Categories: Samskriti

മനസ്സില്‍ നന്മ ദര്‍ശിക്കുക

എവിടെച്ചെന്നാലും അവിടത്തെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക എന്നത് പൊതുവെ മനുഷ്യമനസ്സിന്റെ സ്വഭാവമാണ്. ഈ സ്വഭാവം കാരണം അസ്വസ്ഥമാകുന്നതു് നമ്മുടെ മനസ്സുതന്നെയാണ് എന്നത് നമ്മള്‍ തിരിച്ചറിയാറില്ല. കുറ്റങ്ങളും കുറവുകളും മറന്നിട്ട് എപ്പോഴും എവിടെയും നല്ലതുമാത്രം കാണാന്‍ ശ്രമിക്കുക. അതാണു വേണ്ടത്. അതിനു കഴിഞ്ഞാല്‍ നമ്മുടെ സന്തോഷം വര്‍ദ്ധിക്കും.

മക്കളേ,  

എവിടെച്ചെന്നാലും അവിടത്തെ കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കുക എന്നത് പൊതുവെ മനുഷ്യമനസ്സിന്റെ സ്വഭാവമാണ്. ഈ സ്വഭാവം കാരണം അസ്വസ്ഥമാകുന്നതു് നമ്മുടെ  മനസ്സുതന്നെയാണ് എന്നത് നമ്മള്‍ തിരിച്ചറിയാറില്ല. കുറ്റങ്ങളും കുറവുകളും മറന്നിട്ട്  എപ്പോഴും എവിടെയും നല്ലതുമാത്രം കാണാന്‍ ശ്രമിക്കുക. അതാണു വേണ്ടത്. അതിനു കഴിഞ്ഞാല്‍ നമ്മുടെ സന്തോഷം വര്‍ദ്ധിക്കും.

മനസ്സില്‍ നല്ല ചിന്തകള്‍മാത്രം സൂക്ഷിക്കാന്‍ നമ്മള്‍ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെയുള്ളില്‍ നന്മയുണ്ടെങ്കില്‍ എവിടെയും നമുക്കു നന്മ മാത്രമേ കാണുവാന്‍ കഴിയും. ചെളിയില്‍ വളരുന്ന താമരപ്പൂക്കള്‍ കാണുമ്പോള്‍ നന്മയുള്ള മനസ്സ് ചെളിയിലല്ല, താമരയുടെ സൗന്ദര്യത്തിലാണ് ശ്രദ്ധ പതിപ്പിക്കുന്നത്. മനസ്സ് അതില്‍ ആനന്ദിക്കുകയുംചെയ്യും. മറിച്ച് ചെളിയിലാണ് ശ്രദ്ധ പോകുന്നതെങ്കില്‍ മനസ്സ് അസ്വസ്ഥമാകും.

ഒരിക്കല്‍, ഒരാള്‍ ഒരു മഹാത്മാവിന്റെ ആശ്രമത്തില്‍ ചെന്നു. മഹാത്മാവിനെ വണങ്ങിയശേഷം സംസാരിക്കാനാരംഭിച്ചു. ‘നാളിതുവരെ  അറിഞ്ഞുകൊണ്ടു ഞാന്‍ ആരെയും വേദനിപ്പിച്ചിട്ടില്ല. സത്യവും പ്രിയവുമായ വാക്കുകള്‍ മാത്രം ഉപയോഗിക്കാന്‍ കഴിവതും ശ്രമിക്കാറുണ്ട്. ‘വാക്കു നന്നായാല്‍ പോക്കു നന്നായി’ എന്നാണു ഞാന്‍ ചെറുപ്പം മുതല്‍ പഠിച്ചുവന്നിട്ടുള്ളത്. അതുകൊണ്ട് ആരെയും നോവിക്കാത്തവിധത്തില്‍ വാക്കുകള്‍ ശ്രദ്ധയോടെ ഉപയോഗിക്കാന്‍ ശ്രമിക്കാറുണ്ട്.’ ഇത്രയും പറഞ്ഞിട്ട് കഠിനമായ വാക്കുകള്‍ എങ്ങനെയാണ് അപ്രീതികരമാകുന്നത് എന്നു വിശദീകരിക്കാനായി അദ്ദേഹം ഒരു ഉദാഹരണം പറഞ്ഞു. ‘ഈ ആശ്രമത്തില്‍ പതിവായി വരുന്ന ഒരാളാണു ഞാന്‍. ഇവിടെ അനേകം പക്ഷികളുണ്ട്. അവ വെളുപ്പിനും സന്ധ്യക്കും ചിലയ്‌ക്കുന്നതു കേള്‍ക്കാറുണ്ട്. കുയിലുകളുടെ പാട്ടും കിളികളുടെ കൂട്ടത്തോടെയുള്ള സംഗീതവും കേള്‍ക്കാന്‍ ഇമ്പമുള്ളതാണ്. എന്നാല്‍ കാക്കകളുടെ കരച്ചില്‍ കര്‍ണ്ണകഠോരംതന്നെ. അതു കേള്‍ക്കുമ്പോള്‍ത്തന്നെ വെറുപ്പുതോന്നും. അതിനാല്‍ നമ്മുടെ വാക്കുകള്‍ മറ്റുള്ളവരുടെ കാതിനും മനസ്സിനും ഇമ്പമുള്ളതാകാന്‍ നമ്മള്‍ ശ്രദ്ധിക്കണം.’ ഇത്രയും പറഞ്ഞിട്ട് അദ്ദേഹം തന്റെ മനസ്സിലെ ഒരു ദുഃഖം കൂടി മഹാത്മാവിനെ അറിയിച്ചു, ‘എനിക്കു പറയാനുള്ള സങ്കടം ഇതാണ്. ഞാന്‍ വാക്കുകള്‍ എത്ര നന്നായി ഉപയോഗിച്ചിട്ടും ആരെയും അറിഞ്ഞുകൊണ്ടു വേദനിപ്പിക്കാതിരുന്നിട്ടും എന്റെ  ജീവിതം പച്ചപിടിച്ചില്ല. എന്താണിതിനു കാരണം?’

അദ്ദേഹം സംസാരിക്കുന്ന സമയം മുഴുവന്‍ മഹാത്മാവ്  മണ്ണില്‍ കൈവിരല്‍കൊണ്ടു ചിത്രം വരയ്‌ക്കുകയായിരുന്നു. ചിത്രത്തില്‍നിന്നും മുഖമുയര്‍ത്താതെ, മഹാത്മാവ് പുഞ്ചിരിയോടെ പറഞ്ഞു, ‘മധുരമായ ശബ്ദമില്ലാത്ത ആ കാക്കയെക്കൂടി സ്‌നേഹിക്കാന്‍ ശ്രമിച്ചുനോക്കൂ. ആ കാക്കയുടെ ശബ്ദത്തെക്കൂടി ഇഷ്ടപ്പെടാന്‍ ശ്രമിക്കൂ. അപ്പോള്‍ മനസ്സില്‍ സന്തോഷം നിറയും. മാത്രമല്ല ഒന്നുകൂടി ഈശ്വരകൃപയ്‌ക്കു  പാത്രമാകുകയും ചെയ്യും.’  അയാളുടെ സംശയങ്ങള്‍ക്കെല്ലാമുള്ള ഉത്തരം ആ മറുപടിയിലുണ്ടായിരുന്നു.

കാക്കയുടെ ശബ്ദം അരോചകമാണെന്നു പറഞ്ഞതിന്റെ അര്‍ത്ഥം പരുഷമായി സംസാരിക്കുന്നവരെ തനിക്ക് ഇഷ്ടമല്ല എന്നാണല്ലോ. അങ്ങനെയുള്ളവരെയും സ്‌നേഹിക്കാന്‍ കഴിയണം. നമുക്കു ഇഷ്ടമല്ലാത്തവരെയും, നമ്മളെ ഉപദ്രവിക്കുന്നവരെപ്പോലും വെറുക്കാതിരിക്കാന്‍ കഴിയണം. സന്തോഷം ആഗ്രഹിക്കുന്ന വ്യക്തി ഒരിക്കലും ആരോടും ദ്വേഷമോ വെറുപ്പോ വെച്ചുപുലര്‍ത്തരുത്. കുയിലും കാക്കയും, താമരയും കാട്ടുപൂക്കളുമെല്ലാം ഒരേ ഈശ്വരന്റെ സൃഷ്ടിയാണ്. അപ്പോള്‍ മനസ്സിലുള്ള വിപരീതഭാവം അകന്നുപോകും.

ഏതു വസ്തുവിലും നന്മയുണ്ട്. എന്നാല്‍ അതു കാണുവാനുള്ള കണ്ണു നമുക്കുണ്ടാകണം. ശ്രമിച്ചാല്‍ അതു കാണാനും കഴിയും. മറ്റുള്ളവരില്‍ നന്മമാത്രം കാണുവാന്‍ ശ്രമിക്കുന്ന ഒരുവന്റെ മനസ്സ് എപ്പോഴും പ്രസന്നമായിരിക്കും. അങ്ങനെയുള്ളവര്‍ ഒന്നും തേടിപ്പോകേണ്ടതില്ല. അവര്‍ക്കുവേണ്ടതെല്ലാം ഈശ്വരന്‍ സ്വയം എത്തിച്ചുകൊടുക്കും. സന്തോഷം അവരുടെ സഹജസ്വഭാവമാകും.

ഈശ്വരാനുഗ്രഹം ആഗ്രഹിക്കുന്ന ഒരാള്‍ മറ്റുള്ളവരുടെ കുറ്റവും കുറവും കാണുന്നതും പറയുന്നതും ഉപേക്ഷിക്കാന്‍ തയ്യാറാകണം. നമ്മളില്‍ തെറ്റുള്ളതുകൊണ്ടാണ് നമ്മള്‍ അന്യരില്‍ തെറ്റു കാണുന്നത്. ഈ കാര്യം നമ്മള്‍ എപ്പോഴും ഓര്‍ക്കണം. മറ്റുള്ളവരില്‍ തെറ്റുകാണുന്ന മനസ്സില്‍ ഈശ്വരന് ഒരിക്കലും വസിക്കുവാന്‍ കഴിയില്ല.

കല്ലോ തടിയോ കാണുമ്പോള്‍ ഒരു ശില്പി അതില്‍നിന്നുണ്ടാക്കാവുന്ന ശില്പത്തെയാണ് കാണുന്നത്. എന്നാല്‍ മറ്റുള്ളവര്‍ അതിനെ കല്ലായിട്ടും തടിയായിട്ടും മാത്രം കാണുന്നു. നമ്മള്‍ ഈ ശില്പിയെപ്പോലെ ആകണം. ഏതൊന്നിലും നന്മ കാണണം.  

ജാഗ്രതയോടെ എപ്പോഴും നമ്മുടെ മനസ്സിനെ വീക്ഷിച്ചുകൊണ്ടിരിക്കണം. ആദ്ധ്യാത്മികസാധനകള്‍ അനുഷ്ഠിക്കണം. നിരന്തരമായ സാധനയിലൂടെ മനസ്സില്‍നിന്നു രാഗദ്വേഷാദികളെ പരിപൂര്‍ണ്ണമായും മാറ്റാന്‍ കഴിയും. ധ്യാനത്താല്‍ മനസ്സ് ശുദ്ധമാകുമ്പോള്‍ ഈ കാണുന്ന ഓരോ അണുവിനെയും ഈശ്വരരൂപമായി കാണുവാന്‍ നമുക്കു കഴിയും. അപ്പോള്‍ ഒന്നിനെയും വെറുക്കാനാവില്ല, സകല ജീവജാലങ്ങളോടും അപാരമായ സ്‌നേഹം ഹൃദയത്തില്‍ നിറയും.

Share
പ്രതികരിക്കാൻ ഇവിടെ എഴുതുക