തിരുവനന്തപുരം: പോലീസിന്റെ നേതൃത്വത്തില്‍ നടത്തിയ ജപ്തിക്കിടെ ആത്മഹത്യ ഭീഷണി മുഴക്കിയ ശേഷം കത്തിയമര്‍ന്ന ദമ്പതികളുടെ മക്കള്‍ക്ക് കൈതാങ്ങായി ചെമ്മണ്ണൂര്‍ ജ്വല്ലേഴ്സ് ഉടമ ബോബി ചെമ്മണ്ണൂര്‍. അച്ഛനും അമ്മയും നഷ്ടപ്പെട്ടതോടെ അനാഥരായ രാഹുലിനും രഞ്ജിത്തിനെയും ബോബി ചെമ്മണ്ണൂര്‍ ഏറ്റെടുത്തു.
തര്‍ക്കഭൂമിയും വീടും നില്ക്കുന്ന സ്ഥലം ഉടമസ്ഥ വസന്തയില്‍ നിന്ന് ബോബി ചെമ്മണ്ണൂര്‍ വില കൊടുത്ത് വാങ്ങി. ഇന്നു രാവിലെ എഗ്രിമെന്റ് എഴുതി. വൈകിട്ട് 5.30ന് ദമ്പതികള്‍ മരിച്ച വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. വീട് ഉടന്‍ പുതുക്കിപ്പണിയും. അതു വരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ഏറ്റെടുക്കുമെന്നും ബോബി ചെമ്മണ്ണൂര്‍ അറിയിച്ചു.
നെയ്യാറ്റിന്‍കര അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന് സ്ഥലം കയ്യേറിയെന്ന് കാണിച്ച് അയല്‍വാസിയായ വസന്ത നെയ്യാറ്റിന്‍കര പ്രിന്‍സിപ്പല്‍ മുന്‍സിഫ് കോടതിയെ സമീപിച്ചിരുന്നു. ഇതേത്തുടര്‍ന്ന് കോടതി അഭിഭാഷക കമ്മിഷനെ നിയമിച്ച് അന്വേഷണം നടത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതി ഉത്തരവ് പ്രകാരം രാജനെയും കുടുംബത്തെയും സ്ഥലത്ത് നിന്ന് ഒഴിപ്പിക്കാനെത്തിയപ്പോഴാണ് രാജന് ഭാര്യ അമ്പിളിയെ ചേര്‍ത്തുപിടിച്ച് ദേഹത്ത് പെട്രോള്‍ ഒഴിച്ച് ആത്മഹത്യശ്രമം നടത്തി. ഇതിനിടെ ദേഹത്ത് തീപിടിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: