ആലപ്പുഴ: ആക്രമണോത്സുകത നിറഞ്ഞുനില്ക്കുന്ന അതേ ബൗളിങ്, ബാറ്റ്സ്മാന്മാരെ വിറപ്പിക്കുന്ന തുറിച്ചുനോട്ടം, എല്‍ബിക്കായി അപ്പീല്‍ ചെയ്യുമ്പോഴുള്ള ആ പഴയ ആവേശം, വിക്കറ്റ് വീഴ്ത്തുമ്പോഴുള്ള പിറുപിറുപ്പ് എല്ലാം പഴയപടി. എട്ട് വര്‍ഷത്തിനുശേഷം കളിക്കളത്തിലേക്ക് തിരിച്ചുവന്ന ശ്രീശാന്തിന് മുപ്പത്തിയേഴാം വയസിലും ഏറെ മാറ്റങ്ങളില്ല.
സയ്യദ് മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റിന് കേരള ടീമിനൊപ്പം തയ്യാറെടുക്കുന്ന ശ്രീശാന്ത് സന്നാഹ മത്സരത്തിലാണ് തന്റെ ആക്രമണോത്സുകതയ്ക്ക് ഒട്ടും കുറവ് വന്നിട്ടില്ലെന്ന് തെളിയിച്ചത്. ശ്രീശാന്ത് ബൗള്‍ ചെയ്യുന്നതിന്റെ വീഡിയോ കേരള ക്രിക്കറ്റ് അസോസിയേഷനാണ് പുറത്തുവിട്ടത്.
ഈ മാസം പത്തിന് ആരംഭിക്കുന്ന മുഷ്താഖ് അലി ട്രോഫി ടി 20 ടൂര്‍ണമെന്റിനായി കേരളാ ടീം ആലപ്പുഴയില്‍ അവസാനവട്ട പരിശീലനം നടത്തിവരികയാണ്.
2023 ലെ ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുകയാണ് തന്റെ ലക്ഷ്യമെന്ന് ശ്രീശാന്ത് പറഞ്ഞു. എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരുന്ന തനിക്ക് സമ്മാനമായി സയ്യദ് മുഷ്താഖ് അലി ട്രോഫി നേടിത്തരാമെന്ന് ക്യാപ്റ്റന്‍ സഞ്ജു സാംസണും പരിശീലകന് ടിനുവും വാഗ്ദാനം ചെയ്തിട്ടുണ്ട്. എന്നാല്‍ മുഷ്താഖ് അലി ട്രോഫി മാത്രമല്ല ഇറാനി ട്രോഫിയും രഞ്ജി ട്രോഫിയുമൊക്കെ നേടണം. മികവ് കാട്ടിയാല്‍ കൂടുതല്‍ അവസരങ്ങള്‍ കിട്ടുമെന്നും ശ്രീശാന്ത് കൂട്ടിച്ചേര്‍ത്തു.
2013 ലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനിടെ വാതുവെപ്പ് ആരോപണത്തില്‍ കുടുങ്ങിയതിനെ തുടര്‍ന്നാണ് ശ്രീശാന്തിന് സജീവ ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്ക്കേണ്ടിവന്നത്. ബിസിസിഐ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തിയെങ്കിലും ശ്രീശാന്ത് നിയമപോരാട്ടത്തിലൂടെ സജീവ ക്രിക്കറ്റിലേക്ക് തിരിച്ചുവരികയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: