ചാലക്കുടി: കലാഭവന്‍ മണിയുടെ ഓര്‍മ്മകള്‍ക്ക് മുന്പില് പ്രണാമമര്‍പ്പിച്ച് ആരാധകര്‍. ആഘോഷങ്ങളും ആരവങ്ങളുമില്ലാതെ ചാലക്കുടിയുടെ സ്വന്തം കലാഭവന്‍ മണിയുടെ അന്‍പതാം പിറന്നാള്‍. കലാഭവന്‍ മണി ജീവിച്ചിരിപ്പുണ്ടെങ്കില്‍ വലിയ ആഘോഷങ്ങള്‍ നടക്കേണ്ടിയിരുന്ന പാഡി ഇന്നലെ വിജനം. സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നിന്നെത്തിയ ആരാധകര്‍ പാഡിയിലെ മണിയുടെ ഷെഡിന് മുന്പില് അര്‍പ്പിച്ച പൂക്കളും പ്രണാമം അര്‍പ്പിച്ചുള്ള ബാനറുകളും മാത്രം.
മണിയുടെ ഓര്‍മ്മകളുമായി നിരവധി ആരാധകര്‍ അദ്ദേഹത്തിന്റെ ഗാനങ്ങള്‍ ആലപിച്ച് ആദരാജ്ഞലിയര്‍പ്പിച്ചു. ഇന്നലെ രാവിലെ മുതല്‍ നൂറുകണക്കിന് ആരാധകരാണ് പാഡിയിലും മണിക്കൂടാരത്തിലും രാമന് സ്മാരക കലാഗൃഹത്തിലുമെല്ലാം എത്തിയത്.മണിക്കൂടാരത്തില്‍ വീട്ടുകാര്‍ ആരും ഇല്ലാത്ത കാരണം ആരാധകര്‍ക്ക് അകത്ത് കടക്കാനായില്ല. രാവിലെ ജങ്ഷനില്‍ മണിയുടെ സൂഹൃത്തുക്കള്‍ ചേര്‍ന്ന് ഛായാചിത്രത്തിന് മുന്പില് പുഷ്പാര്‍ച്ചന നടത്തി കേക്ക് മുറിച്ചു.
സഹോദരന് ആര്‍എല്‍വി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ അനാഥാലയത്തില്‍ ഭക്ഷണ വിതരണവും നടത്തി. മലപ്പുറം, കണ്ണൂര്‍, കൊല്ലം, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെല്ലാം ആരാധകരെത്തി. അതേസമയം ചാലക്കുടി നഗരസഭ അധികൃതര്‍ മണിയെ മറന്നതായി പരാതി ഉയര്‍ന്നു. സുഹൃത്തുക്കളുടെ കൂട്ടായ്മയായ കാസ്ക്കേഡ് മാത്രമാണ് ചെറിയൊരു ചടങ്ങെങ്കിലും സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: