സരസമായൊരു ശിവസ്തുതി :
മാരന് പൂമെയ് കരിക്കാമരിയ
പുരമെരിക്കാമെരുക്കും ധരിക്കാം
പാരീരേഴും ഭരിക്കാം
പരിചിനൊടു
മുടിക്കാം, നടിക്കാം ചിതായാം
ഗൗരിക്കങ്കം പകുക്കാം, ഝടിതി
കുടുകുടെ കാളകൂടം കുടിക്കാ-
മോരോന്നേ വിസ്മയം! നിന്
തിരുവുരു തിരുവൈക്കത്തെഴും
തിങ്കള്‍മൗലേ!
അര്‍ത്ഥം: വൈക്കത്തപ്പനെ പ്രകീര്‍ത്തിക്കുന്ന ഒരു ശ്ലോകമാണിത്. അര്‍ത്ഥം വളരെ ലളിതവുമാണ്. മാരന് പൂമെയ് കരിക്കാം- കാമദേവനെ ദഹിപ്പിക്കാം, അരിയപുരമെരിക്കാം-ത്രിപുരന്മാരെ പരമശിവന് കൊട്ടാരത്തോടെ ദഹിപ്പിച്ചില്ലേ? എരുക്കും ധരിക്കാം- എരുക്കിന്റെ ഇലകൊണ്ടുള്ള മാല ധരിക്കാം. എരുക്കില ശിവാര്ച്ചനയ്ക്ക് വിശേഷമത്രേ. (എരിക്ക് എന്ന പാഠവും സാധുവാണ്). പാരീരേഴും ഭരിക്കാം- ഈരേഴു പതിന്നാലു ലോകങ്ങളും ഭരിക്കാം. പരിചിനൊടു മുടിക്കാം- ഈ ലോകങ്ങളെയെല്ലാം സംഹരിക്കയും ആവാം. നടിക്കാം ചിതായാം-ചിതയില്‍ നൃത്തം ചെയ്യാം. ഗൗരിക്കങ്കം പകുക്കാം -പ്രിയതമയായ പാര്‍വതിക്ക് പാതി ശരീരം പകുത്തു കൊടുക്കാം. ഝടിതി കുടുകുടെക്കാളകൂടം കുടിക്കാം- കാളകൂടം പെട്ടെന്ന് ‘കടുകുടാ’ ന്ന് കുടിക്കാം. ഓരോന്നേ വിസ്മയം നിന് തിരുവുരു- അവിടുത്തെ തിരുവുടല്‍- ശരീരം- അത്ഭുതം തന്നെ!. തിരുവൈക്കത്തെഴും തിങ്കള്‍ മൗലേ! -തിരുവൈക്കത്തമരുന്ന ചന്ദ്രക്കലാധരാ! മഹാദേവാ!.
പ്രതികരിക്കാൻ ഇവിടെ എഴുതുക: