ന്യൂദല്‍ഹി : രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷത്തിന് ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി അയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനിതകമാറ്റം സംഭവിച്ച കോവിഡ് രാജ്യത്ത് സ്ഥിരീകരിച്ചതിന് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കിയിരുന്നു. ഈ നിര്‍ദ്ദേശങ്ങള്‍ ആരോഗ്യ മന്ത്രാലയവും ആവര്‍ത്തിച്ചിട്ടുണ്ട്.
സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്തി കൊറോണ വ്യാപനം ചെറുക്കുന്നതിന് ആവശ്യമെങ്കില്‍ രാത്രി കാല കര്‍ഫ്യൂ ഉള്‍പ്പെടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം. നിയന്ത്രണങ്ങള്‍ സംബന്ധിച്ച് അന്തിമ തീരുമാനം സംസ്ഥാന സര്‍ക്കാരുകളുടേതാണ്. സംസ്ഥാനങ്ങള്‍ക്ക് ഉള്ളിലും അന്തര്‍സംസ്ഥാന യാത്രയ്‌ക്കും ചരക്ക് ഗതാഗതത്തിനും നിരോധനമേര്‍പ്പെടുത്താന്‍ പാടില്ല.
പ്രാദേശിക സാഹചര്യങ്ങള്‍ വിലയിരുത്തി ഡിസംബര്‍ 30, 31, ജനുവരി 1 എന്നീ തീയതികളില്‍ ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് കൂടാതെ വിദേശത്ത് നിന്ന് വരുന്നവരെ പ്രത്യേക പരിശോധനയ്‌ക്ക് വിധേയമാക്കാനും നിര്‍ദ്ദേശമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: