ബാംബോലിം: ഐഎസ്എല്‍ ഏഴാം സീസണിലെ ഏഴാം മത്സരത്തില്‍ ആദ്യ വിജയം നേടിയ കേരള ബ്ലാസ്റ്റേഴ്സ് ജയം തുടരാന്‍ പോരിനിറങ്ങുന്നു. ഈ സീസണിലെ എട്ടാം മത്സരത്തില്‍ കേരളാ ടീം മുംബൈ സിറ്റിയെ എതിരിടും. ബാംബോലിമിലെ ഗോവ മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ രാത്രി 7.30 ന് കളി തുടുങ്ങും.
ഐഎസ്എല്ലില്‍ മുന്നോട്ടുള്ള പ്രയാണത്തിന് ബ്ലാസ്റ്റേഴ്സിന് വിജയം അനിവാര്യമാണ്. ഏഴു മത്സരങ്ങളില്‍ ഒരു വിജയം മാത്രം നേടിയ വിക്കുനയുടെ ടീം ആറു പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ്. ഏഴാം കളിയില്‍ ഹൈദരാബാദ് എഫ്സിയെ തകര്‍ത്തുവിട്ടതിന്റെ ആവേശത്തിലാണ് ബ്ലാസ്റ്റേഴ്സ്. ഐഎസ്എല്ലില്‍ ആദ്യ വിജയം നേടിയതോടെ ടീം സെറ്റായിക്കഴിഞ്ഞു.
എന്നാല്‍ കണക്കുകളില്‍ മുംബൈ സിറ്റിക്കാണ് മുന്‍തൂക്കം. നേരത്തെ നടന്ന ഐഎസ്എല്‍ ആറു സീസണുകളിലായി ബ്ലാസ്റ്റേഴ്സും മുംബൈ സിറ്റിയും പന്ത്രണ്ട് തവണ കൊമ്പുകോര്‍ത്തു. ഇതില്‍ നാല് മത്സരങ്ങളില്‍ മുംബൈ വിജയക്കൊടി നാട്ടി. ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത് രണ്ട് മത്സരങ്ങളില്‍ മാത്രം. ആറു മത്സരങ്ങള്‍ സമനിലയായി. ഏറ്റവും അവസാനമായി മുംബൈയിലെ ആന്ധേരി സ്പോര്‍ട്സ് കോപ്ലക്സിലാണ് ഇരു ടീമുകളും ഏറ്റുമുട്ടിയത്. ഈ മത്സരം സമനിലയായി.
ഈ സീസണില്‍ മികച്ച പ്രകടനം കാഴ്ചവച്ചുവരുന്നു മുംബൈ സിറ്റി വിജയം നേടി ഒന്നാം സ്ഥാനത്തേക്ക് കയറാനുള്ള പുറപ്പാടിലാണ്. ഏഴു മത്സരങ്ങളില്‍ പതിനാറ് പോയിന്റുള്ള മുംബൈ സിറ്റി നിലവില്‍ രണ്ടാം സ്ഥാനത്താണ്. ഇന്ന് വിജയിച്ചാല്‍ അവര്‍ക്ക് എടികെമോഹന്‍ ബഗാനെ പിന്തള്ളി ഒന്നാം സ്ഥാനത്ത് എത്താനാകും.
ഈ സീസണില്‍ ഇതുവരെ കളിച്ച ഏഴു മത്സരങ്ങളില്‍ അഞ്ചിലും അവര്‍ വിജയം നേടി. ഒരിക്കലേ തോല്‍വി അറിഞ്ഞിട്ടൊള്ളൂ. രണ്ട് മത്സരങ്ങളില്‍ സമനില പിടിച്ചു. ശക്തമായ പ്രതിരോധമാണ് മുംബൈയുടെത്. മുന്നേറ്റനിരയും മധ്യനിരയും ശക്തം തന്നെ. അതിനാല്‍ ജയിക്കാനായി ബ്ലാസ്റ്റേഴ്സിന് കഠിനപ്രയത്നം വേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: