കൊല്ലം: കുണ്ടറയിൽ മാരക മയക്കുമരുന്നുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുണ്ടറ പടപ്പക്കര എൻ.എസ് നഗറില്‍ ജോണ്‍ വിലാസം വീട്ടില്‍ സ്റ്റാലിന്‍ മകന്‍ നദുല്‍ (21) ആണ് പിടിയിലായത്. കൊല്ലം റൂറല്‍ എസ്‌പി ആർ. ഇളങ്കോ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് അറസ്റ്റ്.
കൊല്ലം റൂറല്‍ ഡാന്‍സഫ് ഡിവൈഎസ്‌പി എ. അശോകന്റെ നിര്‍ദേശ പ്രകാരം ക്രിസ്തുമസ് ന്യൂഇയര്‍ പ്രമാണിച്ചു കൊല്ലം റൂറല്‍ ഡാന്‍സഫ് ടീം കുണ്ടറ പടപ്പക്കരയില്‍ നടത്തിയ പരിശോധനയില്‍ പൗച്ച് അടക്കം 2.7ഗ്രാം മയക്കുമരുന്നുമായി നദുലിനെ പിടികൂടിയത്. എംഡിഎംഎ (മെത്തലിന്‍ ഡയോക്സി മെത്തഫെറ്റാമിന്‍ ) എന്ന മാരക മയക്കുമരുന്നാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. ഇയാള്‍ തിരുവനന്തപുരം ജില്ലയില്‍ കഞ്ചാവ് കേസില്‍ പ്രതിയാണ്.
കൊല്ലം റൂറല്‍ ജില്ലയില്‍ ആദ്യമായാണ് എംഡിഎംഎ എന്ന ഇനത്തില്‍ പെട്ട മയക്കുമരുന്ന് പിടികൂടുന്നത്. ഒരു ഗ്രാം എംഡിഎംഎ 6000 രൂപ നിരക്കിലാണ് ഇയാള്‍ വില്പന നടത്തിയിരുന്നത്. ഒരു ഗ്രാം എംഡിഎംഎ ആവശ്യമുള്ളവര്‍ പൗച് എന്നും അര ഗ്രാം ആവശ്യമുള്ളവര്‍ പോയിന്റ് എന്നും കോഡ് ഭാഷ ഉപയോഗിച്ചാണ് നദുലിനെ ബന്ധപ്പെട്ടിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: