കോഴിക്കോട് : പാലാ സീറ്റ് സംബന്ധിച്ച തര്‍ക്കത്തില്‍ ഇടത് മുന്നണി വിടേണ്ട സാഹചര്യം ഇപ്പോള്‍ എന്‍സിപിക്ക് ഇല്ലെന്ന് മന്ത്രി എ.കെ. ശശീന്ദ്രന്. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
ജോസ് കെ. മാണിപക്ഷം ഇടതില്‍ ചേര്‍ന്നതോടെ പാലാ സീറ്റ് സംബന്ധിച്ച് അഭിപ്രായ വ്യത്യാസങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്ന് എന്‍സിപി യുഡിഎഫിനൊപ്പം പോവുകയാണെന്ന വിധത്തില്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. എന്നാല്‍ ഇത് തള്ളിയ മന്ത്രി എല്‍ഡിഎഫ് വിടേണ്ട സാഹചര്യം ഇപ്പോള്‍ പാര്‍ട്ടിക്കുള്ളില്‍ ഇല്ലെന്നും അറിയിച്ചു.
പാലായില്‍ മത്സരിച്ച് വന്നത് എന്‍സിപിയാണ്. മാണി സി കാപ്പന് പാലാ ആവശ്യപ്പെടാനുള്ള അവകാശം ഉണ്ട്. എന്‍സിപി ഇടത് മുന്നണി വിടുകയാണെന്നത് സംബന്ധിച്ച് ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ അനവസരത്തിലാണ്. ഇത് സംബന്ധിച്ച് വരുന്ന വാര്‍ത്തകള്‍ക്കൊന്നും ഒരു അടിസ്ഥാനവും ഇല്ല. ഇടതുമുന്നണിക്കപ്പുറം ഒരു മുന്നണി മാറ്റം ചര്‍ച്ച ചെയ്യേണ്ട രാഷ്ട്രീയ സാഹചര്യം കേരളത്തില്‍ ഉണ്ടെന്ന് ആരും കരുതുന്നില്ല. അതുകൊണ്ട് തന്നെ അത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: