ചെന്നൈ:എഐഎംഐഎം നേതാവ് അസാസുദ്ദീന്‍ ഒവൈസിയെ തെരഞ്ഞെടുപ്പ് യോഗത്തിലേക്ക് ക്ഷണിക്കുക വഴി പ്രാദേശിക മുസ്ലിം നേതാക്കളുടെ വിമര്‍ശനം ഏറ്റുവാങ്ങി ഡിഎംകെ.
ജനവരി ആറിന് നടക്കാനിരിക്കുന്ന പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ യോഗത്തില്‍ പങ്കെടുക്കാനാണ് ഡിഎംകെ ഒവൈസിയെ ക്ഷണിച്ചത്. എന്നാല്‍ സംഗതി വിവാദമായതോടെ പിന്നീട് ഡിഎംകെയ്ക്ക് വാര്‍ത്ത പിന്നീട് നിഷേധിക്കേണ്ടി വന്നു.
ഡിഎംകെയുടെ ന്യൂനപക്ഷ ക്ഷേമ വിഭാഗം സെക്രട്ടറി ഡോ. ഡി. മസ്താനും എഐഎംഐഎം തമിഴ്നാട് ഘടകം പ്രസിഡന്റ് വക്കില്‍ അഹമ്മദും ചേര്‍ന്നാണ് അസാസുദ്ദീന്‍ ഒവൈസിയെ യോഗത്തിലേക്ക് ക്ഷണി ച്ചത്. ഡോ. ഡി.മസ്താന് ഒവൈസിയുമായി കൂടിക്കാഴ്ച നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പ്രശ്നങ്ങള്‍ തുടങ്ങിയത്. ഇതേ തുടര്‍ന്ന് ഡിഎംകെ ഒവൈസിയുമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കുമെന്ന വാര്‍ത്ത പ്രചരിയ്ക്കാന്‍ തുടങ്ങി. പിന്നാലെ ഡിഎംകെയെ പിന്തുണയ്ക്കുന്ന പ്രാദേശിക മുസ്ലീം നേതാക്കളും മറ്റു പലരും ഈ നീക്കത്തെ പരസ്യമായി എതിര്‍ത്ത് രംഗത്തെത്തി. ഇതോടെ ഒവൈസിയെ പാര്‍ട്ടിയുടെ ന്യൂനപക്ഷ വിഭാഗങ്ങളുടെ യോഗത്തിലേക്ക് ക്ഷണിച്ചതായുള്ള വാര്‍ത്ത നിഷേധിച്ച് ഡിഎംകെ തടിയൂരുകയായിരുന്നു. സഖ്യകക്ഷികളുടെ നേതാക്കളെ മാത്രമാണ് യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നതെന്ന വിശദീകരണമാണ് ഡിഎംകെ നല്‍കിയത്.
ബീഹാറില്‍ ആര്‍ജെഡിയുടെ തോല്‍വിയ്ക്ക് കാരണം ഒവൈസി മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ചതാണെന്ന് ആരോപണം ഉയര്‍ന്നിരുന്നു
ഇസ്ലാമിക മൗലികവാദ നിലപാടിലൂടെ അതിവേഗം മുസ്ലിം ജനവിഭാഗത്തിനിടയില്‍ അതിവേഗം വേരുകളാഴ്ത്തിക്കൊണ്ടിരിക്കുന്ന എഐഎംഐഎമ്മും ഈ പാര്‍ട്ടിയുടെ നേതാവ് ഒവൈസി അസാസുദ്ദീനും മാധ്യമങ്ങളില്‍ നിറയുകയാണ്. ബീഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീമാഞ്ചല്‍ മേഖലയില്‍ അഞ്ച് സീറ്റുകളും നേടി ഒവൈസിയുടെ പാര്‍ടി ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചിരുന്നു. ഈ വിജയത്തിളക്കത്തില്‍ ഇപ്പോള്‍ തമിഴ്നാട് നിയമസഭാതിരഞ്ഞെടുപ്പി്ല് കൂടി കണ്ണു നടുകയാണ് ഒവൈസി.
എഐഎംഐഎം തമിഴ്നാട് ഘടകം പ്രസിഡന്റ് വക്കില്‍ അഹമ്മദ് ഡിഎംകെ യോഗത്തിലേക്ക് ഒവൈസിയെ ക്ഷണിച്ച വിവരം ന്യൂ ഇന്ത്യന്‍ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. തമിഴ്നാട്ടില്‍ 25 സ്ഥാനാര്‍ത്ഥികളെയെങ്കിലും മത്സരരംഗത്ത് കളത്തിലിറക്കാനും കമല്‍ ഹാസന്റെ മക്കള്‍ നീതി മയ്യവുമായി സഖ്യത്തിലേര്‍പ്പെടാനും ഒവൈസി കണക്കുകൂട്ടുന്നുണ്ട്. നേരത്തെ ഡിഎംകെയുമായി സഖ്യത്തിലേര്‍പ്പെടാനുള്ള നിര്‍ദേശം ഒവൈസി മുന്നോട്ട് വെച്ചിരുന്നതായി അറിയുന്നു. എന്നാല്‍ അനുകൂല തീരുമാനമില്ലാത്തതിനാല്‍ അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. തമിഴ്നാട്ടില്‍ 2011ലെ സെന്‍സസ് കണക്ക് പ്രകാരം 5.86 ശതമാനം മുസ്ലിങ്ങള്‍ ഉണ്ട്. ഇപ്പോഴത്തെ കണക്ക് പ്രകാരം ഇത് 7 ശതമാനമായി ഉയിര്ന്നിരിക്കാമെന്ന് കണക്കുകൂട്ടുന്നു. വെല്ലൂര്‍, റാണിപെട്ട്, തിരുപ്പത്തൂര്‍, കൃഷ്ണഗിരി, രാമനാഥപുരം, പുതുക്കോട്ടൈ, തിരുച്ചി, മധുരൈ, തിരുനെല്‍വേലി എന്നീ ജില്ലകളിലാണ് മുസ്ലിം ജനസംഖ്യ കൂടുതലായുള്ളത്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗും മനിതനേയ മക്കള്‍ കച്ചി (എംഎംകെ) എന്നിവരാണ് തമിഴ്നാട്ടിലെ മുസ്ലിങ്ങളെ പ്രതിനീധീകരിക്കുന്ന രണ്ട് ന്യൂനപക്ഷ പാര്‍ട്ടികള്‍. ഇന്ത്യന്‍ നാഷണല്‍ ലീഗ്, മനിതനേയ ജനനായക കച്ചി, ഓള് ഇന്ത്യ മുസ്ലിംലീഗ്, തമിഴ്നാട് തൗഹീദ് ജമാത്ത് എന്നീ ചെറിയ പാര്‍ട്ടികളും മത്സരരംഗത്തെ സാന്നിധ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: