തിരുവനന്തപുരം: സ്ത്രീ സുരക്ഷ വിഷയമാക്കി കേരളത്തില്‍ നടത്തുന്ന ‘ഷീ’ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന് പിന്തുണയുമായി മലയാളത്തിലെ സൂപ്പര്‍ സ്റ്റാറുകളും അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരും. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ചുവാര്യര്‍ , ഖുശ്ബു സുന്ദര്‍ എന്നിവര്‍ ഫെസ്റ്റിവലിന്റെ ബ്രോഷര്‍ ഫേസ് ബുക്കില്‍ പങ്കുവെച്ചാണ് പിന്തുണ അറിയിച്ചതെന്ന് ഫെസ്റ്റിവല്‍ ഉപദേശക സമിതി അംഗം ജി. സുരേഷ് കുമാര്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു.
എഴുത്തുകാരിയും പോര്‍ച്ചുഗീസ് സംവിധായികയുമായ മാര്‍ഗരിഡ മൊറീറ, വിഖ്യാത ചലച്ചിത്രകാരനും എഴുത്തുകാരനും നടനുമായ കെന്‍ ഹോംസ് , അവാര്‍ഡ് നേടിയ ഐറിഷ് നടി ആന്‍ഡ്രിയ കെല്ലി , ബ്രിട്ടീഷ് സംവിധായിക അബിഗയില്‍ ഹിബ്ബര്‍ട്ട് , ക്രൊയേഷ്യന്‍ നടി ഇവാന ഗ്രഹോവാക് , ബ്രിട്ടീഷ് നടന് ക്രിസ് ജോണ്സണ്, ബ്രിട്ടീഷ് നടിമാരായ ആലീസ് പാര്‍ക്ക് ഡേവിസ്, വെറോണിക്ക ജെഎന്‍ ട്രിക്കറ്റ് , അമേരിക്കന്‍ നടന് ഫ്രെഡ് പാഡില്ല തുടങ്ങി അന്താരാഷ്ട്ര പ്രശസ്തരായ ചലച്ചിത്ര പ്രവര്‍ത്തകരും നവമാധ്യമങ്ങളിലൂടെ ഷീ ഷോര്‍ട് ഫിലിം ഫെസ്റ്റിവല്‍ വിജയിപ്പിക്കണമെന്ന ആഹ്വാനവുമായി എത്തിയതായും സുരേഷ് കുമാര്‍ പറഞ്ഞു.
സുഗതകുമാരി ടീച്ചര്‍ അവസാനമായി സംസാരിച്ചത് ”ഷീ’ ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന് വീഡിയോ അവതരിപ്പിച്ചായിരുന്നു. ഒരു സ്ത്രീയെ സഹായിക്കാന്‍ ജീവന് ത്യജിച്ച രക്തസാക്ഷിയായ ജടായുവിന്റെ കഥ പറഞ്ഞ സുഗതകുമാരി സ്ത്രീ സുരക്ഷയെ പറ്റി എത്ര പറഞ്ഞാലും മതിയാവില്ലന്നും ഏറ്റവും ഉചിതമായി ശ്രദ്ധിക്കേണ്ട സമയമാണിതെന്നും വ്യക്തമാക്കിയാണ് പിന്തുണ അറിയിച്ചത്.
ജടായു രാമ കള്‍ച്ചറല്‍ സെന്റര്‍ നടത്തുന്ന ഷോര്‍ട് ഫിലിം ഫെസ്റ്റിവലിന്റെ രജിസ്ട്രേഷന് പുരോഗമിക്കുകയാണ്. ആദ്യ രെജിസ്ട്രേഷന്, രാജഗിരി കോളേജ് വിദ്യാര്‍ഥിനിയായ എം.എസ് ധ്വനി, ഭവന്‍സ് വരുണ വിദ്യാലയത്തിലെ എം.എസ്.ധാത്രി എന്നീ കുട്ടികളില്‍ നിന്നും സ്വീകരിച്ചുകൊണ്ട് തിരക്കഥാകൃത്ത് ജോണ്‍ പോളും സംവിധായകന് എം മോഹനും മേജര്‍ രവിയും കലാഭവന്‍ പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ഉല്‍ഘാടനം ചെയ്തിരുന്നു.
ഫെബ്രുവരി 15 ആണ് ചിത്രങ്ങള്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി . പരമാവധി 10 മിനിറ്റ് വരെയുള്ള ചിത്രങ്ങള്‍ എച് ഡി ഫോര്‍മാറ്റില്‍ ആയിരിക്കണം സമര്‍പ്പിക്കേണ്ടത്. ജേതാക്കള്‍ക്ക് അവാര്‍ഡു തുകയക്ക് പുറമെ പ്രമുഖ സംവിധായകരുടെ കൂടെ പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിക്കും.
ഒന്നാം സമ്മാനം 50,000 രുപ , രണ്ടാം സമ്മാനം 25,000 രൂപ , മൂന്നാം സമ്മാനം 15,000രൂപ ഏറ്റവും നല്ല സംവിധാനം, ഉള്ളടക്കം , അഭിനയം , എഡിറ്റിങ്, സിനിമാറ്റോഗ്രഫി, സംഗീതം തുടങ്ങിയവയ്ക്ക് 10,000 രൂപവീതം എന്നിങ്ങനെയാണ് സമ്മാന തുക.
മല്ലിക സുകുമാരന്‍, രാധ , എം ആര് ഗോപകുമാര്‍, വിജി തമ്പി, തുളസിദാസ്, മേനക, ജലജ, പ്രവീണ, മായാ വിശ്വനാഥ്, രാധാകൃഷ്ണന്, ഗിരിജ സേതുനാഥ് എന്നിവരടങ്ങിയ ജൂറിയാണ് അവാര്‍ഡ് നിര്‍ണ്ണയിക്കുക.
സംവിധായകരായ പ്രിയദര്ശന്, രാജസേനന്, രാജീവ് അഞ്ചല്‍, ജി എസ് വിജയന്, വേണു നായര്‍, മേജര്‍ രവി, നടന് സുരേഷ് ഗോപി, ഖുശ്ബു സുന്ദര്‍ , നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, സംഗീതജ്ഞ പ്രൊഫ. കെ ഓമനക്കുട്ടി തുടങ്ങിയവരാണ് ഫെസ്റ്റിവലിന്റെ ഉപദേശക സമിതിയില്‍ ഉള്ളത്.
സംവിധായകന് ശ്രീവല്ലഭന്, ശരത് ചന്ദ്ര മോഹന്‍, ജെ എസ് ആനന്ദ് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു
പ്രതികരിക്കാൻ ഇവിടെ എഴുതുക: