കണ്ണൂര്‍: കാലഹരണപ്പെട്ട പിഎസ്സി ലിസ്റ്റില്‍ നിന്ന് ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുളള ആരോഗ്യ വകുപ്പിന്റെ ഉത്തരവ് വിവാദമാകുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡെന്റല്‍ കോളേജുകളില്‍ പുതുതായി സൃഷ്ടിച്ച അധ്യാപക തസ്തികകളില്‍ മൂന്നുമാസം മുമ്പ് കാലാവധി തീര്‍ന്ന പിഎസ്സി ലിസ്റ്റിലുളള ഉദ്യോഗാര്‍ത്ഥികളെ നിയമിക്കണമെന്ന അസാധാരണമായ ഉത്തരവ് പ്രതിഷേധത്തിന് കാരണമായി. ചരിത്രത്തിലിന്നേവരെ കാലാവധി കഴിഞ്ഞ ലിസ്റ്റുകളുടെ കാലാവധി നീട്ടാതെ മാസങ്ങള്‍ക്ക് ശേഷം ലിസ്റ്റിലെ ഉദ്യോഗസ്ഥരെ ജോലിക്ക് പരിഗണിച്ച സംഭവം ഉണ്ടായിട്ടില്ല. അത്യപൂര്‍വ്വമായ ഉത്തരവിന് പിന്നില്‍ വന്‍ അഴിമതിയെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്.
സര്‍ക്കാര്‍ ഡെന്റല്‍ കോളേജുകളുടെ സുഗമമായ പ്രവര്‍ത്തനത്തിന് എന്ന പേരില്‍ അധിക തസ്തിക സൃഷ്ടിച്ചും അധികമുളള അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികകള്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളായി ഉയര്‍ത്തിയും കഴിഞ്ഞ 19നാണ് ആരോഗ്യ വകുപ്പ് പുറത്തിറക്കിയത്. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയരക്ടര്‍ അഞ്ച് തവണ നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും സെപ്തംബര്‍ 18ന് കാലാവധി അവസാനിച്ച പിഎസ്സി ലിസ്റ്റില്‍ നിയമനം ലഭിക്കാത്തവരുടെ നിവേദനത്തിന്റെയും അടിസ്ഥാനത്തിലാണ് ഉത്തരവെന്നാണ് സര്‍ക്കാര്‍ വിഞ്ജാപനത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്. സെപ്തംബര്‍ 18 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
കൊവിഡ് കാലത്ത് ഒരൊറ്റ പിഎസ്സി ലിസ്റ്റുകളുടേയും കാലാവധി സര്‍ക്കാര്‍ നീട്ടി നല്‍കിയിട്ടില്ലെന്നിരിക്കെ കാലാവധി അവസാനിച്ച പിഎസ്സി ലിസ്റ്റില്‍ നിന്നും ഉദ്യോഗാര്‍ത്ഥികളെ നിയമിക്കാനുളള നീക്കം കടുത്ത നിയമ ലംഘനമാണെന്ന് ചൂണ്ടാക്കാട്ടപ്പെടുന്നു. ഒന്നുകില്‍ ലിസ്റ്റിന്റെ കാലാവധി തീരുംമുമ്പെ തസ്തികകള്‍ സൃഷ്ടിക്കുകയോ അല്ലെങ്കില്‍ കാലാവധി നീട്ടി നല്‍കുകയോ ചെയ്യണമെന്നിരിക്കെ ആര്‍ക്കു വേണ്ടിയാണ് പുതിയ ഉത്തരവെന്ന ചോദ്യം ഉയരുകയാണ്. നിയമനം സംബന്ധിച്ച് പുതിയ കീഴ്വഴക്കം സൃഷ്ടിക്കുക വഴി പിഎസ്സിയുടെ കാലാവധി കഴിഞ്ഞ മറ്റ് ലിസ്റ്റുകളിലുളളവര്ക്കും സമാനമായ പരിഗണന ലഭിക്കുമോയെന്നാണ് ഉദ്യോഗാര്‍ത്ഥികള്‍ ചോദിക്കുന്നത്.
കൊവിഡ് കാലത്തെ കാലാവധി കഴിഞ്ഞ ലിസ്റ്റുകളുടെ കാലാവധി നീട്ടാന്‍ വിവിധ ലിസ്റ്റുകളിലുളളവര് ആവശ്യപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗം ബക്കറ്റിനകത്ത് വെച്ചിരിക്കുന്ന വെള്ളമല്ലെന്നും ലിസ്റ്റിലുളളവര്ക്കെല്ലാം ജോലി ലഭിക്കില്ലെന്നുമായിരുന്നു ചില സിപിഎം നേതാക്കള്‍ പറഞ്ഞത്. ഉയര്‍ന്ന ശമ്പളമുളള ഡെന്റല്‍ അധ്യാപക തസ്തികയില്‍ കാലഹരണപ്പെട്ട ലിസ്റ്റിലുളളവരെ തിരികി കയറ്റുന്നതിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നും ഇതുവഴി വന്‍ സാമ്പത്തിക ഇടപാടുകള്‍ നടക്കുമെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: