഡിഎഫ് മറ്റൊരു ‘ക്രിമിനല്‍ കേസിനൊ’ന്നും വഴി തുറന്നേക്കില്ല.
നിയമസഭ നടത്തിക്കൊണ്ടുപോകേണ്ട സ്പീക്കര്‍ തന്നെ തത്ത്വത്തില്‍ ‘പ്രതി’സ്ഥാനത്താണ്. സ്വര്‍ണ-കറന്‍സിക്കടത്ത് കേസുകളിലെ പ്രതി സ്വപ്ന സുരേഷുമായുള്ള, സൗഹാര്‍ദ വിവാദം കൊടുമ്പിരിക്കൊണ്ടിരിക്കുകയാണ്. സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്യുമെന്ന് ഉറപ്പായി. ആരോപിതനായ സ്പീക്കര്‍ നയിക്കുന്ന സഭയിലേക്ക് പ്രതിപക്ഷം സമാധാനപരമായി ചെല്ലുമോ.
ബജറ്റും വോട്ട് ഓണ്‍ അക്കൗണ്ടും നിര്‍ബന്ധമാണെന്നും നടന്നില്ലെങ്കില്‍ ഭരണ സ്തംഭനമുണ്ടാകുമെന്നും സര്‍ക്കാര്‍ വാദിച്ചേക്കാം. എന്നാല്‍, അടുത്ത സാമ്പത്തിക വര്‍ഷം അവസാനിക്കും വരെ രണ്ടിനും സമയമുണ്ട്. അതല്ലെങ്കില്‍ വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കാന്‍ മാത്രമായി സമ്മേളനം ചേരാം. അതുമല്ലെങ്കില്‍ സംസ്ഥാന ബജറ്റും വോട്ട്ഓണ്‍ അക്കൗണ്ടും പാര്‍ലമെന്റില്‍ പാസാക്കാനും വകുപ്പുണ്ട്.
തെരഞ്ഞെടുപ്പിനു മുമ്പ്, ഇല്ലാത്ത നേട്ടങ്ങള്‍ ഉണ്ടെന്ന് പ്രസംഗിപ്പിക്കാനും തെരഞ്ഞെടുപ്പ് വാഗ്ദാന പത്രിക പോലൊരു ബജറ്റ് അവതരിപ്പിക്കാനും പിണറായി സര്‍ക്കാരിന് യുഡിഎഫ് കൂട്ടുനില്‍ക്കുമോ എന്നാണ് കാണേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: