ശ്രീഹര്ഷന്
ചെറുതായി മയങ്ങിപ്പോയിരുന്നു. കണ്ണുതിരുമ്മിയെഴുന്നേറ്റു. കര്ട്ടന് മാറ്റി ജില്ലുജാലകം തുറന്നു. മഞ്ഞവെയില്‍.
മേഘരഹിതമായ ആകാശനീലിമയില്‍ തലയുയര്‍ത്തി നില്ക്കുന്ന ധവളഗോപുരം. പുരിജഗന്നാഥക്ഷേത്രത്തിന്റ ഗര്‍ഭഗൃഹം. ഗോപുരമുകളില്‍ മഹാവിഷ്ണുവിന്റെ സുദര്‍ശനം. അതില്‍ അഗ്നിജ്വാലകള്‍ പോലെ ഇളകിയാടുന്ന ധ്വജധോരണി.
നാഴികമണി നാലടിച്ചു. മുറിപൂട്ടി പുറത്തിറങ്ങി. താക്കോല്‍ റിസപ്ഷനില്‍ കൊടുത്ത് ഹോട്ടലിന്റെ പടിയിറങ്ങി.
അരുണസ്തംഭത്തിനു മുന്നില്‍ ചെറിയൊരു ക്യൂ. മഹാനായ ശിവജി കൊണാറക്കില്നിന്നു ഇവിടേക്ക് മാറ്റിസ്ഥാപിച്ചതാണത്രേ ഈ അരുണസ്തംഭം.
ക്യൂ മുന്നോട്ടുനീങ്ങുന്നു. മുഖകവാടത്തിലെ കാവല്ക്കാരന് ആളുകളെ പരിശോധിച്ച് കടത്തിവിടുകയാണ്. മൊബൈല്‍ഫോണ്‍, ക്യാമറ, ചെരുപ്പ്, ബല്‍റ്റ് എന്നിവ മുറിയില്‍ വച്ചത് നന്നായി.
അകത്തേക്കു കടന്നു. ഇരുവശത്തുനിന്നും പണ്ഡകള് മാടിവിളിക്കുകയാണ്.
”ആയിയേ.. ബൈഠിയേ…”
രാവിലെ മഹേഷ് മഹാപത്ര പറഞ്ഞത് ഓര്‍മ്മ വന്നു. ”സാബ് ധ്യാന്‍ രക്കിയേ. പണ്ഡോം കോ ബെവക്കൂഫ് ബനേയാ ജീഗാ.” പണ്ഡകളെ അവഗണിച്ച് നടന്നു.
വശത്തെ ടാപ്പില്‍നിന്ന് കൈകാലുകളും മുഖവും കഴുകി. നനഞ്ഞ കാലുകള്‍ നിലത്തെ ശിലാപാളികളെ സ്പര്‍ശിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ശിലകള്‍. ഗംഗാസാമ്രാജ്യാധിപതിയായ അനന്തവര്‍മന്‍ പണികഴിപ്പിച്ച ക്ഷേത്രം. പന്ത്രണ്ടാം നൂറ്റാണ്ടില്‍. പുരുഷോത്തമജഗന്നാഥക്ഷേത്രം.
1230 ല്‍ രാജാ അനംഗഭീമന്‍ മൂന്നാമന് ഈ ശിലകളില്‍ ചവുട്ടിനിന്നാണ്് സാമ്രാജ്യം ജഗന്നാഥന് സമര്‍പ്പിച്ചത്. ദേവദാസനായി ഭരണം തുടര്‍ന്നു.
മുപ്പത്തിയേഴായിരം ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയത്തില്‍ ഏതാണ്ട് നൂറ്റി ഇരുപത് ക്ഷേത്രങ്ങള്‍ ഉണ്ടത്രേ. മുഖമണ്ഡപം,
ഭോഗമണ്ഡപം, നടനമണ്ഡപം, പ്രാര്‍ഥനാമണ്ഡപം, ഗര്‍ഭഗൃഹം എന്നിങ്ങനെ അഞ്ച്് ഭാഗങ്ങളുണ്ട് പ്രധാനക്ഷേത്രത്തിന്. അഞ്ച്് ഗോപുരങ്ങളും.
നടനമണ്ഡപത്തിന്റെ പടികള്‍ ചവുട്ടിക്കയറവേ മുന്നില്‍ ആജാനബാഹുവായ ഒരു വൃദ്ധന്. പാറിപ്പറക്കുന്ന നരച്ച മുടി. വാരിച്ചുറ്റിയ മുഷിഞ്ഞ വെള്ളവസ്ത്രം. രോമാവൃതമായ മുഖത്ത് മിന്നുന്ന ഗോലികള്‍ പോലെ രണ്ടു കണ്ണുകള്‍. അയാള്‍ ഇടംകൈകൊണ്ട് എന്റെ വലതുകൈയില്‍ കയറിപ്പിടിച്ചു. മടിക്കുത്തില്‍നിന്ന് ഒരുപിടി ചോറുവാരി എന്റെ കൈവെള്ളയിലിട്ടു.
”കാഓ”
ഞാന്‍ വിരണ്ട് അമ്പരന്ന് നിന്നുപോയി. ”കാഓന്നാ” അയാള്‍ അലറി. ആ കണ്ണുകളില്‍ തീപറക്കുന്നു. തെറിച്ച തുപ്പല്ച്ചാറുകള് എന്റെ ശിരസ്സിലും മുഖത്തും അഭിഷേകം ചെയ്തു.
പെട്ടെന്ന് ശാന്തനായി. എന്റെ പുറത്തുതട്ടി പതുക്കെ പറഞ്ഞു. ”കാഓ ബേട്ടാ കാഓ. മേരാ പ്രസാദ് ഹെ. ജഗന്നാഥ് മഹാരാജ് കാ പ്രസാദ് ഹെ. കോഓന്നാ.” ഇതുകൈകളും വേഗത്തില്‍ വീശി കാലുകള്‍ വേച്ചുവലിച്ച് ആ അവധൂതന് നടന്നുനീങ്ങി.
കൈയിലെ വെളുത്ത ചോറിലേക്കു നോക്കി ഞാന്‍ അനങ്ങാതെ നില്‍പ്പാണ്. വൃത്തിഹീനമായ വസ്ത്രത്തില്‍ പൊതിഞ്ഞ ചോറ്. അഴുക്കുപുരണ്ട കൈകൊണ്ട് വാരിത്തന്ന ചോറ്. അശുദ്ധികളെ സംബന്ധിച്ച ശങ്കകള്‍ക്ക് ഒറ്റ ഉത്തരമേയുള്ളൂ. വിശ്വാസം. ജഗന്നാഥനിലുള്ള വിശ്വാസം.
ഞാന്‍ ചോറ് വായിലിട്ടു. ചവച്ചിറക്കി. ഉച്ചയ്ക്ക് മഹേഷിന്റെ ഭാര്യ സുമിത വിളമ്പിത്തന്ന ജഗന്നാഥപ്രസാദത്തിന്റെ അതേ രുചി.
തിളച്ചുപതഞ്ഞുപൊങ്ങിവരുന്ന കഞ്ഞിവെള്ളം പോലെ പിന്നില്‍നിന്ന് വലിയൊരു ഭജനസംഘം പടികള്‍ കയറിവരുന്നു. ധവളവസ്ത്രധാരികള്. സ്ത്രീകളും കുട്ടികളും വൃദ്ധരും എല്ലാമുണ്ട്. ഒരു കുത്തിയൊഴുക്ക്. അതില്‍പ്പെട്ട് തട്ടിയും തടഞ്ഞും മുന്നോട്ടുനീങ്ങി.
”ജഗന്നാഥ് മഹാരാജ് കീ ജയ്” എന്ന ആരവം മുന്നോട്ട് അലച്ചുനീങ്ങുന്നു. കൈകളുയര്‍ത്തി. ഉടലുകള്‍ ഉലച്ച്. അങ്ങോട്ടുമിങ്ങോട്ടും തള്ളി. പ്രാര്ഥനാമണ്ഡപത്തിലെ വേലിയഴികള്ക്കിടയിലൂടെ കുതിച്ചൊഴുകുന്ന ജലധാരപോലെ ഭക്തജനപ്രവാഹം ശ്രീകോവിലിനു
ള്ളിലേക്ക് പ്രവേശിക്കുകയാണ്. തള്ളിത്തള്ളി മുന്നിലേക്കെത്തി.
ജഗന്നാഥന് ആരതിയാണ്. വിഗ്രഹത്തിന് തൊട്ടടുത്തു നില്ക്കാം. ഭക്തനും മൂര്ത്തിക്കുമിടയില് ഇടനിലക്കാരനില്ല. പൂജാരികള്‍ ഓതിത്തരുന്ന മന്ത്രങ്ങള്‍ സ്വയം ഉരുവിടുക.നെയ് വിളക്കും പൂജാദ്രവ്യങ്ങളും സമര്‍പ്പിച്ച് ആരതിയുഴിയുക. ആഗ്രഹങ്ങളും ആവലാതികളും പറഞ്ഞ് ജഗന്നാദപാദം തൊട്ടു വണങ്ങി നീങ്ങുക.
ഒന്നുചേര്‍ന്ന ത്രിമൂര്ത്തീവിഗ്രഹങ്ങള്. വലത്ത്് ബലഭദ്രന്. നടുവില്‍ സുഭദ്ര. ഇടത്ത് ജഗന്നാഥന് (കൃഷ്ണന്). ദാരുശില്‍പ്പങ്ങളാണ്. വെളുത്ത ചായം പൂശിയ ആറടി ഉയരമുള്ളതാണ് ബലഭദ്രവിഗ്രഹം. കൃഷ്ണവിഗ്രഹം കറുത്ത നിറത്തില്‍ അഞ്ചടി ഉയരത്തില്‍. സുഭദ്രയുടേത് നാലടി ഉയരവും മഞ്ഞ നിറത്തിലും.
വര്‍ണാഭമായ വസ്ത്രാലങ്കാരം. പത്മവേഷം. ബലഭദ്രനും കൃഷ്ണനും ചെവിഭാഗത്തുനിന്ന് കൈകളുണ്ട്. എന്നാല്‍ സുഭദ്രയുടേത് മുഖം മാത്രമാണ്.
പന്ത്രണ്ടോ ഇരുപത്തിനാലോ വര്‍ഷം കൂടുമ്പോള്‍ പുനര്‍നിര്‍മ്മിക്കുമത്രേ. ആദ്യത്തെ വിഗ്രഹം പണിതത് മഹാവിഷ്ണു നേരിട്ടാണെന്നാണ് ഐതിഹ്യം.
ഇന്ദ്രദ്യുമ്നരാജാവിനു വേണ്ടി കുറേ ബ്രാഹ്മണര്‍ മഹാവിഷ്ണുവിനെ അന്വേഷിച്ചുപോയി. ഒരാള്‍ക്കു മുമ്പില്‍ നീലരത്നത്തില് ജഗന്നാഥന് പ്രത്യക്ഷമായി. രാജാവിനെ വിവരമറിയിച്ചു. രാജാവ് സ്ഥലത്തെത്തിയപ്പോള്‍ ദേവദര്‍ശനം ലഭിച്ചില്ല. പ്രാര്ഥനാനിരതനായ രാജാവിന് ഒരു അശരീരിയുണ്ടായി. ചില അടയാളങ്ങളുള്ള ഒരു മരത്തടിയുടെ രൂപത്തില്‍ വിഷ്ണു പ്രത്യക്ഷമാകും.
ഭാര്ഗവിനദിയിലെ വെള്ളപ്പൊക്കത്തില്‍ പുരിയില്‍ ഒരു മരത്തടി ഒലിച്ചെത്തി. മഹാരാജാവ് വിളിച്ചുവരുത്തിയ തച്ചന്മാരുടെ ഉളികള്‍ ഈ മരത്തടിയോടു പരാജയപ്പെടുകയാണുണ്ടായത്.
പെട്ടെന്ന് കയറി വന്ന ഒരു തച്ചന് മരത്തടിയുമായി ഒരു മുറിയില്‍ കയറി വാതലടച്ചത്രേ. പതിനഞ്ചു ദിവസം കഴിഞ്ഞ് മുറി തുറന്നപ്പോള്‍ പത്മവേഷത്തിലുള്ള മൂന്ന് വിഗ്രഹങ്ങള്‍. തച്ചനെ കാണാനില്ല. ”തച്ചന് ഞാന്‍ തന്നെ:” ഒരു അശരീരി മാത്രം.
ആര്യവേപ്പാണ് വിഗ്രഹനിര്മ്മാണത്തിനെടുക്കാറ്. നിഴല്‍ വീഴ്ത്താത്ത മരം. പക്ഷികളോ മൃഗങ്ങളോ കൂടുവയ്ക്കാത്തവ. അടിയില്‍ സര്‍പ്പങ്ങള്‍ വസിക്കുന്നവ. മരത്തൊലിക്കടിയില് സുദര്‍ശനത്തിന്റെയും ശംഖിന്റെയും അടയാളവും വേണം.
ആരതിയില്‍ നിറഞ്ഞ് തിളങ്ങുന്ന മൂര്‍ത്തികള്‍. മഹേഷ് മഹാപത്ര വരച്ച പടചിത്രയുടെ അതേ ഭംഗി. അതേ ചൈതന്യം.
വിഗ്രഹത്തിന്റെ പാദത്തില്നനന്ന് ചെറിയൊരങ്കി എന്റെ കഴുത്തില്‍. തങ്കക്കസവുനൂലിഴകള് കോര്‍ത്ത മഞ്ഞപ്പട്ടുതുണി. അത് കഴുത്തിലണിയിച്ച പൂജാരി എനിക്കുനേരെ കൈനീട്ടി.
കീശയില്‍നിന്ന് കൈയില്‍ത്തടഞ്ഞ നോട്ടെടുത്ത് കൊടുത്തു. ദക്ഷിണ. അയാള്‍ അനുഗ്രഹിച്ചോ ഇല്ലയോ എന്നറിയുന്നതിനു മുമ്പേ പിറകിലെ ആള്‍ക്കൂട്ടം എന്നെത്തള്ളി നീക്കി.
ശ്രീകോവിലില്‍നിന്ന് തെക്കെ വാതിലൂടെ പുറത്തിറങ്ങി. ഭിത്തികളില്‍ അസാമാന്യമായ ശില്പ്പചാതുരി. ഒരു മരച്ചുവട്ടിലേക്ക് നീങ്ങിനിന്നു.
മുന്നില്‍ തലയുയര്ത്തിനില്ക്കുന്ന കുഭഗോപുരം. ഇരുനൂറ്റി പതിനാലടി ഉയരമുള്ള അദ്ഭുതനിര്മ്മിതി.
മുകളിലെ സുദര്‍ശനചക്രത്തിന് ഒരു ടണ്ണിലേറെ ഭാരമുണ്ടത്രേ. ഇത്രഭാരം ഇത്ര ഉയരത്തിലെത്തിക്കാന്‍ പന്ത്രണ്ടാം നൂറ്റാണ്ടിന്റെ സാങ്കേതികവിദ്യ എന്താവാം? അന്തംവിട്ട് കുന്തം വിഴുങ്ങിയമാതിരി നില്പ്പേ നിര്‍വാഹമുള്ളൂ.
ഒരാള്‍ ഗോപുരമുകളിലേക്ക് കയറിപ്പോകുകയാണ്. നീണ്ടവൃക്ഷത്തലപ്പിലേക്ക് ചാടിക്കയറുന്ന കുരങ്ങന്റെ ചാതുരിയോടെ. ചക്രത്തിനു മുകളിലെത്തി അയാള്‍. കൊടിക്കൂറ മാറ്റിക്കെട്ടുകയാണ്. തോരണം പോലെ കോര്‍ത്തു കെട്ടിയ പലവര്ണധ്വജങ്ങള്. തീനാളങ്ങള്‍ പോലെ.
ഏറ്റവും മുകളിലേതിതിന് നീളക്കുടുതലുണ്ട്. താഴോട്ടു വരുംതോറും നീളം കുറഞ്ഞുവരും. കെട്ടിക്കഴിഞ്ഞ് അതിവേഗം അയാളിറങ്ങി.
ഈ ധ്വജങ്ങള്‍ കാറ്റിന്റെ എതിര്ദിശയിലാണത്രേ പറക്കുക. ഈ കുഭഗോപുരം ഏതുവെയിലിലും നിഴല്‍ വീഴ്ത്തില്ലത്രേ. ഈ ചക്രം നഗരത്തിന്റെ ഏതുഭാഗത്തുനിന്നുനോക്കിയാലും ഒരേപോലെയാണത്രേ കാണുക. ഈ ക്ഷേത്രസമുച്ചയത്തിനു മുകളിലൂടെ പക്ഷികള്‍ പറക്കില്ലത്രേ. ഈ ക്ഷേത്രത്തില്‍ എത്രപേര്‍ വന്നാലും ഉണ്ടാക്കിയ ഭക്ഷണം പോരാതാവുകയോ ബാക്കിയാവുകയോ ഇല്ലത്രേ.
വിശ്വാസങ്ങളാണ്. തലമുറകള്‍ കൈമാറിക്കൈമാറി വരുന്ന വിശ്വാസങ്ങള്‍. ജനപരമ്പരകളുടെ വികാരത്തിലും വിചാരത്തിലും നിറഞ്ഞ വിശ്വാസങ്ങള്‍. മിത്തിലും ഐതീഹ്യത്തിലും പിറവികൊണ്ടവ. ചരിത്രവഴികളില്നിന്നും കെട്ടുകഥകളില്‍നിന്നും വെള്ളവും വളവും വലിച്ചെടുത്ത് തിടംവെച്ചവ.
ജീവിതവും ഭക്തിയും സമര്‍പ്പണവും ഇഴപിരിക്കാനാവാത്തവിധം കൂടിക്കലര്‍ന്ന വിശ്വാസഗതികള്. ഉണ്മയെന്നോ പൊയ്യ്യെന്നോ പരീക്ഷണത്തിന് ആരും മുതിരാറില്ല. യുക്തിയുടെ മുഴക്കോല്‍കൊണ്ട് വിശ്വാസങ്ങളെ എങ്ങനെ അളക്കും!!
പ്രാര്‍ഥനയുടെ ആരവങ്ങള്‍ ഏറുകയും കുറയുകയും ചെയ്തുകൊണ്ടിരുന്നു. മുന്നിലെ വാതില്‍ ഭക്താവലിയെ വലിച്ചെടുക്കുന്നു. വശങ്ങളിലെ വാതില്‍ ജനക്കൂട്ടത്തെ പുറത്തേക്ക് ചീറ്റുന്നു. ഇരുട്ട് പരന്നു തുടങ്ങി. ക്ഷേത്രവിളക്കുകള്‍ കത്തിത്തുടങ്ങുന്നു. ആയിരക്കണക്കിനു ദീപജ്വാലകളുടെ പ്രകാശധോരണിയില് ജഗന്നാഥപുരി സ്വര്ണാഭമായി.
തെക്കേ ഗോപുരം വഴി പുറത്തിറങ്ങി. ഇരുവശത്തും പുളഞ്ഞു കിടക്കുന്ന കച്ചവടത്തട്ടുകള്. മധുരപലഹാരങ്ങളും പ്രതിമകളും ആടയാഭരണങ്ങളും അങ്ങനെയങ്ങനെ. നടന്ന് മുന്‍വശത്തെത്തി. വിശാലമായ ദേവവീഥി.
എല്ലാ ആഷാഢമാസത്തിലും ജഗന്നാഥന്റെ ദേവരഥവും വഹിച്ച് പുരുഷാരങ്ങളാല് നിറഞ്ഞുകവിയുന്ന രഥോത്സവവീഥി. ലോകപ്രസിദ്ധമഹോത്സവം. നാനാപ്രദേശത്തുനിന്നെത്തുന്ന എട്ടുലക്ഷത്തിലേറെ ജനങ്ങളുടെ പങ്കാളിത്തം.
പലതരം കച്ചവടക്കാരും റിക്ഷകളും ടാക്സികളും സൈക്കിള്‍ റിക്ഷകളും കുതിരവണ്ടികളും ഭക്തരും യാചകരും കാഴ്ചക്കാരും നിറഞ്ഞു പുളഞ്ഞിരിക്കുന്നു ആ വിശാലവീഥി.
പുരിനഗരത്തിലെ ഏതാണ്ട് രണ്ടുലക്ഷത്തിലേറെ ജനങ്ങള്‍ ജഗന്നാഥക്ഷേത്രതീര്ഥാടനത്തെ ആശ്രയിച്ചുമാത്രമാണ് ജീവിക്കുന്നത്.
തെരുവിലൂടെ വെറുതെ തലങ്ങും വിലങ്ങും നടന്നു. ചായവില്‍ക്കുന്ന ഒരു പെട്ടിക്കട. ആളുകള്‍ പൊതിഞ്ഞു നില്‍പ്പുണ്ട്. സ്റ്റൗവില്‍ മുഴുത്തപാല് തിളച്ചുകൊണ്ടിരിക്കുന്നു. മുന്നില്‍ നിരവധി അളുക്കുകള്‍. കഴുകിവച്ച കൊച്ചുഗ്ലാസുകള്. ആവശ്യപ്പെടുന്നതനുസരിച്ച് പ്രത്യേകം പ്രത്യേകമായി ചായ തയാറാക്കിക്കിട്ടും. ജീരകച്ചായ, ഇഞ്ചിച്ചായ, ഏലച്ചായ, മസാലച്ചായ, ചുക്കുചായ, കുരുമുളക്ചായ…. ഒരു ഇഞ്ചിച്ചായ വാങ്ങിക്കുടിച്ചു. ചുരുങ്ങിയ വില. നല്ല രുചി. നല്ല ഉന്മേഷം.
അരുണസ്തംഭത്തിനടുത്തേക്ക് നടന്നു. കവാടത്തിലെ വിളക്കുമാടത്തില്നിന്നുള്ള വൈദ്യുതവെളിച്ചും മുന്നിലേക്ക് ഒഴുകിപ്പരക്കുന്നു. നേര്‍രേഖയില്‍ അരുണസ്തംഭത്തിന്റെ നിഴല്‍. വെട്ടിയിട്ട തെങ്ങിന്തടിപോലെ.
മുഖകവാടത്തില് നിന്ന് ഒരാള്‍ പുറത്തേക്ക് ഇറങ്ങി വരുന്നു. ഉള്ളിലേക്ക് തിക്കിത്തിരക്കിക്കയറിപ്പോകുന്നവരെ വകഞ്ഞുമാറ്റിക്കൊണ്ട്.
നേരത്തെ കണ്ട അവധൂതന്. ചാരനിറത്തിലുള്ള ഒരു പുതപ്പ് ഇരുകൈകൊണ്ടും വിടര്ത്തിവീശിപ്പിടിച്ച്. വേച്ചുവലിച്ച കാലുമായി. അയാള്‍ മുന്നിലൂടെ വേഗത്തില്‍ നടന്നുപോയി. ആള്‍ക്കൂട്ടത്തില്‍ ലയിച്ചു.
നേരം ഒരുപാടായി. ഹോട്ടലിലേക്ക് മടങ്ങാം. അരുണസ്തംഭത്തിന്റെ നിഴല്‍ കവച്ചുവച്ച് നടക്കുമ്പോള്‍ മനസ്സില്‍ പെട്ടെന്നൊരു മിന്നല്‍.
അയാള്‍. മുഖകവാടത്തില്നിന്ന് വെളിച്ചത്തിനെതിരെ ഇറങ്ങിവന്ന് നടന്നുമാഞ്ഞ ആ അവധൂതന്. അയാള്‍ക്ക് നിഴലുണ്ടായിരുന്നില്ല.
മുറിയിലെ ചില്ലുജാലകം തുറന്ന് പുറത്തേക്ക് നോക്കിയപ്പോള്‍ ഇരുട്ടില്‍ സുദര്ശനത്തിന്റെ തിളക്കം മാത്രം.
മഴ ചാറുന്നുണ്ടായിരുന്നു.
(അടുത്തലക്കം: ഗോവര്‍ധന്റെ കുഞ്ഞുങ്ങള്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: