സന്ധ്യാ ജലേഷ്
ഗ്രാമത്തിന്റെ സ്വച്ഛതയില്‍ പച്ചപ്പിന്റെ മേലാപ്പണിഞ്ഞ ദൃശ്യഭംഗിയാണ് ധീരതകൊണ്ട് ഇന്നും യശസ്സുയര്‍ത്തി നില്ക്കുന്ന പഴയ നാട്ടുരാജ്യമായ വള്ളുവനാടിന്!
വള്ളുവനാട്ടിലെ പാടങ്ങളും പുഴകളും നവ്യാനുഭൂതിയാണ് തരുന്നത്.
വയലുകളില്‍ കൊക്കുകളുടെ നീണ്ട നിര, നിറയെ കായകളുമായി വാളന്‍പുളി മരങ്ങള്‍, ശിശിരത്തെ വകവയ്ക്കാതെ നിറയെ പൂത്തുലഞ്ഞു നില്ക്കുന്ന കൊന്നകള്‍, ആല്‍മരങ്ങളുടെ തൂങ്ങിനില്‍ക്കുന്ന നീണ്ട വള്ളികള്‍, വീടുകളിലെ, ചാണകം മെഴുകിയ മുറ്റങ്ങളും, കുടുംബ കാവുകളും…
വയലുകള്‍ക്ക് നടുവിലായി കുളങ്ങളോട് ചേര്‍ന്ന നമസ്കാര പള്ളികള്‍.
വള്ളുവനാടന്‍ ഗ്രാമങ്ങളുടെ ഹൃദയത്തുടിപ്പുകളറിഞ്ഞ് ഹൃദ്യമായ കാഴ്ചകളുടെ മാറിലൂടെ ഒറ്റപ്പാലത്തിനടുത്ത് കൂനത്തറയിലുള്ള, ആളില്ലാതെ, ചിതലരിച്ചും ഇടിഞ്ഞുവീണും മണ്ണായി മാറിക്കൊണ്ടിരിക്കുന്ന കവളപ്പാറ കൊട്ടാരത്തിലേക്ക്.
96 ദേശങ്ങളുടെ സര്‍വാധിപതിയായിരുന്ന കവളപ്പാറ സ്വരൂപത്തിലെ മൂപ്പില്‍ നായരുടെ അടിത്തറ ക്ഷയിച്ചുപോയ പുരാതനമായ കൊട്ടാരത്തിലാണ് എത്തിച്ചേര്‍ന്നിരിക്കുന്നത്.
ആയിരത്തിലേറെ വര്‍ഷം പഴക്കമുള്ള കവളപ്പാറ സ്വരൂപത്തിന്റെ ചരിത്ര പ്രാധാന്യം മലബാര്‍ മാന്വവലില്‍ വില്യം ലോഗന് രേഖപ്പെടുത്തിയിട്ടുണ്ട്.
നായര്‍ നാടുവാഴികളുടെ സ്വരൂപമായിരുന്ന ഉന്നതിയിലായിരുന്ന ഈ കൊട്ടാരം മക്കത്തായ മരുമക്കത്തായതര്ക്കങ്ങളില്പ്പെട്ട് അമ്പത് വര്‍ഷമായി റിസീവര്‍ ഭരണത്തിലാണ്.
കൊട്ടാരത്തിനു ചുറ്റിനും കാടുമൂടിയിരിക്കുന്നു. കൊട്ടാരത്തിന്റെ പത്തിലൊരംശമേ ഇപ്പോള്‍ ബാക്കിയുള്ളൂ. പൊളിഞ്ഞു കിടന്ന കാവ് മാത്രം പുതുക്കിപ്പണിതിരിക്കുന്നു.
കണ്മുന്നില് ചരിത്ര സ്മാരകം ദ്രവിച്ചില്ലാതാകുന്നത് വേദനയോടെ വീക്ഷിച്ചു കൊണ്ട് ആകെ ഇടിഞ്ഞു പൊളിഞ്ഞ് തടിയും ചിതലും മരക്കഷണങ്ങളുമായി പ്രേതാലയം പോലെ ചുറ്റിനും കാടുപിടിച്ചു കിടക്കുന്ന കൊട്ടാര മുറ്റത്തേക്ക് പ്രവേശിച്ചു.
കുറ്റിമരങ്ങളും വള്ളിപ്പടര്‍പ്പുകളും. സര്‍പ്പക്കാവിലേക്ക് നടന്നു. പാമ്പുകളുടെ മാളങ്ങള്‍ അവിടവിടെയായി കണ്ടു. കൊട്ടാരത്തിന്റെ ഭാഗമായി ഉണ്ടായിരുന്ന അഷ്ടകോണ്‍ മന്ദിരം, കുളപ്പുരമാളിക, പടിപ്പുര കച്ചേരി എന്നിവ പൂര്‍ണ്ണമായി മണ്ണടിഞ്ഞുകഴിഞ്ഞിരിക്കുന്നു.
കൊട്ടാരത്തിന്റെ മുന്‍ ഭാഗവും ജരാനര ബാധിച്ച് ചുളിഞ്ഞുപോയ ഊട്ടുപുരയും മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ. വളപ്പിലെ പായല്‍നിറഞ്ഞ കിണറുകളെല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുന്നു. വവ്വാലുകള്‍ക്കും പക്ഷികള്‍ക്കും ഷഡ്പദങ്ങള്‍ക്കും ചേക്കേറാനുള്ള വാസസ്ഥലമായിരിക്കുന്നു. കുറച്ചു നാള് കൂടി കഴിഞ്ഞാല്‍ പൂര്‍ണ്ണമായും ഈ കൊട്ടാരം നിലംപതിക്കും.
ഒരുകാലത്ത് പ്രജകള്‍ക്ക് അറിവിന്റെ വെളിച്ചം പകര്‍ന്നുനല്‍കിയിരുന്ന കൊട്ടാരവളപ്പ് അവഗണനയുടെ, അനാഥത്വത്തിന്റെ, പിടിയിലകര്ന്ന് കാലാഹരണപ്പെട്ടു പോവുകയാണ്.
അധികാരത്തിന്റെ ആജ്ഞകള്‍ കേട്ട് തഴമ്പിച്ച ശിലകളും ചുമരുകളുമുള്ള കൊട്ടാരമിപ്പോള്‍ സാമൂഹ്യവിരുദ്ധരുടേയും അനാശാസ്യപ്രവര്‍ത്തനങ്ങളുടേയും കേന്ദ്രമായി മാറിയിരിക്കുകയാണ്.
ചരിത്രം ആര്‍ക്കും വേണ്ടാതെ ഇവിടെ ചിതലരിക്കുന്നത് ദൈന്യതയോടെ നോക്കി നില്ക്കുമ്പോള് നാട്ടുകാരനായ കുഞ്ഞാപ്പു ചേട്ടന് ജരാനരകള്‍ കയറിയ ശരീരവുമായി പ്രാഞ്ചി പ്രാഞ്ചി അടുത്തേക്കു വന്നു.
കുഞ്ഞാപ്പു ചേട്ടനോട് കൊട്ടാരത്തിനെക്കുറിച്ച് ആകാംക്ഷയോടെ ചോദിച്ചു.
നാഗ കന്യകമാര്‍ കൊട്ടാരവളപ്പിന് കാവല്‍ നില്‍ക്കുന്നുവെന്ന് ഇപ്പോഴും വിശ്വസിക്കുന്നവരാണിവിടെയുള്ളവര്! കുഞ്ഞാപ്പു ചേട്ടന് ഓര്‍മ്മകളില്‍ തട്ടി പറഞ്ഞു തുടങ്ങി.
സര്‍പ്പദംശനമേറ്റ തൃപ്പൂണിത്തുറ കോവിലകത്തെ തമ്പുരാന് മരിച്ചെന്ന് തീര്‍പ്പു കല്പ്പിച്ചു. ജോതിഷ പണ്ഡിതനും വിഷഹാരിയുമായ മൂപ്പില്‍ നായരുടെ നിര്‍ദ്ദേശ പ്രകാശം തമ്പുരാനെ കവളപ്പാറ കൊട്ടാരത്തിലെത്തിച്ചു. ഇവിടത്തെ നാഗകന്യകയ്ക്കു തളിച്ച തീര്‍ത്ഥജലമെടുത്ത് തളിച്ചു മൂപ്പില്‍ നായര്‍ തമ്പുരാന്റെ ദീനം മാറ്റി.
കോഴിക്കോട് സാമൂതിരിക്കു ദീനം വന്നപ്പോള്‍ 101 പറയുടെ അപ്പം നാഗകന്യകയ്ക്കു നേരുകയും നാടുനീളെ വിതരണം ചെയ്യുകയുമുണ്ടായി.
ഏകദേശം 400 വര്‍ഷം മുമ്പാണ് കവളപ്പാറയില്‍ തോല്‍പ്പാവക്കൂത്ത് ആരംഭിച്ചത്. സന്താനങ്ങളില്ലാതെ മൂപ്പില്‍നായര്‍ പരമ്പര വംശം മുടിയും എന്ന നില വന്നപ്പോള്‍ പരിഹാരത്തിനായി അന്നത്തെ മൂപ്പില്‍നായര്‍ തഞ്ചാവൂരില്‍നിന്നും മധുരയില്‍ നിന്നും കലാകാരന്മാരെ കൊണ്ടുവന്നാണ് കവളപ്പാറയില്‍ തോല്പാവക്കൂത്ത് തുടങ്ങിയത്. ഈ കലാകാരന്മാരുടെ പിന്മുറക്കാര് ഇന്നും കവളപ്പാറയ്ക്ക് സമീപമുള്ള കൂനത്തറയില്‍ താമസിക്കുന്നുണ്ട്.
ആരിയങ്കാവ് ക്ഷേത്രത്തിലെ പൂരത്തിന് മുന്നോടിയായി ക്ഷേത്രം കൂത്തുമാടത്തില്‍ ഇവര്‍ തോല്‍പ്പാവക്കൂത്ത് അവതരിപ്പിക്കാറുണ്ട്.
12 വര്‍ഷം കൂടുമ്പോള്‍ തിരുനാവായ മണപ്പുറത്തു വച്ച് നടത്തുന്ന മാമാങ്കത്തില്‍ കവളപ്പാറ നായര്‍ പടയാളികള്‍ പങ്കെടുത്തിരുന്നു.
കവളപ്പാറ കൊട്ടാരത്തിലെ കല്ലറയെക്കുറിച്ച് പറയുമ്പോള്‍ കുഞ്ഞാപ്പു ചേട്ടന്റെ മുഖത്ത് ഭീതി കണ്ടു കല്ലറയുടെ താക്കോല്‍ സ്ഥിരമായി സൂക്ഷിച്ചിരുന്നത് മൂപ്പില്‍ നായരായിരുന്നു. രാജ്യദ്രോഹം, ബലാല്‍സംഗം, കൊലപാതകം തുടങ്ങി നിഷ്ഠുര പ്രവര്‍ത്തകള്‍ ചെയ്യുന്നവരെ ദേഹമാസകലം ചാട്ടവാറു കൊണ്ടടിച്ച് മുറിവില്‍ ഉപ്പും മുളകുപൊടിയും വിതറി ഈ കല്ലറയിലേക്ക് തള്ളും. വായു കടക്കാത്ത കല്ലറയില്‍ കിടന്ന് ശ്വാസം കിട്ടാതെ പിടഞ്ഞ് മരിക്കും.
വാണിയംകുളം കന്നുകാലിച്ചന്ത പാട്ടത്തിനെടുത്ത ധനികനായ പത്താന്റെ മകന്റെ കൂടെ സ്വരൂപത്തിലെ ഒരു പെണ്‍കുട്ടി ഒളിച്ചോടുകയും, കൊട്ടാരത്തിലെ കുതിരപ്പടയാളികള്‍ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനില്‍ വച്ച് അയാളെ പിടിച്ച് കെട്ടുകയും കല്ലറയില്‍ തള്ളുകയുമുണ്ടായി. കൊട്ടാരത്തിന്റെ കിണറ്റിലും സര്പ്പക്കാവിലുമൊക്കെ ധാരാളം ദുര്‍മരണങ്ങള്‍ നടന്നിട്ടുണ്ട്. അതൊക്കെ പറയാന്‍ രണ്ടു ദിവസം വേണ്ടിവരുമെന്ന് പറഞ്ഞ് കുഞ്ഞാപ്പു ചേട്ടന് പറഞ്ഞു നിര്‍ത്തി.
പുരാവസ്തു വകുപ്പും സാംസ്കാരിക വകുപ്പും ഇടപെട്ടാല്‍ ഈ ചരിത്രസ്മാരകത്തിന് പുനര്‍ജീവനേകാന്‍ കഴിയും. പുതുതലമുറയ്ക്കു വേണ്ടി അധികാരികള്‍ കണ്ണു തുറക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: