ചാത്തന്നൂര്‍: ജീവിതത്തിന്റെ മുക്കാല്‍ ഭാഗത്തോളം പഞ്ഞി ശ്വാസകോശത്തിലേക്ക് വലിച്ചുകയറ്റി രോഗിയായി തീര്‍ന്ന സ്പിന്നിംഗ് മില്ലിലെ വിരമിച്ച തൊഴിലാളികള്‍ക്ക് ഗ്രാറ്റുവിറ്റിയും പെന്‍ഷനും ഇല്ലാതെ തെരുവില്‍ തെണ്ടേണ്ട അവസ്ഥ. അവസാനം ഗത്യന്തരമില്ലാതെ സമരവുമായി നിര്‍മാണപ്രവര്‍ത്തനത്തിന്റെ പേരില്‍ അടച്ചിട്ടിരിക്കുന്ന മില്ലിന്റെ മുന്നിലെത്തി. 2016 ന് ശേഷം പെന്‍ഷനായ തൊഴിലാളികളാണ് സമരവുമായി രംഗത്തെത്തിയത്.
ഇവര്‍ ജോലിചെയ്ത സമയത്ത് ശമ്പളത്തില്‍ നിന്നും പിടിച്ച ഗ്രാറ്റുവിറ്റിയും പിഎഫും ഒന്നും തന്നെ മാനേജ്മെന്റ് സര്‍ക്കാരിലേക്ക് അടച്ചിട്ടില്ല. ഇതാണ് ഇവരുടെ പെന്ഷന് മുടങ്ങാന്‍ കാരണം. മില്‍ ലേഓഫ് ആയശേഷമാണ് പണം അടയ്ക്കുന്നത് മുടങ്ങിയതെന്ന് തൊഴിലാളികള്‍ പറയുന്നു. ലേ ഓഫ് സമയത്ത് കൊടുത്ത പകുതി ശമ്പളത്തില്‍ നിന്നും ഗ്രാറ്റുവിറ്റിയും പിഎഫും പിടിച്ചുവെങ്കിലും അത് സര്‍ക്കാരിലേക്ക് അടച്ചിട്ടില്ല.
തൊഴിലാളികളുടെ അധ്വാനത്തിന്റെ വിഹിതം മാനേജ്മെന്റ് ബന്ധപ്പെട്ട വകുപ്പുകളില്‍ അടയ്ക്കാത്തത് മൂലമാണ് പെന്ഷന് മുടങ്ങാന്‍ കാരണം. ഈ വിഹിതം പൂര്‍ണമായും അടയ്ക്കാതെ പെന്ഷന് ഇവര്‍ക്ക് കിട്ടുകയും ഇല്ല. പെന്ഷന് ആയി തൊഴില്‍ ഇല്ലാതായി രോഗങ്ങള്‍ മൂലം മറ്റ് തൊഴില്‍ ചെയ്യാന്‍ വയ്യാതായതോടെ പലരും പട്ടിണിയിലായി കുടുംബം കൊറോണ കൂടി വന്നതോടെ പലരും മുഴുപ്പട്ടിണിയിലേക്ക് മാറി.
തൊഴിലാളിയായിരിക്കുമ്പോള്‍ പിടിച്ച കൊടിയുടെ പിന്തുണ പോലും ഇല്ലാതായതോടെയാണ് രാഷ്ട്രീയം മറന്ന് തൊഴിലാളികള്‍ സമരത്തിനായി മില്ലിന്റെ മുന്നിലെത്തിയത്. സമരം തുടങ്ങിയിട്ട് ദിവസങ്ങള്‍ കഴിഞ്ഞിരിക്കുന്നു. മാനേജ്മെന്റിന്റെ ഭാഗത്തുനിന്നും യാതൊരുവിധ പ്രതികരണവും ഇല്ലാതായതോടെ മില്‍ ചെയര്‍മാന്റെ വീടിന്റെ മുന്നിലേക്ക് മാര്‍ച്ചു ചെയ്യാന്‍ ഒരുങ്ങുകയാണ് തൊഴിലാളികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: