പത്തനംതിട്ട: എസ്ഡിപിഐ പിന്തുണയോടെ ലഭിച്ച സ്ഥാനമാനങ്ങള്‍ ഉപേക്ഷിക്കുമെന്ന എല്‍ഡിഎഫ് നേതൃത്വത്തിന്റെ പ്രസ്താവന പാഴ്വാക്കാകുന്നു. പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫ് എസ്ഡിപിഐയുടെ സഹായം സ്വീകരിക്കുക മാത്രമല്ല എസ്ഡിപിഐ പിന്തുണച്ച സ്വതന്ത്രയെ അധികാരത്തിന്റെ അംശവടി എല്പിക്കുകയും ചെയ്തു. നഗരസഭയുടെ ചെയര്മാന് സ്ഥാനം എല്‍ഡിഎഫ് നേടിയത് എസ്ഡിപിഐയുടെ സ്വതന്ത്രയെന്ന് അവര്‍ അവകാശപ്പെടുന്ന കൗണ്‍സിലറുടെയും പിന്തുണയോടെയാണ്.
ഇതിന് പ്രത്യുപകാരമായിട്ടാണ് വൈസ്ചെയര്‍മാനായി എസ്ഡിപിഐ പിന്തുണയോടെ വിജയിച്ച ആമിന ഹൈദരാലിയെ അവരോധിച്ചത്. ആമിന ഹൈദരാലി കഴിഞ്ഞ കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലറായിരുന്നു. ഇക്കുറി സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് സ്വതന്ത്രയായി മത്സരരംഗത്ത് എത്തിയ ഇവരെ പിന്തുണച്ച് എസ്ഡിപിഐ രംഗത്തെത്തുകയായിരുന്നു. ഇവരുടെ പ്രചരണത്തിന്റെ കടിഞ്ഞാണ്‍ എസ്ഡിപിഐ ഏറ്റെടുക്കുകയും വിജയിച്ചപ്പോള്‍ തങ്ങളുടെ അംഗബലം ആമിനയെക്കൂടി ഉള്‍പ്പെടുത്തി പ്രഖ്യാപിക്കുകയും ചെയ്തു. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനു ശേഷം എസ്ഡിപിഐ ജില്ലാ നേതൃത്വം പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ആമിന ഹൈദരാലി തങ്ങള്‍ പിന്തുണ നല്കിയ സ്വതന്ത്ര സ്ഥാനാര്‍ഥിയാണെന്നു വ്യക്തമാക്കിയതും, സംസ്ഥാനത്തു വിജയികളായ എസ്ഡിപിഐ കൗണ്‍സിലര്‍മാരുടെ പട്ടികയില്‍ സ്വതന്ത്രയായി ആമിനയുടെ പേരും ഉള്‍പ്പെടുത്തിയതും സൗകര്യപൂര്‍വ്വം സിപിഎം മറച്ചുവയ്ക്കുകയാണ്.
എസ്ഡിപിഐ ബാന്ധവം ഇല്ല എന്ന് നേതൃത്വം പറഞ്ഞപ്പോള്‍ സ്വതന്ത്രയെന്ന സാങ്കേതികത്വം പറഞ്ഞ് പത്തനംതിട്ടയില്‍ എസ്ഡിപിഐയുടെ സൗഹൃദം സിപിഎം ഉപേക്ഷിക്കാതിരിക്കുന്നത് ആണ് സിപിഎമ്മിന്റെ ഇരട്ടത്താപ്പിന് ഉദാഹരണം. പത്തനംതിട്ട നഗരസഭയില്‍ എല്‍ഡിഎഫിലെ ടി.സക്കീര്‍ ഹുസൈനാണ് ചെയര്മാന്.
13 അംഗങ്ങളുടെ പിന്തുണയുണ്ടായിരുന്ന എല്‍ഡിഎഫിന് മൂന്ന് സ്വതന്ത്രരുടെ പിന്തുണ കൂടി ലഭിച്ചതോടെ 32 അംഗ കൗണ്‍സിലിലെ അംഗബലം 16 ആയി. യുഡിഎഫ് നിരയില്‍ 13 അംഗങ്ങളാണ്ഉളളത്. എസ്ഡിപിഐ ബന്ധം ഇല്ലെന്നു കാണിക്കാന്‍ മൂന്ന് ഔദ്യോഗിക അംഗങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടുനിന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: