സമ്പന്നരായ സംരംഭകരുടെ പട്ടികകള്‍ നമ്മള് ധാരാളം കേട്ടിട്ടുണ്ട്. എന്നാല്‍ പ്രൊഫഷണല്‍ മാനേജര്‍മാര്‍ക്കിടയിലെ ധനികരെ അറിയാമോ? ഏറ്റവും സമ്പന്നനായ ഇന്ത്യന്‍ പ്രൊഫഷണല്‍ ഒരു മലയാളി കൂടിയാണെന്നതാണ് ശ്രദ്ധേയം കോട്ടയത്തുകാരന് തോമസ് കുര്യനാണ് ഏറ്റവും സമ്പന്നനായ പ്രൊഫഷണല്‍ മാനേജര്‍. 11,300 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്.
ഹുറണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് പ്രകാരം ഏറ്റവും സമ്പന്നരായ 10 ഇന്ത്യന്‍ പ്രൊഫഷണലുകളെ ബിസിനസ് വോയിസ് പരിചയപ്പെടുത്തുന്നു
തോമസ് കുര്യന്
11,300 കോടി രൂപ
രാജ്യാന്തര ടെക് വമ്പന്‍ ഗൂഗിളിന്റെ ക്ലൗഡ് ഡിവിഷന് മേധാവിയാണ് കോട്ടയം കോത്തല പുള്ളോലിക്കല്‍ തോമസ് കുര്യന്. ബെംഗളൂരു സെന്റ് ജോസഫ്സ് ബോയ്സ് ഹൈസ്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയായ ഈ അന്പത്തൊന്നുകാരന് പ്രിന്‍സ്റ്റണ്‍ സര്‍വകലാശാലയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബാച്ലര് ഡിഗ്രിയും സ്റ്റാന്‍ഫോഡ് സര്‍വകലാശാലയില്‍നിന്ന് എംബിഎയും നേടി. രാജ്യാന്തര വെഞ്ച്വര്‍ ഫണ്ട്, ഐടി കമ്പനികളിലെ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സില്‍ അഡൈ്വസറി അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ന്യൂയോര്‍ക്കില്‍ മക്കിന്‍സി & കമ്പനിയിലാണ് കരിയറിന് തുടക്കം കുറിക്കുന്നത്. അതിന് ശേഷം ഒറക്കിളില്‍ ചേര്‍ന്നു. രണ്ട് പതിറ്റാണ്ടിലധികം അവിടെ തുടര്‍ന്ന കുര്യന് ഒറക്കിളിന്റെ വളര്‍ച്ചയില്‍ നിര്‍ണായക സ്ഥാനം വഹിച്ചു. ഒറക്കിളിലെ തന്റെ ഓഹരി വിറ്റതിലൂടെയാണ് സമ്പത്ത് വര്‍ധിച്ചത്
കുര്യന്റെ നേതൃത്വത്തില്‍ ഓറക്കിള്‍ ഫ്യൂഷന്‍ മിഡില്‍വെയര്‍ ബിസിനസില്‍ ഏറെ നേട്ടം കൈവരിച്ചിരുന്നു. ഓറക്കിള്‍ ഫ്യൂഷന്‍ ആപ്ലിക്കേഷന്‍ വികസിപ്പിക്കുന്നതിലും മുഖ്യ പങ്കാളിയായിരുന്നു.
2015 ല്‍ ഓറക്കിളിന്റെ പ്രസിഡന്റ് പദവിയിലെത്തി. കമ്പനിയുടെ സോഫ്റ്റ്്വെയര്‍ ഡവലപ്മെന്റിന്റെ ചുമതല വഹിക്കുകയായിരുന്നു. തോമസ് കുര്യന്റെ ഇരട്ട സഹോദരന് ജോര്‍ജ് കുര്യനും യുഎസില്‍ സോഫ്റ്റ്്വെയര്‍ രംഗത്തു പ്രധാന പദവി വഹിക്കുകയാണ്
ജയ്ശ്രീ ഉള്ളാല്‍
9,100 കോടി രൂപ
രണ്ടാം സ്ഥാനത്ത് ജയശ്രീ ഉള്ളാലാണ്. ആര്‍ട്ടിസ്റ്റ നെറ്റ് വര്‍ക്ക്സിന്റെ പ്രസിഡന്റും സിഇഒയുമാണ് 59കാരിയായ ജയശ്രീ. 2014ല്‍ ആര്‍ട്ടിസ്റ്റ പ്രഥമ ഓഹരി വില്‍പ്പനയിലൂടെ കുതിപ്പ് നടത്തിയത് ജയശ്രീയുടെ നേതൃത്വത്തിലായിരുന്നു.
അജയ്പാല്‍ സിങ് ബംഗ
7,200 കോടി രൂപ
മാസ്റ്റര്‍കാര്‍ഡിന്റെ പ്രസിഡന്റും സിഇഒയുമായ അജയ്പാല്‍ സിങ് ബംഗയാണ് പ്രൊഫഷണല്‍ മാനേജര്‍മാരുടെ സമ്പന്നപട്ടികയില്‍ മൂന്നാംസ്ഥാനത്തുള്ളത്. 7,200 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. മാസ്റ്റര്‍കാര്‍ഡില്‍ ഓഹരി വിറ്റതിലൂടെയാണ് സമ്പത്ത് കൂടിയത്. 2016ല്‍ പത്മശ്രീ ലഭിച്ചിട്ടുണ്ട്.
നികേഷ് അറോറ
6,500 കോടി രൂപ
ബിസിനസ് എക്സിക്യൂട്ടിവുകള്ക്കിടയിലെ മിന്നും താരമായിരുന്ന നികേഷ് അറോറയാണ് നാലാം സ്ഥാനത്തുള്ളത്. 6,500 കോടി രൂപയാണ് അദ്ദേഹത്തിന്റെ സമ്പത്ത്. നിലവില്‍ പാളോ ഓള്‍ട്ടോ നെറ്റ് വര്‍ക്ക്സിന്റെ സിഇഒയും ചെയര്‍മാനുമാണ് നികേഷ്. സോഫ്റ്റ്ബാങ്ക്, ഗൂഗിള്‍ തുടങ്ങിയ വമ്പന്‍ കമ്പനികളില്‍ നേതൃത്വപദവികളിലിരുന്നിട്ടുണ്ട് നികേഷ് അറോറ.
സത്യ നാദെല്ല
5,900 കോടി രൂപ
ഏറ്റവും സമ്പത്തുള്ള മാനേജര്‍മാരുടെ കൂട്ടത്തില്‍ അഞ്ചാമന് സത്യ നാദെല്ലയാണ്. ഹൈദരാബാദില്‍ ജനിച്ചുവളര്‍ന്ന നാദെല്ല ഇന്ന് മൈക്രോസോഫ്റ്റിന്റെ സിഇഒയാണ്. കംപ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദത്തിനായി യുഎസിലേക്ക് പോയ നാദെല്ല 1992 മുതല്‍ മൈക്രോസോഫ്റ്റില്‍ ജോലി ചെയ്തുവരികയാണ്. മൈക്രോസോഫ്റ്റ് തന്നെയാണ് പ്രധാന വരുമാനസ്രോതസ്സ്.
സുന്ദര്‍ പിച്ചായ്
5,900 കോടി രൂപ
നാദെല്ലയ്ക്കൊപ്പം സുന്ദര്‍ പിച്ചായും അഞ്ചാം സ്ഥാനം പങ്കിടുന്നു. 2004ല്‍ ഗൂഗിളിനൊപ്പം ചേര്‍ന്ന സുന്ദര്‍ പിച്ചായ് കേവലം ഒരു പതിറ്റാണ്ടിനുള്ളിലാണ് ടെക് ഭീമന്റെ സിഇഒ പദവിയിലെത്തിയത്. ലോകത്ത് ഏറ്റവുമധികം ശമ്പളം പറ്റുന്ന സിഇഒമാരില്‍ പ്രധാനിയാണ് പിച്ചായ്. ഗൂഗിള്‍ ക്രോമിന്റെ വികസനത്തിലും ആന്‍ഡ്രോയിഡിന്റെ ഏറ്റെടുക്കലിലും മുഖ്യപങ്കുവഹിച്ചത് സുന്ദര്‍ പിച്ചായാണ്.
ശാന്തനു നാരായെന്
4,500 കോടി രൂപ
അഡോബിയുടെ ചെയര്മാന് സ്ഥാനത്തുള്ള ശാന്തനു നാരായെനാണ് സമ്പന്ന പ്രൊഫഷണലുകളുടെ പട്ടികയിലുള്ള ഏഴാമന്. ആപ്പിളിലാണ് ശാന്തനു തന്റെ കരിയര്‍ ആരംഭിച്ചത്. നിലവില്‍ യുഎസ്-ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ നേതൃനിരയിലും ശാന്തനു സജീവമാണ്. 2019ല്‍ പത്മശ്രീ ലഭിച്ചിരുന്നു.
ഇന്ദ്ര കെ നൂയി
3,500 കോടി രൂപ
പെപ്സികോയുടെ മുന്സിഇഒയും ചെയര്‍പേഴ്സണുമായ ഇന്ദ്ര നൂയിയാണ് പട്ടികയില്‍ എട്ടാം സ്ഥാനത്തുള്ളത്. 25 വര്‍ഷത്തോളം പെപ്സികോയില്‍ പ്രവര്‍ത്തിച്ച നൂയിയുടെ സമ്പത്തിന്റെ പ്രധാന സ്രോതസും അതുതന്നെയാണ്. ഐസിസിയുടെ ആദ്യത്തെ വനിതാ ഡയറക്റ്ററുമായിരുന്നു ഇന്ദ്ര നൂയി.
ഇഗ്നേഷ്യസ് നെവില്‍ നൊറോണ
3,200 കോടി രൂപ
അവെന്യൂ സൂപ്പര്‍ മാര്ട്ട്സിന്റെ സിഇഒയാണ് ഇഗ്നേഷ്യസ് നെവില്‍. 3,200 കോടി രൂപയാണ് സമ്പത്ത്. ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ഡിമാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള സംരംഭമാണ് അവെന്യൂ സൂപ്പര്‍മാര്‍ട്ട്സ്. ഒരു ഇന്ത്യന്‍ കമ്പനിയുടെ ബോര്‍ഡില്‍ സേവനമനുഷ്ടിക്കുന്ന ഏറ്റവും സമ്പന്ന പ്രൊഫഷണല്‍ മാനേജരാണ് ഇഗ്നേഷ്യസ്.
ആദിത്യ പുരി
1,300 കോടി രൂപ
എച്ച്ഡിഎഫ്സി ബാങ്കിന്റെ മാനേജിംഗ് ഡയറക്റ്ററായിരുന്ന ആദിത്യ പുരിയാണ് പത്താമന്‍. 1,300 കോടിയാണ് സമ്പത്ത്. ജൂലൈയില്‍ എച്ച്ഡിഎഫ്സിയിലെ ഓഹരി വിറ്റ് 842 കോടി നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: