ഇടുക്കി: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പൂട്ടിച്ച ജില്ലയിലെ അനധികൃത ആനസവാരി കേന്ദ്രങ്ങള്‍ വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചു. വനം വകുപ്പ് മന്ത്രിയുടെ ഇടപെടലിനെ തുടര്‍ന്ന് കുമളി കേന്ദ്രീകരിച്ചാണ് വീണ്ടും ആനസവാരി നടക്കുന്നതെന്നാണ് വിവരം.
ക്രിസ്തുമസ്-നവ വത്സര ആഘോഷങ്ങളുടെ ഭാഗമായി സഞ്ചാരികളെത്തി തുടങ്ങിയത് മുതലെടുത്താണ് സവാരി. കുമളി ആനവച്ചാലില് ബിജു പി. മാത്യു എന്നയാളുടെ ഉടമസ്ഥതയിലുള്ള കേന്ദ്രത്തില്‍ ആനസവാരി നടക്കുന്നതായാണ് ഇവിടെ എത്തിയ സഞ്ചാരികള്‍ നല്കുന്ന വിവരം. കുമളിയിലാകെ നാല് ആനസവാരി കേന്ദ്രങ്ങളാണുള്ളത്. ഇതില്‍ മിക്കയിടത്തും സവാരി രഹസ്യമായി നടക്കുന്നുണ്ട്.
2019 ആഗസ്റ്റിലാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് ജില്ലയിലെ ആനസവാരി കേന്ദ്രങ്ങള്‍ കളക്ടര്‍ ഇടപെട്ട് ആദ്യം പൂട്ടിച്ചത്. പിന്നീട് ഇവര്‍ മന്ത്രിയെ കണ്ട് രണ്ട് മാസത്തേക്കുള്ള ഇളവ് വാങ്ങിയെടുത്ത് വീണ്ടും സവാരി നടത്തി. പിന്നാലെ കൊറോണയെത്തുകയും നടപടി കടിപ്പിക്കുകയും ചെയ്തതോടെ സവാരി നിലച്ചു.
നാട്ടാനകളെ ടിക്കറ്റ് നല്കി സഫാരിക്ക് ഉപയോഗിക്കുമ്പോള്‍ പെര്‍ഫോമിങ് ആനിമല്‍സ് രജിസ്ട്രേഷന് നിര്‍ബന്ധമാണ്. ഇത് ഇല്ലാതെ വന്നതോടെയാണ് ഇവയ്ക്ക്
പൂട്ട് വീണത്. ആനയുടെ ലൈസന്‍സ് കൃത്യമായി ഇല്ലാത്തതാണ് ഇതിന് വിലങ്ങ് തടി. സംഭവം അറിഞ്ഞില്ലെന്നും പരിശോധിക്കുമെന്നും ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് വ്യക്തമാക്കി. അതാത് വനം വകുപ്പ് റേഞ്ച് ഓഫീസര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച് കേസെടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ഒരു ആനയെ സ്വന്തം ജില്ലവിട്ട് പുറത്ത് കൊണ്ടുപോയാല്‍ 15 ദിവസത്തിനകം തിരികെ എത്തിക്കണമെന്നാണ് പറയുന്നത്. ജില്ലയിലെ ഒമ്പത് സവാരി കേന്ദ്രങ്ങളിലായി 43 ആനകളുണ്ട്. ഇവയെല്ലാം തന്നെ ഇപ്പോഴും സവാരി കേന്ദ്രങ്ങളില്‍ തുടരുകയാണ്. ഇത്തരത്തില്‍ നിയമ ലംഘനങ്ങള്‍ തുടരുമ്പോഴും അധികൃതര്‍ ഇവ കണ്ടില്ലെന്ന് നടിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: