ആര്.പ്രസന്നകുമാര്‍
ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍
മലയാളകവിതയെ വജ്രകുണ്ഡലമണിയിച്ച എന്‍.എന്‍.കക്കാട് ഓര്‍മ്മയായിട്ട് മൂന്നു പതിറ്റാണ്ടും മൂന്നു വര്‍ഷവും പിന്നിട്ടിരിക്കുന്നു. ആര്‍ദ്രമായ ധനുമാസരാവുകളോരോന്നും ആ ഓര്‍മ്മയെ തൊട്ടുണര്ത്താറുണ്ട്. ആധുനിക കവിതയുടെ ഭാവരൂപങ്ങള്‍ ചര്‍ച്ച ചെയ്യുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കൃതികള്‍ ഉദ്ധരിക്കപ്പെടാറുമുണ്ട്. എങ്കിലും കേരളത്തിന്റെ മാറുന്ന സാമൂഹ്യജീവിതത്തേയും അതുണ്ടാക്കുന്ന ധാര്‍മ്മിക പ്രതിസന്ധികളെയും കൃത്യമായി അടയാളപ്പെടുത്തിയ കക്കാടിന്റെ കവിതകള്‍ ആഴത്തില്‍ പഠിക്കപ്പെട്ടില്ല. ‘വജ്രകുണ്ഡല’വും ‘തീര്‍ത്ഥാടന’വും ‘ആയിരത്തി തൊള്ളായിരത്തി അറുപത്തി മൂന്നും ‘വി.ടി.എസ്. എലിയറ്റിനുള്ള കത്തും അര്‍ഹിക്കുന്ന ഗൗരവത്തോടെ വിലയിരുത്തപ്പെട്ടിട്ടില്ല. അടുത്തറിയും തോറും അത്ഭുതകരമായി വികസിക്കുന്ന ആ കാവ്യലോകം മഹാഭാരതത്തിന്റെ മറ്റൊരു ദര്‍ശനമാണ്. അധര്‍മ്മത്തിനെതിരേ ഇരുകയ്യുമുയര്‍ത്തി ഉച്ചത്തില്‍ ശബ്ദിക്കുന്ന വ്യാസചിത്രം ഓരോ കവിതയും സാക്ഷ്യപ്പെടുത്തുന്നുണ്ട്. ആധുനിക ലോകത്തിനുള്ള ആദിത്യഹൃദയമാണ് അദ്ദേഹം അക്ഷരമന്ത്രങ്ങളിലൂടെ ആവിഷ്ക്കരിച്ചത്.
ഗ്രാമത്തില്‍ പിറക്കുകയും നഗരങ്ങളില്‍ വളരുകയും ചെയ്യുന്ന ജീവിതങ്ങളാണ് കക്കാട് കാവ്യവിഷയമാക്കിയത്. ഗ്രാമം നഗരം എന്ന വിഭജനം സ്ഥലപരം മാത്രമല്ല, ധാര്‍മ്മിക സംസ്കൃതിയുടെ പൂര്‍വ്വകാലമാണ് ഗ്രാമം ബോധപൂര്‍വ്വമല്ലെങ്കിലും ആ പൈതൃകത്തിന്റെ വേരറുത്തുകൊണ്ട് അധാര്‍മ്മികമായ വര്‍ത്തമാനയുഗത്തിലേക്കു മനുഷ്യന് കടന്നുവന്നിരിക്കുന്നു. പരിഷ്കൃതവും എന്നാല്‍ അന്തഃസാര ശൂന്യവുമായ വര്‍ത്തമാന ജീവിതമാണ് കവിതയിലെ നഗരം. വെളിച്ചത്തിന്റെ ദേവതകള്‍ പ്രസാദിച്ചു നില്ക്കുന്ന വിശുദ്ധഗ്രാമങ്ങളില് നിന്ന് അസുരമൂര്‍ത്തികള്‍ അലറി വിളിക്കുന്ന നഗര ഭീകരതയിലേക്കു കുടിയേറേണ്ടി വന്ന മനുഷ്യാത്മാവാണ് കക്കാടിന്റെ കാവ്യനായകന്‍. ”വേരുകള്‍” എന്ന കവിതയില്‍ ഇങ്ങനെ വായിക്കാം.
”പ്രിയമാനസങ്ങളേ,
നിങ്ങളുപകാരം ചെയ്യവേണം
ദൂരെ ശ്യാമഭൂമിയിലൊന്നു പോയ്വരേണം
ചെന്നു കൊത്തിക്കൊണ്ടുപോരേണം
ഇന്നുമാര്ദ്രമാമെന്റെ വേരുകളെല്ലാം.”
നമ്മുടെ വേരുകള്‍ കിടക്കുന്ന ആ ശ്യാമഭൂമി ഏതാണ്. തീര്‍ച്ചയായും അതു മഹത്തായ ഭാരതസംസ്കൃതി തന്നെ. കവിതയില്‍ ബിംബങ്ങളായി വരുന്നതത്രയും മഹാഭാരതമുദ്രകളാണ്. വര്‍ത്തമാന സമസ്യകളെ ഇതിഹാസത്തിന്റെ ഭാഷയില്‍ വിവര്‍ത്തനം ചെയ്യാനുള്ള വാസന കവിയ്ക്കുണ്ട്.
1962 ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലെ ചൈനായുദ്ധം ഭാരതീയ മനഃസാക്ഷിയെ അസ്വസ്ഥമാക്കിയ സംഭവമാണ്. മുറിവേറ്റ പൗരുഷത്തെ വിജൃംഭിതമാക്കാന് മഹാഭാരതത്തിന്റെ പ്രൗഢമായ ബിംബാവലികളിലൂടെ കക്കാട് ശ്രമിക്കുന്നു. അവമാനശല്യത്താല് പ്രതികാരമൂര്‍ത്തിയായി മാറിയ ദ്രൗപതിയുടെ സൈരന്ധ്രീ ഭാവമാണ് കക്കാട് ഭാരതാംബയിലേക്കു സന്നിവേശിപ്പിക്കുന്നത്.
”അഴിഞ്ഞ കാര്കുഴല് കാറ്റില്‍പ്പാറി
ജ്വലിക്കുമഗ്നികണക്കു നടക്കുന്നു സൈരന്ധ്രി
അകലത്തിടിവെട്ടുന്നു
പീലിവിടര്‍ത്തിയ മയില്‍ നൃത്തമുതിര്ക്കുന്നു
ഹൃദയത്തിലെ നെയ്ത്തിരി
അഞ്ചണിതിരിയിട്ടു കൊളുത്തീഞാന്
കുതിച്ചു പായും തേര്നിര്ത്തീപാര്ത്ഥന്
ശമീവൃക്ഷത്തില്‍ നിന്നാരാ-
ലെടുത്തൂ ചാപതൂണികള്‍
കേതുവില്ക്കേറി ഗര്ജ്ജിച്ചൂ
ഹനുമാനശിഭീഷണന്
അലറീ കാട്ടുതീപോലെ
ഭീമന് ഭീമബലന് ഖലന്‍”
പാഞ്ചജന്യം മുഴുങ്ങുന്ന ആ വിജയരഥത്തില്‍ തേര്‍തെളിക്കുവാന്‍ താനുണ്ട് എന്ന പ്രഖ്യാപനമാണ് 1963 എന്ന കവിത. സമാനമായ ഒരു പശ്ചാത്തലത്തിലൂടെയാണ് ഈ വര്‍ഷവും കടന്നുപോയത്. ഒളിഞ്ഞും തെളിഞ്ഞും ഭാരതത്തെ അസ്ഥിരപ്പെടുത്തുവാന്‍ ചൈന നടത്തുന്ന കുത്സിത ശ്രമങ്ങള്‍ നാം കണ്ടുകൊണ്ടിരിക്കുന്നു. ലോകത്തെ മുഴുവന്‍ ബന്ധനത്തിലാക്കിയ രോഗഭീകരതയുടെ ഉറവിടവും മറ്റൊന്നായിരുന്നില്ല. കലുഷിമായ ഒരു വര്‍ഷത്തില്‍ നിന്ന് പുതിയൊരു വര്‍ഷത്തിലേക്കു കടക്കുമ്പോള്‍ കക്കാട് അന്നു കുറിച്ചിട്ട വരികള്‍ നമുക്കൊന്നുകൂടി ശ്രദ്ധിക്കാം.
”മണ്ണും വിണ്ണും മുട്ടിത്തിരിഞ്ഞടുക്കുന്നു
മുന്നൂറ്ററുപതു പല്ലുകളുള്ള മഹാചക്രം
അതിന്നിരമ്പത്തില്‍ ഭൂമി വിറയ്ക്കുന്നു
അതിന്റെ കാറ്റില്‍ സൂര്യന് പച്ചിലപോലെ പറക്കുന്നു
അത്ഭുത, മതിന്നുമുമ്പില്
കളിവണ്ടിയുമുരുട്ടിയോടുന്നു.
പീലിത്തിരുമുടി ചാര്‍ത്തിയ പയ്യന്”
ഏതു കാലദോഷത്തെയും അതിജീവിക്കുവാന്‍ ‘പീലിത്തിരുമുടി ചാര്‍ത്തിയ പയ്യന്റെ’ പാല്‍പ്പുഞ്ചിരി മാത്രം മതിയാവും. പ്രളയത്തിനു മീതേ ആലിലയില്‍ അതിജീവിച്ചെത്തിയതും ഇതേ മണിവര്ണനാണല്ലോ. ”ഭയാവഹമായതു വരുമ്പോള്‍ ഭയമില്ലാത്തവനെപ്പോലെ പ്രഹരിക്കുക” എന്ന വ്യാസവചനമാണ് കക്കാടും ഉദ്ധരിക്കുന്നത്.
കിങ്ങിണി കെട്ടിയ ബാല്യത്തെ തേടിയലഞ്ഞു സാക്ഷാത്ക്കരിക്കുന്ന വിശിഷ്ടമായ കവിതയാണ് ‘തീര്‍ത്ഥാടനം” സത്യവും ശിവവും സുന്ദരവുമായ ജീവിതാവസ്ഥയാണല്ലോ ശൈശവം. നഷ്ടമായശൈശവത്തെ തേടി നടക്കുന്ന മനുഷ്യന്റെ ചിത്രം കക്കാടിന്റെ പല കവിതകളിലും കാണാം. ജീവിതം തന്നെ ആ അന്വേഷണമായി മാറുന്ന കഥയാണ് തീര്‍ത്ഥാടനത്തിനു പറയാനുള്ളത്. ‘ഉണ്ണിക്കണ്ണന്’ എന്ന സങ്കല്പം നമ്മുടെ തന്നെ ഉള്ളിലുള്ള നഷ്ടബാല്യത്തെ മോഹനമാക്കിയെടുത്തതല്ലേ? ഇടവഴിയിലൂടെ ഓടിയകന്നുപോയ നമ്മുടെ ബാല്യത്തെത്തന്നെയല്ലേ, മക്കളിലൂടെ സാക്ഷാത്ക്കരിക്കുന്നത്? ‘ആത്മാവൈ പുത്രനാമോസി’ എന്ന വൈദികസൂക്തം ഉരുക്കഴിച്ചുകൊണ്ടാണ് ‘തീര്‍ത്ഥാടനം’ ആരംഭിക്കുന്നത്.
കുട്ടികള്‍ നാളേയ്ക്കുള്ള പ്രതീക്ഷയാണ് നഷ്ടമായവ വീണ്ടെടുക്കപ്പെടും എന്ന പ്രതിജ്ഞ അവരുടെ കണ്ണുകളിലുണ്ട്. കക്കാടിന്റെ കവിതയില്‍ ഊര്‍ജ്ജ കേന്ദ്രമായി വരുന്നതെല്ലാം കുട്ടികളാണ്. 1963 ല്‍ അഭിമന്യു കുമാരന് കാണുന്ന ഇരാവാന്, വിനതയുടെ ഗര്‍ഭത്തിലിരിക്കുന്ന ഗരുഡശിശു, മങ്ങാത്ത മയില്‍പ്പീലിയിലെ നീലച്ചുരുള്മുടി തുടങ്ങി എത്രയെത്ര ബിംബങ്ങളാണ് കവിതയെ ശോഭായാത്രയാക്കിക്കൊണ്ട് അണിനിരക്കുന്നത്. ”ഈ കുട്ടികളുറങ്ങുന്നില്ല” എന്ന ശക്തമായ രചനയില്‍ പീഡനത്തിനിരയാകുന്ന പ്രഹ്ലാദന് തന്നെയാണ് നാളെ നരസിംഹമായി വരുന്നതെന്നു സൂചിപ്പിക്കുന്നു.
”ഈ കുട്ടികളുറങ്ങാതിരിക്കട്ടെ
അവര്‍ ഭൂവിന് ചിരന്തനസത്യമല്ലോ
അവര്‍ പാടുന്ന പാട്ടിലും കൂറുന്ന മൊഴിയിലും
കാട്ടിലെ വസന്തങ്ങള്‍ ചിറപൊട്ടിയൊഴുകുന്നു
നരഹരികളായ് കാത്തുനില്പൂ
അവരുറങ്ങില്ല മൂവന്തികഴിയാതെ”
കക്കാടിനെ ബാലഗോകുലത്തോടടുപ്പിച്ചത്. ‘കരുണാമുരളീധാരാ’ എന്നു തുടങ്ങുന്ന വിശ്വമോഹനമായ ഗോകുലപ്രാര്‍ത്ഥന കക്കാടിന്റെ രചനയാണല്ലോ. എഴുതിത്തുടങ്ങുന്ന കുട്ടികള്‍ക്കു പ്രേരണയായി ഒരു പുരസ്ക്കാരത്തെക്കുറിച്ചു ചിന്തിച്ചപ്പോള്‍ അതു കക്കാടിന്റെ പേരിലായതും യാദൃച്ഛികമല്ല. മൂല്യബോധമുള്ള പുതിയ തലമുറയിലൂടെ ശ്യാമശാദ്വലഭൂമികള് വീണ്ടെടുക്കപ്പെടും എന്ന ബോധമാണല്ലോ കവിയെ നയിക്കുന്നത്.
കക്കാടിന്റെ ഉദാത്തരചന ‘വജ്രകുണ്ഡല’മെന്ന ഖണ്ഡകാവ്യമാണ്. മഹാഭാരതത്തിലെ ഉത്തങ്കോപാഖ്യാനത്തെ ആധുനിക ജീവിതത്തിലേക്കു പറിച്ചു നട്ടതാണ് ഇതിവൃത്തം. വിദ്യാഭ്യാസം കഴിഞ്ഞു പുറത്തുവരുന്ന ഉത്തങ്കന് ഗുരുദക്ഷിണയായി നല്‍കാനുള്ള വജ്രകുണ്ഡലം നേടിവരുന്നതും വഴിയില്‍ അതു തക്ഷകന് അപഹരിക്കുന്നതും തുടര്‍ന്നതു വീണ്ടെടുക്കുന്നതുമാണ് കഥാവസ്തു. മൂല്യബോധത്തിന്റെ വെളിച്ചം, സത്യനിഷ്ഠയുടെ ബലം, കര്‍മ്മശുദ്ധിയുടെ ആദര്‍ശം ഇവയാണ് വജ്രകുണ്ഡലം. അതു കവര്‍ന്നെടുക്കുന്ന ഇരുട്ടിന്റെ രാജാക്കന്മാര് പണവും ലഹരിയും ഭോഗതൃഷ്ണയും കൊണ്ട് കുട്ടികളെ മലിനപ്പെടുത്തുന്നു. ആദര്‍ശ നിഷ്ഠകൊണ്ട് അപകടങ്ങളെ അതിജീവിക്കുന്ന ബാല്യം സഫലമായിത്തീരുന്നു. വേതാളനൃത്തങ്ങളും പിശാചഗാനങ്ങളും തക്ഷകവേഗങ്ങളുമുള്ള ലോകത്താണ് വെളിച്ചം തുടിക്കുന്ന കണ്ണുകളുമായി നമ്മുടെ കുഞ്ഞുങ്ങള്‍ വളരേണ്ടത്. അവരുടെ വെളിച്ചം കെടുത്താന്‍ ആളും അര്‍ത്ഥവും അധികമുള്ള ഇക്കാലത്ത് ഓരോ രക്ഷിതാവും എത്രമേല്‍ ജാഗരൂഗരാവണമെന്ന് ഈ കാവ്യം ഓര്‍മ്മപ്പെടുത്തുന്നു.
ഇടതുപക്ഷ ചിന്തകളുടെ സഹയാത്രികനായിരുന്നപ്പോഴും ഭാരതീയ തത്ത്വചിന്തയില്‍ കക്കാടിനുണ്ടായിരുന്ന നിഷ്ഠസവിശേഷമാണ്. സാമ്പത്തികമായ സമസ്ഥിതി മാത്രം കൊണ്ട് ജീവിതം അര്‍ത്ഥ പൂര്‍ണ്ണമാവില്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരിക്കുനനു. അന്നമയം മുതല്‍ ആനന്ദമയം വരെ വിവിധ തലങ്ങളിലായി പൂത്തുലഞ്ഞു നില്ക്കുന്ന ബഹുസ്വരമായ ജീവിതവൈവിധ്യത്തെ ഇരട്ട വരയ്ക്കുള്ളില്‍ ഒതുക്കി എഴുതാനാവില്ല. സാകല്യമായ വിശ്വവീക്ഷണം സ്വാംശീകരിച്ചിട്ടുള്ളതുകൊണ്ട് കക്കാടിന്റെ കൃതികള്‍ നിഷേധാത്മകമാവുന്നില്ല. ഇരുട്ടിനെക്കുറിച്ചെഴുതുമ്പോഴും അതില്‍ വെളിച്ചമുണ്ടാവുന്നു. മഹായുദ്ധങ്ങള്‍ക്കുശേഷം ലോകവും ജീവിതവും തരിശുഭൂമിയായെന്ന ഇരുണ്ടദര്ശനം എഴുത്തിനെ അസ്വസ്ഥമാക്കിയിരിക്കുന്നു. ഇതിനെ നിരാകരിക്കുന്ന ഗംഭീരമായ രചനയാണ് ”മി.ടി.എസ് എലിയറ്റിന് ഒരു കത്ത്” എന്ന കവിത. ഭാരതീയ ദര്‍ശനങ്ങളുടെ അന്തരാത്മാവിനെ സ്വാംശീകരിച്ച ഒരു പ്രതിഭയ്ക്കു മാത്രം സാധ്യമാവുന്ന ദിവ്യവാങ്മയത്തിന്റെ അന്തിമചരണം ഉദ്ധരിച്ചുകൊണ്ട് കക്കാടിന്റെ ഓര്‍മ്മകള്‍ക്ക് ശ്രദ്ധാജ്ഞലി അര്‍പ്പിക്കട്ടെ.
”മി. എലിയറ്റ്,
താങ്കള്‍ക്കിതു മനസ്സിലാകുന്നുണ്ടാവില്ല
ഉരുകുന്ന അസ്ഥിയുടെ കടച്ചല് താങ്കള്‍ക്കു മനസ്സിലാവും
കരിയുന്ന നാഡികളിലൂടെ അമൃതമൊഴുകുന്ന ശാന്തി
താങ്കള്‍ക്കറിയാനിടയില്ല.
നാം തമ്മില്‍ ആറായിരം യോജന അന്തരമുണ്ടല്ലോ-
ആറായിരം ജന്മങ്ങളുടെ അന്തരം
ഒരു ഹിമവാന്റെ, ഒരു പ്രണവത്തിന്റെ അന്തരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: