പരവൂര്‍: പരവൂര്‍ നറുക്കെടുപ്പിലൂടെ നഗരസഭയുടെ പുതിയ ചെയര്‍പേഴ്സണായ യുഡിഎഫിലെ പി. ശ്രീജയെ തെരഞ്ഞെടുത്തു. കോട്ടമൂല വാര്‍ഡില്‍ കോണ്‍ഗ്രസ് പ്രതിനിധിയായാണ് ഇവര്‍ മത്സരിച്ച് വിജയിച്ചത്. ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പില്‍ ഇവരെ കൂടാതെ പുതിയിടം വാര്‍ഡിലെ കൗണ്‍സിലര്‍ എല്‍ഡിഎഫിലെ ഒ. ഷൈലജ, ബിജെപിയിലെ മണിയംകുളം വാര്‍ഡ് പ്രതിനിധി എസ്. ഷീല എന്നിവരാണ് മത്സരിച്ചത്.
ആദ്യവട്ടം വോട്ടെടുപ്പ് പൂര്‍ത്തിയായപ്പോള്‍ യുഡിഎഫിനും എല്‍ഡിഎഫിനും 14 വോട്ടുകള്‍ വീതം ലഭിച്ചു. ബിജെപിക്ക് നാല് വോട്ടുകളും കിട്ടി. തുടര്‍ന്ന് കുറഞ്ഞ വോട്ടുകള്‍ കിട്ടിയ ബിജെപി സ്ഥാനാര്‍ഥിയെ ഒഴിവാക്കി വീണ്ടും വോട്ടെടുപ്പ് നടത്തുകയായിരന്നു.
ഈ വോട്ടെടുപ്പിലും എല്‍ഡിഎഫ്-യുഡിഎഫ് സ്ഥാനാര്‍ഥികള്‍ 14 വോട്ടുകള്‍ നേടി തുല്യത പാലിച്ചു. തുടര്‍ന്നാണ് വരണാധികാരി നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. നറുക്കെടുപ്പില്‍ ഭാഗ്യം ചെയ്തത് ശ്രീജയെയാണ്. തുടര്‍ന്ന് ശ്രീജ വരണാധികാരി ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ കെ.സി. ഹരിലാല്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഇവര്‍ നഗരസഭാ കൗണ്‍സിലില്‍ നേരത്തേ ഒരുതവണ അംഗമായിരുന്നു. എംഎ മ്യൂസിക് ബിരുദധാരിയാണ്. സംഗിത അധ്യാപിക കൂടിയാണ്.
വലിയ ഒരു ഇടവേളയ്ക്ക് ശേഷമാണ് യുഡിഎഫിന് ഇവിടെ ഭരണം ലഭിക്കുന്നത്. മറ്റ് മൂനഗരസഭകളിലും എല്‍ഡിഎഫിന് വന്‍ ഭൂരിപക്ഷമുള്ള സ്ഥിതിക്ക് പരവൂരിലെ നേട്ടം യുഡിഎഫിനെ സംബന്ധിച്ചിടത്തോളം ഏറെ ആശ്വാസം നല്‍കുന്നതാണ്.
അതേസമയം ഉച്ചകഴിഞ്ഞ് നടന്ന വൈസ് ചെയര്മാന് തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിലെ നേരുകടവ് വാര്‍ഡിലെ സിപിഎം കൗണ്‍സിലര്‍ എ. സഫറുള്ള നറുക്കെടുപ്പിലൂടെ തെരഞ്ഞെടുപ്പെട്ടു. തെക്കുംഭാഗം വാര്‍ഡിലെ മുസ്ലിംലീഗ് കൗണ്‍സിലര്‍ ജെ. ഷെരീഫിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. കുറമണ്ടല് വാര്‍ഡിലെ എല്‍. സിന്ധുവായിരുന്നു ബിജെപി സ്ഥാനാര്‍ഥി.
ചെയര്‍പേഴ്സണ്‍ തെരഞ്ഞെടുപ്പിന്റെ തനിയാവര്‍ത്തനമായിരുന്നു ഇവിടെയും. പരവൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ പ്രസിഡന്റായ സഫറുള്ള ആദ്യമായാണ് നഗരസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: