ലോകക്ഷേമം മുന്‍നിര്‍ത്തിയുള്ള ഭാരതത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പുതിയ ആഗോളസാമ്പത്തിക ക്രമത്തില്‍ വലിയ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കയാണെന്നും എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപം നടത്താനുള്ള മികച്ച സമയമാണിതെന്നും കേന്ദ്ര വിദേശകാര്യസഹമന്ത്രി വി മുരളീധരന് ബിസിനസ് വോയ്സിന് അനുവദിച്ച പ്രത്യേക അഭിമുഖത്തില്‍ പറയുന്നു. സംസ്ഥാനത്തിന്റെ വികസനത്തിന് പൂര്‍ണപിന്തുണയാണ് കേന്ദ്രം നല്‍കുന്നതെന്നും അദ്ദേഹം
കോവിഡ് സൃഷ്ടിച്ച സാമ്പത്തിക വെല്ലുവിളികളെ എങ്ങനെ നോക്കിക്കാണുന്നു, പ്രത്യേകിച്ചും പ്രവാസികളെ അതെങ്ങനെ ബാധിച്ചെന്നാണ് വിലയിരുത്തല്‍?
ആഗോളതലത്തില്‍തന്നെ സമ്പദ് വ്യവസ്ഥയില്‍ വലിയ തിരുത്തലുകള്‍ സൃഷ്ടിച്ചു കോവിഡ്19. വിദേശത്ത് ജോലി ചെയ്യുന്ന ഇന്ത്യക്കാര്‍ക്കും നമ്മുടെ നാട്ടിലെ ജനങ്ങള്‍ക്കുമെല്ലാം അത് പലതലങ്ങളിലുള്ള വെല്ലുവിളികള്‍ ഉയര്‍ത്തി. ഇന്ത്യയിലേക്കെത്തുന്ന പ്രവാസിപ്പണം ഏകദേശം 83 ബില്യണ്‍ ഡോളറാണ്. അതും ബാധിക്കപ്പെട്ടു. അതേസയമം കോവിഡ് പ്രതിരോധത്തില്‍ നാം ഏറെ ദൂരം പിന്നിട്ടുകഴിഞ്ഞു. സാമ്പത്തിക പുനരുജ്ജീവനത്തിലേക്കാണ് ഇപ്പോള്‍ ശ്രദ്ധ കൊടുക്കുന്നത്. അധികം വൈകാതെ തന്നെ ഇന്ത്യയിലും വിദേശത്തുമെല്ലാം കൂടുതല്‍ അവസരങ്ങള്‍ തുറക്കപ്പെടും. സമൂഹങ്ങളുടെ അതിജീവനശേഷി കൂടിയാണ് കോവിഡ് പരീക്ഷിച്ചത്. ഗള്‍ഫ് രാജ്യങ്ങള്‍ ഉള്‍പ്പടെയുള്ള വിദേശ സമ്പദ് വ്യവസ്ഥകളുടെ വളര്‍ച്ചയിലും പ്രതിസന്ധികളെ ചെറുത്തുനില്ക്കാനുള്ള ശേഷിയിലും പ്രവാസി ഇന്ത്യക്കാരുടെ പങ്ക് തെളിയിക്കപ്പെടുക കൂടി ചെയ്തിരിക്കുന്നു.
കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ക്കായി കേന്ദ്രസര്‍ക്കാര്‍ കൈക്കൊണ്ട നടപടികളുടെ ഫലപ്രാപ്തിയെ എങ്ങനെ നോക്കിക്കാണുന്നു?
വിദേശരാജ്യങ്ങളിലെ നമ്മുടെ ദൗത്യങ്ങള്‍ അവിടുത്തെ ജനങ്ങളെ പരമാവധി സഹായിക്കുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു. ചിലര്‍ക്ക് പ്രാദേശികമായ തലത്തില്‍ സഹായം ചെയ്തു നല്കി. തിരിച്ചുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി വന്ദേഭാരത് മിഷന് അവതരിപ്പിച്ചു. ഒക്റ്റോബര്‍ 15 വരെയുള്ള കണക്കനുസരിച്ച് 18.32 ലക്ഷം ഇന്ത്യക്കാരെയാണ് പല മാര്‍ഗങ്ങളിലൂടെ നാട്ടിലെത്തിച്ചത്.
തിരിച്ചുവരുന്ന ഇന്ത്യക്കാരുടെ നൈപുണ്യം സംബന്ധിച്ച വിവരങ്ങളും ‘സ്വദേശ്’ പദ്ധതിക്ക് കീഴില്‍ സര്‍ക്കാര്‍ ശേഖരിച്ചു. നമ്മുടെ നാട്ടിലെ വ്യവസായവുമായി ബന്ധപ്പെട്ടുള്ള തൊഴിലവസരങ്ങള്‍ പ്രവാസികള്‍ക്ക് ഉപയോഗപ്പെടുത്താന്‍ വേണ്ടിയായിരുന്നു അത്. നൈപുണ്യവികസന, സംരംഭകത്വ മന്ത്രാലയത്തിന്റെയും വ്യോമയാന, വിദേശകാര്യ മന്ത്രാലയത്തിന്റെയും സംയുക്ത ആഭിമുഖ്യത്തില്‍ ആയിരുന്നു സ്വദേശ് പ്രൊജക്റ്റിന് കീഴിലുള്ള നൈപുണ്യ വിവര ശേഖരണം. രാജ്യവ്യാപകമായി ഗുണം ചെയ്ത ഗരീബ് കല്യാണ്‍ രോജ്ഗാര്‍ അഭിയാന് പ്രധാനമന്ത്രി പ്രഖ്യാപിച്ചത് കോവിഡ് മഹാമാരി അതിന്റെ മൂര്‍ധന്യത്തിലെത്തിയ സമയത്താണ്. കുടിയേറ്റ തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ഈ തൊഴില്‍ പദ്ധതിക്കായി 50,000 കോടി രൂപയാണ് നീക്കിവച്ചത്.
പ്രവാസികളെ ഉന്നമിട്ടുള്ള ക്ഷേമ പദ്ധതികള്‍ വിശദമാക്കാമോ?
പ്രവാസി ഇന്ത്യക്കാരുടെ ക്ഷേമം മുന്‍നിര്‍ത്തിയുള്ള പദ്ധതികള്‍ക്കാണ് സര്‍ക്കാര്‍ എപ്പോഴും മുന്‍ഗണന നല്‍കിയിട്ടുള്ളത്. പ്രവാസി ഭാരതീയ ദിവസ്, പ്രവാസി സമ്മേളനങ്ങള്‍, ഇന്ത്യയെ അറിയല്‍ പരിപാടികള്‍, പ്രവാസികളുടെ കുട്ടികള്‍ക്ക് ഇന്ത്യയിലെ കേന്ദ്ര സര്‍വകലാശാലകളില്‍ പഠിക്കുന്നതിനുള്ള സ്കോളര്‍ഷിപ്പ് പദ്ധതികള്‍ തുടങ്ങിയവയെല്ലാം ചില ഉദാഹരണങ്ങള്‍ മാത്രം.
രാജ്യത്തിന് പുറത്തും അകത്തുമുള്ള ഇന്ത്യന്‍ ഗവേഷകരുമായും അക്കാഡമിക് വിദഗ്ധരുമായും അടുത്തിടെ നടന്ന ‘വൈഭവ്’ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തിയതും ഇതിന്റെ പശ്ചാത്തലത്തിലാണ്. ഇന്ത്യന്‍ പ്രവാസികളുടെ വിജയം ആഘോഷിക്കുന്നതോടൊപ്പം തന്നെ ഇന്ത്യയില്‍ ജോലി ചെയ്യാന്‍ അവരെ ക്ഷണിക്കുക കൂടിയായിരുന്നു അത്തരം ഇടപെടലുകളുടെ ഉദ്ദേശ്യം.
സമ്പദ് വ്യവസ്ഥയെ ഉത്തേജിപ്പിക്കുന്നതിന്റെ ഭാഗമായി ഘടനാപരമായ പല പരിഷ്കരണങ്ങളും നടത്തുകയുമുണ്ടായി. ഇതിന്റെ ഫലമായാണ് രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം എത്തിയത്. 2019 ജനുവരിക്കും 2020 ജൂലൈയ്ക്കും ഇടയില്‍ ഏകദേശം 70 ബില്യണ്‍ ഡോളറിന്റെ നിക്ഷേപമാണ് സ്ഥാപക നിക്ഷേപകരില്‍ നിന്നായി എത്തിയത്. ഈ വര്‍ഷത്തെ ആദ്യ ആറ് മാസങ്ങളില്‍ എത്തിയ 20 ബില്യണ്‍ ഡോളറിന്റെ നിക്ഷേപവും ഇതില്‍ ഉള്‍പ്പെടും.
നമ്മുടെ ചില സംസ്ഥാനങ്ങളുടെ കാലഹരണപ്പെട്ട തൊഴില്‍, വ്യവസായ നയങ്ങള്‍ നിക്ഷേപകരെ അകറ്റിനിര്‍ത്തിയിട്ടുണ്ടെങ്കിലും തൊഴില്‍ പരിഷ്കരണങ്ങളിലൂടെയും മറ്റും പരമാവധി നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമമാണ് കേന്ദ്രം നടത്തുന്നത്. എന്‍ആര്‍ഐകള്‍ക്ക് ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള സമയമാണിത്.
കേരളത്തിന്റെ വികസനത്തിന് കേന്ദ്രം എത്രമാത്രം പിന്തുണ നല്‍കുന്നുണ്ട്?
ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി നിരവധി കാലം പ്രവര്‍ത്തിച്ചിട്ടുള്ള നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതുകൊണ്ടുതന്നെ ഒരു സംസ്ഥാനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളും അവര്‍ക്ക് മുന്നിലുള്ള അവസരങ്ങളും അദ്ദേഹത്തിന് നന്നായി മനസിലാകും. ഈ ധാരണയുടെ അടിസ്ഥാനത്തിലാണ് സാമ്പത്തിക സഹകരണമുള്‍പ്പടെയുള്ള കാര്യങ്ങളില്‍ എല്ലാ നയങ്ങളും രൂപപ്പെടുത്തുന്നത്. ദേശീയതലത്തിലുള്ള വികസന പദ്ധതികളിലെല്ലാം കേരളവും പൂര്‍ണമായും ഭാഗഭാക്കാണ്. മികച്ച രീതിയില്‍ തന്നെ കേരളം പ്രതിനിധീകരിക്കപ്പെടുന്നുമുണ്ട്. എല്ലാ വികസന പദ്ധതികളിലും കേന്ദ്രത്തിന്റെ പൂര്‍ണ പിന്തുണയും സഹകരണവും കേരളത്തിന് ലഭിക്കുന്നുണ്ട്.
ഭാരതത്തെ ആഗോള നേതൃപദവിയിലെത്തിക്കുന്നതില് പുതിയ കാര്‍ഷിക, വിദ്യാഭ്യാസ നയങ്ങള്‍ക്കുള്ള പങ്കിനെ കുറിച്ച് എന്താണ് അഭിപ്രായം?
ലോകക്ഷേമം മുന്‍നിര്‍ത്തിയുള്ള ഇന്ത്യയുടെ ഇടപെടലുകള്‍ ഓരോ പൗരനും സ്വപ്നം കാണുന്നതാണ്. ഈ സ്വപ്നം മുന്‍നിര്‍ത്തിയുള്ള കര്‍മപദ്ധതിയാണ് ‘ആത്മനിര്‍ഭര്‍ ഭാരത്’ അഥവാ ‘സ്വാശ്രയ ഭാരത’മെന്ന ആശയത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചത്. ആഭ്യന്തരതലത്തില്‍ രാജ്യം ശക്തികൈവരിച്ച് ആഗോള തലത്തില്‍ കൂടുതല്‍ സദ് പ്രഭാവം ചെലുത്തുകയാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്. ഉള്‍വലിഞ്ഞുള്ള ആശയമല്ലത്, മറിച്ച് വിശാലവും സകലരെയും ഉള്‍ക്കൊള്ളുന്നതുമാണ്.
2030 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ ജില്ലയിലും ഏറ്റവും ചുരുങ്ങിയത് ഒരു വമ്പന്‍ ബഹുവിഷയ ഉന്നതവിദ്യാഭ്യാസ സ്ഥാപനമെങ്കിലുമുണ്ടായിരിക്കും
വിദ്യാഭ്യാസ, കാര്‍ഷിക രംഗങ്ങളില്‍ ഉള്‍പ്പെടെ അടുത്തിടെ കേന്ദ്രം കൈക്കൊണ്ട പരിഷ്കരണങ്ങളെല്ലാം തന്നെ ഈ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ളതാണ്. സാമ്പത്തിക, സാമൂഹ്യ വ്യത്യാസങ്ങള്‍ക്ക് അതീതമായി എല്ലാവര്ക്കും ഉന്നത ഗുണനിലവാരത്തിലുള്ള വിദ്യാഭ്യാസം ഒരുപോലെ ലഭ്യമാകുന്നതിന് അവസരമൊരുക്കുന്നതാണ് പുതിയ വിദ്യാഭ്യാസ നയം.
2030 ആകുമ്പോഴേക്കും രാജ്യത്തെ ഓരോ ജില്ലയിലും ഏറ്റവും ചുരുങ്ങിയത് ഒരു വമ്പന്‍ ബഹുവിഷയ ഉന്നതവിദ്യാഭ്യാസ സ്ഥാപനമെങ്കിലുമുണ്ടായിരിക്കും. നമ്മുടെ യുവാക്കളുടെ വൈദഗ്ധ്യവും ഊര്‍ജവും ലോകത്തിന്റെയാകെ പുരോഗതിക്ക് ഉപയുക്തമാകും വിധം വളര്‍ത്തിയെടുക്കാന്‍ ശേഷിയുള്ളതാകും ഈ മുന്നേറ്റം.
ഇന്ത്യയിലെയും വിദേശത്തെയും സര്‍വകലാശാലകള്‍ക്ക് കൂടുതല്‍ സഹകരണത്തിലൂടെ മുന്നോട്ട് പോകാനുള്ള അവസരവും പുതിയ നയം ഒരുക്കുന്നു, വിദ്യാഭ്യാസരംഗത്തെ ആഗോള അജണ്ട നിശ്ചയിക്കുന്നതിലേക്ക് അത് നയിക്കും. മികച്ച സാങ്കേതികവിദ്യ സ്വാംശീകരിക്കാനും കൂടുതല്‍ വിളവ് നേടാനും കൃഷി വൈവിധ്യവല്‍ക്കരിക്കാനും തുറന്ന വിപണികള്‍ കണ്ടെത്താനുമെല്ലാം കര്‍ഷകരെ സഹായിക്കുന്നതാണ് പുതിയ കാര്‍ഷിക ബില്ലുകള്‍. കൃഷി ചെയ്യുന്ന പ്രക്രിയ വളരെ എളുപ്പമാക്കാനും അതില്‍ നിന്ന് മികച്ച വരുമാനം കൊയ്യാനും കര്‍ഷകരുടെ ജീവിത നിലവാരം ഉയര്‍ത്താനുമെല്ലാം അത് സഹായിക്കും. ആഗോള കാര്‍ഷിക വിതരണ ശൃംഖലയിലും ഭക്ഷ്യ സുരക്ഷയിലുമെല്ലാം ഈ പരിഷ്കരണങ്ങളുടെ മാറ്റങ്ങള്‍ പ്രതിഫലിക്കും.
നിലവില്‍ ഇന്ത്യ അഭിമുഖീകരിക്കുന്ന നയതന്ത്ര വെല്ലുവിളികളെ എങ്ങനെ നോക്കിക്കാണുന്നു?
വെല്ലുവിളികളേക്കാള്‍ ഉപരി, ഇന്ത്യക്ക് മുന്നിലുള്ള സാധ്യതകളെ കുറിച്ച് സംസാരിക്കാം. രാജ്യാന്തര ശാക്തികചേരികളുടെ സന്തുലനത്തില്‍ പൊളിച്ചെഴുത്തുകള്‍ നടന്നുകൊണ്ടിരിക്കുകയാണിപ്പോള്‍. ആഗോളതലത്തില്‍ സ്വാധീനം ചെലുത്തുന്ന ഉന്നത സ്ഥാനങ്ങളിലേക്കുള്ള ഇന്ത്യയുടെ പ്രവേശത്തിന് വലിയ പിന്തുണയാണ് ഈ കാലത്ത് ലഭിച്ചിരിക്കുന്നത്. യുഎന്‍ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വവിഷയം മാറ്റി നിര്‍ത്തിയാല്‍ ആഗോളതലത്തിലുള്ള പ്രധാനപ്പെട്ട മറ്റ് സംഘങ്ങളിലെല്ലാം തന്നെ ഇന്ത്യ അംഗമാണ്. നമ്മുടെ കാഴ്ച്ചപ്പാടുകളും ശബ്ദവും ഇടപെടലുകളുമെല്ലാം ഇന്ന് കൂടുതല്‍ കൂടുതല്‍ പേര് ആഗ്രഹിക്കുന്നു. യുഎന്നില്‍ പോലും ഇന്ത്യയുടെ പങ്കാളിത്തത്തെ മറ്റുള്ളവര്‍ വിലമതിക്കുന്നതിന്റെ തലം വളരെയധികം മാറിയിരിക്കുന്നു.
യുഎന്‍ സുരക്ഷാ സമിതിയിലെ താല്‍ക്കാലിക അംഗമായി അടുത്തിടെ ഇന്ത്യ തെരഞ്ഞെടുക്കപ്പെട്ടത് വമ്പന്‍ ഭൂരിപക്ഷത്തോടെയാണ്. കോവിഡ് മഹാമാരിയും സംരക്ഷണവാദവും അധികാര വടംവലികളുമെല്ലാം ആഗോള വിതരണ ശൃംഖലകളെ തകിടം മറിച്ചിരിക്കുന്നു. ലോകത്തിന്റെ പുതിയ ആശ്രയമായി ഭാരതം ഉയരുകയാണ്. 150ലധികം രാജ്യങ്ങള്‍ക്കാണ് നമ്മള് കോവിഡ് കെയര്‍ മരുന്നുകള്‍ നല്‍കിയത്. ലോകം ഇപ്പോള്‍ ഇന്ത്യയെ വിശ്വസിക്കുന്നു. ഇനി മുന്നിലുള്ള പ്രധാന ദൗത്യം ഇവിടുത്തെ വ്യാവസായിക രംഗത്തിന്റെ പുനരുജ്ജീവനവും നമ്മുടെ ശേഷികള്‍ കൂടുതല്‍ വികസിപ്പിക്കലുമാണ്.
‘നാം’ (ചേരിചേരാ പ്രസ്ഥാനം) പോലുള്ള വേദികളില്‍ കശ്മീര്‍ വിഷയം ഉയര്‍ത്താന്‍ ശ്രമിക്കുകയാണല്ലോ പാക്കിസ്ഥാന്?
കശ്മീരിനെ ചുറ്റിപ്പറ്റിയുള്ള ഒരു ‘നറേറ്റിവ്’ തങ്ങളുടെ സൗകര്യത്തിന് അനുസരിച്ച് സൃഷ്ടിച്ചെടുക്കാന്‍ കിണഞ്ഞ് പരിശ്രമിക്കുകയാണ് പാക്കിസ്ഥാന്. ധാര്‍മിക പിന്തുണ നല്‍കുന്നുവെന്ന വ്യാജേന കശ്മീരിനെയും കശ്മീരികളെയും പാക്കിസ്ഥാന്റെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അവരുടെ സര്‍ക്കാരുകളുടെ പരാജയങ്ങളില്‍ നിന്നും ദുഷ്ചെയ്തികളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിനും ഉപയോഗപ്പെടുത്തുകയാണ് ചെയ്യുന്നത്. കശ്മീരിലെ അവരുടെ അനധികൃത കൈയേറ്റത്തില്‍ നിന്നും മറ്റു അതിക്രമങ്ങളില്‍ നിന്നും മാധ്യമശ്രദ്ധ മാറ്റുകയും വേണം.
‘നാം’ പോലുള്ള ആഗോള വേദികളുടെ യോഗ അജണ്ടകള്‍ വകവയ്ക്കാതെ കശ്മീര്‍ വിഷയം എടുത്തിടുന്നത് പാക്കിസ്ഥാന്റെ അപക്വത കൂടിയാണ് വെളിവാക്കുന്നത്. കശ്മീരുമായി ബന്ധപ്പെട്ട നമ്മുടെ ഇടപാടുകളില്‍ യാതൊരുവിധ വ്യക്തതക്കുറവിനും സ്ഥാനമില്ല. കേന്ദ്രഭരണ പ്രദേശങ്ങളായ ജമ്മു & കശ്മീരും ലഡാക്കും ഭരണഘടന പ്രകാരം ഭാരതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണ്. അതിനാല്‍ തന്നെ പൂര്‍ണമായും നമ്മുടെ ആഭ്യന്തര വിഷയമാണത്.
അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനങ്ങളെ കുറിച്ച്?
അതിര്‍ത്തിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇരുരാജ്യങ്ങളും സമാധാനപരമായ ഇടപെടല്‍ നടത്തുമെന്ന ഉഭയകക്ഷി സമ്മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞ 30 വര്‍ഷമായി ഇന്ത്യചൈന ബന്ധത്തിലെ പുരോഗതി സംഭവിച്ചത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ പൊതുവായി നിര്‍വചിക്കപ്പെട്ട യഥാര്‍ത്ഥ നിയന്ത്രണ രേഖ (എല്‍എസി)യില്ല. മൊത്തത്തിലുള്ള എല്‍എസിയുമായി ബന്ധപ്പെട്ട് ഒരു പൊതു കാഴ്ച്ചപ്പാടുമില്ല. അതിനാല്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്തുന്നതിനായി ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി ധാരണകള്‍ ഉണ്ടാക്കിയിട്ടുണ്ട്.
1993, 1996, 2005, 2012 തുടങ്ങിയ വര്‍ഷങ്ങളിലാണ് ഈ കരാറുകള്‍ ഒപ്പുവച്ചത്. അതിര്‍ത്തിയില്‍ ആത്മവിശ്വസം ഉയര്‍ത്തുന്ന നടപടികളുടെ ഭാഗമായിട്ടായിരുന്നു ഇത്. എന്നാല്‍ ഈ വര്‍ഷം ആദ്യം മുതലുള്ള ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങളും നിലനിന്നിരുന്ന അവസ്ഥ ഏകപക്ഷീയമായി മാറ്റാനുള്ള ശ്രമങ്ങളുമെല്ലാം ഉഭയകക്ഷി കരാറുകളുടെ ലംഘനമാണ്. യഥാര്‍ത്ഥ നിയന്ത്രണ രേഖയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സമാധാനപരമായ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയെന്നത് മാത്രമാണ് ഇന്ത്യയുടെ നയം. ഇതുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി തവണ ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. നയതന്ത്ര, സൈനിക തലങ്ങളില്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്.
‘ക്വാഡി’ന്റെ പ്രസക്തി?
ഓസ്ട്രേലിയ, ജപ്പാന്, യുഎസ് തുടങ്ങിയ രാജ്യങ്ങളുമായുള്ള ക്വാഡ് ചര്‍ച്ചകള്‍ നമ്മുടെയും അവരുടെയും പൊതുതാല്‍പ്പര്യങ്ങളെ മുന്‍നിര്‍ത്തിയാണ്. കണക്റ്റിവിറ്റി, അടിസ്ഥാന സൗകര്യ വികസനം, സുരക്ഷ, ഭീകര വിരുദ്ധ പ്രവര്‍ത്തനങ്ങള്‍, സൈബര്‍ സഹകരണം, സമുദ്ര സുരക്ഷ തുടങ്ങി നിരവധി മേഖലകളുമായി ബന്ധപ്പെട്ട് ഈ രാജ്യങ്ങള്‍ തമ്മിലുള്ള പ്രായോഗിക സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിലൂടെ ഇന്തോപസഫിക് മേഖലയില്‍ സമാധാനവും സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കുകയെന്നതാണ് ഉദ്ദേശിക്കുന്നത്.
2019 സെപ്റ്റംബറില്‍ നടന്ന മന്ത്രിതലചര്ച്ചകളുടെ തുടര്‍ച്ചയായാണ് സഖ്യത്തിന്റെ ഭാഗമായ വിദേശകാര്യമന്ത്രിമാര്‍ ഈ ഒക്റ്റോബറില്‍ ടോക്ക്യോയില്‍ യോഗം ചേര്‍ന്നത്. കോവിഡാനന്തരമുള്ള അന്താരാഷ്ട്ര സാമ്പത്തിക ക്രമവും താങ്ങാവുന്ന വിലയില്‍ വാക്സിനുകളും മരുന്നും മെഡിക്കല്‍ ഉപകരണങ്ങളും ലഭ്യമാക്കുന്നതും എല്ലാമായിരുന്നു ചര്‍ച്ചാ വിഷയങ്ങള്‍. ‘ക്വാഡി’ന് പുറമെ ബ്രിക്സ്, ആര്‍ഐസി തുടങ്ങി നിരവധി ആഗോള സഖ്യങ്ങളില്‍ ഇന്ത്യ സജീവമാണ്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളൊന്നും തന്നെ ഒരു പ്രത്യേക രാജ്യത്തെയോ മറ്റ് ഗ്രൂപ്പിനെയോ ഉന്നമിട്ടുള്ളതല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: