പാലക്കാട് : ബിജെപി അധികാരത്തില്‍ വരുന്നത് തടയുന്നതിനായി സംസ്ഥാനത്ത് വ്യാപകമായി എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ സഖ്യമുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്. രമേശ് ചെന്നിത്തല സംസ്ഥാനത്തെ യുഡിഎഫിനെ കുഴിച്ചുമൂടുകയാണെന്നും സുരേന്ദ്രന് അരോപിച്ചു. പാലക്കാട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പഞ്ചായത്തുകളില്‍ അധ്യക്ഷന്മാരെ തെരഞ്ഞെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെമ്പാടും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ സഖ്യം വ്യാപകമാണ്. യുഡിഎഫിനെ പൂര്‍ണമായും എല്‍ഡിഎഫിന് മുന്നില്‍ ചെന്നിത്തല അടിയറവ് പറയിച്ചു. പിണറായിയുടെ ബി ടീം ആയി യുഡിഎഫ് മാറി. എല്‍ഡിഎഫും യുഡിഎഫും ചേര്‍ന്ന് ഭരണത്തിലെത്തിയ എല്ലാ പഞ്ചായത്തുകളിലും ആയിരക്കണക്കിന് ആളുകളെ അണിനിരത്തി ബിജെപി പ്രതിഷേധം സംഘടിപ്പിക്കും.
ജനാധിപത്യ പ്രക്രിയയെ അട്ടിമറിച്ചുകൊണ്ടാണ് എല്‍ഡിഎഫ്, യുഡിഎഫ് സഖ്യം നിലനില്‍ക്കുന്നത്. ഇത്രയും അഴിമതിയും അക്രമവും മാര്‍ക്സിസ്റ്റ് ഭരണവും നിലനില്‍ക്കുന്ന ഭരണത്തെ യുഡിഎഫ് പിന്തുണയ്ക്കുന്ന വിധത്തിലുള്ള നിലപാട് എന്തുകൊണ്ടാണ് സ്വീകരിക്കുന്നതെന്നും ചെന്നിത്തല വക്തമാക്കണം.
സാമന്ത പ്രതിപക്ഷമാണ് ഇപ്പോള്‍ നിലനില്‍ക്കുന്നത്. യുഡിഎഫ് നിര്‍ഗുണ പരബ്രഹ്മമായി മാറി. ഇവര്‍ ജനങ്ങളുടെ വികാരം മനസ്സിലാക്കുന്നില്ല. എല്‍ഡിഎഫിന്റെ അടിമകളാണ് യുഡിഎഫ്. യുഡിഎഫ് പിരിച്ചുവിട്ട് എല്‍ഡിഎഫില്‍ ലയിക്കണം. രാഷ്ട്രീയ നൈതികത, ധാര്‍മിക മൂല്യങ്ങള്‍ മറന്നുകൊണ്ടുള്ള കൂട്ടുകെട്ടാണിത്. മഹാസഖ്യം കേരളത്തിലേക്ക് വ്യാപിപ്പിക്കാന്‍ ചെന്നിത്തല നോക്കണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയ ഭീതി കൊണ്ടാണ് ചെന്നിത്തലയുടെ ഈ നിലപാട്. എല്‍ഡിഎഫ് – യുഡിഎഫ് കൂട്ടുകെട്ടിനെതിരെ പ്രചാരണം തുടങ്ങും. നിയമസഭാ തെരഞ്ഞെടുപ്പിലും ഈ ബാന്ധവം ആവര്‍ത്തിക്കും. ഇതിനെതിരെ പോരാട്ടം തുടങ്ങും.
നെയ്യാറ്റിന്‍കര സംഭവത്തില്‍ എന്ത് നടപടിയാണ് ഉണ്ടായത്. കോടിയേരി ബാലകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് തെരച്ചില്‍ നടക്കുമ്പോള്‍ ഉണ്ടായിരുന്ന ബാലാവകാശ കമ്മിഷന്, മനുഷ്യാവകാശ കമ്മിഷന് എന്നിവര്‍ ഇപ്പോള്‍ എവിടെ. തെരഞ്ഞെടുപ്പിന് ശേഷം മുഖ്യമന്ത്രി ഇപ്പോള്‍ പൊതുജന സമ്പര്‍ക്കത്തിന് ഇറങ്ങിയിരിക്കുകയാണ്. ഇതില്‍ പാവപ്പെട്ടവരുടെ പ്രതിനിധികളായി ആരാണുള്ളത്. പൊതുജന സമ്പര്‍ക്ക പരിപാടി എന്നപേരില്‍ കൊട്ടിഘോഷിക്കുന്ന ഇതില്‍ ജാതി മതസംഘടനകളുടെ തലപ്പത്ത് ഇരിക്കുന്നവരേയും പണച്ചാക്കുകളേയുമാണ് ഇതില്‍ ഉള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: