മൂന്നാര്‍: രാജ്യത്തെ നടുക്കിയ പെട്ടിമുടി ദുരന്തത്തിന്റെ ജീവിക്കുന്ന രക്തസാക്ഷികള്‍ക്ക് വേണ്ടി നിര്‍മ്മിക്കുന്ന വീടുകളുടെ മറവിലും പണം വെട്ടിപ്പെന്നു പരാതി. അനുവദിച്ച തുകയുടെ പാതിയില്‍ താഴെ മാത്രം മുടക്കി നിര്‍മ്മാണം നടത്തുന്നതായാണ് ആക്ഷേപം.
കെഡിഎച്ച് വില്ലേജിലെ കുറ്റിയാര്‍വാലിയിലാണ് 8 കുടുംബങ്ങള്‍ക്കായി 50 സെന്റ് ഭൂമി സര്‍ക്കാര്‍ കഴിഞ്ഞ നവംബര്‍ ഒന്നിന് പതിച്ച് നല്‍കിയത്. ഓരോ കുടുംബത്തിനും 5 സെന്റ് വീതവും ബാക്കി റോഡിനുമായാണ് കൈമാറിയത്. സ്ഥലം വിട്ടുനല്‍കിയില്ലെന്നും വീട് നിര്‍മ്മിച്ച് നല്‍കാമെന്നും കെഡിഎച്ച്പി കമ്പനി അറിയിച്ചതോടെയായിരുന്നു പട്ടയം നല്കാന് അടിയന്തര നടപിട വന്നത്. ഒരു കോടി രൂപയാണ് ഇതിനായി ടാറ്റ ട്രസ്റ്റ് അനുവദിച്ചത്. പിന്നാലെ അര്‍ഹതപ്പെട്ട ഒരാള്‍ക്ക് കൂടി ഇവിടെ വീട് നിര്‍മ്മിച്ച് നല്കുവാന് തീരുമാനം വന്നു. ഇതോടെ ആകെ വീടുകള്‍ ഒമ്പതായി.
ഒരു വീടിന് ശരാശരി 3.5 ലക്ഷം രൂപ മാത്രമാണ് ചെലവ് വരികയുള്ളൂവെന്ന് ദുരന്തത്തില്‍ രണ്ട് മക്കള്‍ നഷ്ടപ്പെട്ട ഷണ്മുഖനാഥന് പറഞ്ഞു. സ്ഥലത്തെത്തി പരിശോധിച്ച ശേഷം നിര്‍മ്മാണത്തിലെ നിലവാര കുറവടക്കം സംഭവം ശ്രദ്ധയില്‍പ്പെടുത്തിയിട്ടും ആരും നടപടി എടുക്കാന്‍ തയാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കാറ്റുപിടിക്കാന് സാധ്യതയുള്ള സ്ഥലമായിട്ടും മേല്‍ക്കൂര കോണ്‍ക്രീറ്റു ചെയ്യുന്നത് ഒഴിവാക്കി ഷീറ്റ് മേയുകയാണ് നിലവില്‍ ചെയ്യുന്നത്. പെമ്പിളൈ ഒരുമൈ മുന്‍ നേതാവ് ഗോമതി അഗസ്റ്റിനും ഇക്കാര്യം സ്ഥിരീകരിക്കുന്നു. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള സ്ഥലമാണെന്ന ഭയം തൊഴിലാളികള്‍ക്കുണ്ടെന്നും അവര്‍ പറഞ്ഞു. അനുവദിച്ച തുക പ്രകാരം സംരക്ഷണ ഭിത്തി കെട്ടാനും റോഡിനുമായി 20 ലക്ഷം നീക്കിവച്ചാലും ഒരു വീടിന്റെ നിര്‍മ്മാണത്തിന് 9 ലക്ഷത്തോളം രൂപ ലഭിക്കേണ്ടതാണ്.
1300 രൂപ ചതുരശ്ര അടിയ്ക്ക് കൂട്ടിയാലും ഒരു വീടിന് 7.15 ലക്ഷം രൂപ. മേല്‍ക്കൂര കോണ്‍ക്രീറ്റ് അല്ലെന്നിരിക്കെ ഈ തുകയും കുറയും. 100 രൂപ ചതുരശ്ര അടിക്ക് കണക്ക് കൂട്ടിയാല്‍ അലുമിനിയം ഷീറ്റിടുന്നതിന് ശരാശരി 55,000 രൂപമാത്രമാണ് ചെലവ് വരികയെന്ന് ഈ രംഗത്തെ വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു.
രണ്ട് നിരകളിലായാണ് വീടുകളുടെ നിര്‍മ്മാണം നടക്കുന്നത്. മൂന്ന് കെട്ടിടങ്ങളുടെ നിര്‍മ്മാണം ഏതാണ്ട് എണ്പതു ശതമാനത്തിലധികവും പൂര്‍ത്തിയായി കഴിഞ്ഞു. 5 വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഒരു വീടിന്റെ നിര്‍മ്മാണം തുടങ്ങിയിട്ടില്ല.
550 ചതുരശ്ര അടിയുള്ള വീടാണ് നിര്‍മ്മിക്കുന്നതെന്ന് കെട്ടിടങ്ങളുടെ നിര്‍മ്മാണ ചുമതലയുള്ള കെഡിഎച്ച്പിയുടെ ഉദ്യോഗസ്ഥന് പറഞ്ഞു. രണ്ട് മുറി, അടുക്കള, ഹാള്‍ തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. സംരക്ഷണ ഭിത്തിയടക്കം നിര്‍മ്മിക്കാന്‍ വലിയ തുക മുടക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ സ്ഥലത്ത് പോയി പരിശോധിക്കാനായില്ലെന്ന് ദേവികുളം തഹസില്‍ദാര്‍ ജിജി കുന്നപ്പിള്ളിയും പറഞ്ഞു. കെട്ടിട നിര്‍മ്മാണത്തില്‍ അപാകതയുണ്ടോ എന്നത് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കമ്പനി നേരിട്ട് നിര്‍മ്മിക്കുന്നതായതിനാല്‍ വിഷയത്തില്‍ ഇടപെടുന്നതിന് പരിമിതിയുണ്ടെന്ന് ജില്ലാ കളക്ടര്‍ എച്ച്. ദിനേശന് പറഞ്ഞു.
ആഗസ്റ്റ് ആറിന് രാത്രിയിലുണ്ടായ പെട്ടിമുടി ദുരന്തത്തില്‍ 32 കുടുംബങ്ങളിലെ 70 പേരാണ് മരിച്ചത്. ദുരന്തത്തില്‍പ്പെട്ട നാല് പേരെ ഇനിയും കണ്ടെത്താനിയിട്ടില്ല. മിക്ക കുടുംബങ്ങളും അപകടത്തില്‍ നാമവശേഷമായി. അവശേഷിച്ചവര്‍ക്ക് വേണ്ടിയാണ് വീട് നിര്‍മ്മാണം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: