ഹൂസ്റ്റണ്‍: കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞു കവിയുന്ന ആശുപത്രികള്‍, പുതിയ വാര്‍ഡുകള്‍ തുറക്കാന്‍ നിര്‍ബന്ധിതരായി ആശുപത്രി അധികൃതര്‍… ഹൂസ്റ്റണിലെ അവസ്ഥയാണിത്. കോവിഡ് ടെസ്റ്റിന് എത്തുന്നവരുടെ സംഖ്യ നിയന്ത്രണാതീതമായി വരുന്നു. ഈ സാഹചര്യങ്ങള്‍ നിലനില്ക്കുമ്പോള് നിങ്ങള്‍ വീട്ടില്‍ തന്നെ കഴിയണമെന്ന അഭ്യര്‍ഥനയുമായി ഹൂസ്റ്റണിലെ ഏറ്റവും തിരക്കേറിയ യുണൈറ്റഡ് മെമ്മോറിയല്‍ മെഡിക്കല്‍ സെന്ററിലെ ഡോ. ജോസഫ് വാറന്‍ രംഗത്തെത്തി.
ഹൂസ്റ്റണില്‍ സ്ഥിതിഗതികള്‍ വളരെ ഗുരുതരമായി കഴിഞ്ഞിരിക്കുന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ ജനം വീഴ്ച വരുത്തുന്നു. യാത്രകളും കൂട്ടംകൂടലും വര്‍ധിക്കുന്നു, താങ്ക്സ് ഗിവിങ്ങ്, ക്രിസ്മസ് ആഘോഷങ്ങള്‍ കഴിഞ്ഞതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നതെന്നും, ഇനിയും അടുത്തു വരുന്ന ന്യുഇയര്‍ ആഘോഷങ്ങള്‍ കഴിയുന്നതോടെ കോവിഡ് വ്യാപനം അനിയന്ത്രിതമാകുമെന്നും ഡോക്ടര്‍ മുന്നറിയിപ്പ് നല്കി.
കൊറോണ വൈറസ് ഇവിടെ തന്നെയുണ്ട്, അതു എവിടേക്കും പോകുന്നില്ല, അതു മനസിലാക്കി പ്രവര്‍ത്തിക്കണം. ന്യുഇയര്‍ ആഘോഷങ്ങള്‍ക്ക് ആരും പുറത്തുപോകരുത്. വീട്ടില്‍ തന്നെ ആഘോഷിക്കുന്നവരുണ്ടെങ്കില്‍ പത്തുപേരില്‍ കവിയരുതെന്നും ഡോക്ടര്‍ പറഞ്ഞു. ഹാരിസ് കൗണ്ടിയില്‍ മാത്രം കൊറോണ വൈറസ് പോസിറ്റിവ് സ്ഥിരീകരിച്ചവരുടെ ശതമാനം ചൊവ്വാഴ്ച വൈകിട്ട് 13.4 ആയി ഉയര്‍ന്നിരിക്കുന്നു. ഓഗസ്റ്റ് മധ്യത്തിനുശേഷം ആദ്യമായാണ് ഇത്രയും വര്‍ധന ഉണ്ടായിരിക്കുന്നത്.
ഹൂസ്റ്റണിലെ പ്രധാന കൗണ്ടിയായ ഹാരിസ് കൗണ്ടിയില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ ശതമാനം 15 ആയി വര്‍ധിച്ചിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിക്കുകയും വീട്ടില്‍ തന്നെ കഴിയുകയുമാണ് കോവിഡ് വ്യാപനം തടയുന്നതിന് ഉചിതമായ മാര്‍ഗം എന്നാണ് നിര്‍ദേശം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: