തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പുതുവത്സര ആഘോഷങ്ങള്‍ക്കും ആളുകള്‍ കൂട്ടം കൂടുന്നതിനും സംസ്ഥാനത്ത് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. രാത്രി പത്തു മണിയോടെ എല്ലാ പുതുവത്സര പരിപാടികളും അവസാനിപ്പിക്കണമെന്നാണ് നിര്‍ദ്ദേശം.
കോവിഡ് പ്രോട്ടോക്കോള്‍ അനുസരിച്ച് മാത്രമേ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ പാടുള്ളൂ. പൊതുസ്ഥലത്ത് കൂട്ടായ്മകള്‍ പാടില്ല. ബീച്ചുകളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. ജനിതകമാറ്റം സംഭവിച്ച് കൊറോണ വൈറസ് ഇന്ത്യയില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കേന്ദ്ര ആഭ്യന്തര, ആരോഗ്യ മന്ത്രാലയങ്ങള്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. സംസ്ഥാനങ്ങള്‍ക്ക് നടപടി കൈക്കൊള്ളാമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേരളത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്.
ആഘോഷാവസരങ്ങളില്‍ ആളുകള്‍ കൂടുന്നത് രോഗവ്യാപനത്തിന് ഇടയാക്കുമെന്നതിനാല്‍ പുതുവത്സര വേളയില്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തും. കോഴിക്കോട് ജില്ലയിലെ ബീച്ചുകളില്‍ ഡിസംബര്‍ 31 മുതല്‍ ജനുവരി നാല് വരെ പ്രവേശനം 6 മണി വരെ മാത്രമാക്കി ചുരുക്കി. ബീച്ചുകളില്‍ എത്തുന്നവര്‍ ഏഴ് മണിക്ക് മുമ്പ്് തിരിച്ചു പോകണം. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇത്തരത്തില്‍ പോലീസിന്റെയും മറ്റ് വകുപ്പുകളുടെയും കര്‍ശന നിരീക്ഷണം ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: