നെയ്യാർഡാം: ഇല്ലായ്‌മയിൽ നിന്നും മിന്നും വിജയം നേടി ധന്യമോൾ ഒരു നാടിന്റെ അഭിമാനമാകുകയാണ്. അടിസ്ഥാനസൗകര്യങ്ങളുടെ അഭാവത്തിൽ അച്ഛൻ നഷ്ടപ്പെട്ട് ദാരിദ്ര്യത്തിന്റെ പ്രതികൂല ജീവിതസാഹചര്യത്തിലും കേരളാ യൂണിവേഴ്‌സിറ്റിയിൽ നിന്നും എംഎ ഹിന്ദി സാഹിത്യത്തിൽ ഒന്നാം റാങ്ക് നേടിയ മിടുക്കിയാണ് ധന്യമോൾ.
കള്ളിക്കാട് പഞ്ചായത്തിലെ നിരപ്പുക്കാല വാർഡിലെ ഇടവാച്ചൽ മുതലമല മേഖലയിൽ കുന്നിന്റെ മുകൾഭാഗത്തുകൂടി ഹൈറേഞ്ചു പ്രദേശത്തുകൂടി സഞ്ചരിക്കുന്നത് പോലെ സാഹസികമായി യാത്ര ചെയ്തുവേണം ധന്യയുടെ വീട്ടിലെത്താൻ. റോഡിന്റെ ഇരുവശവും കയറ്റം കുറയ്‌ക്കാൻ യന്ത്രങ്ങൾ ഉപയോഗിച്ച് ഇടിച്ചു താഴ്‌ത്തിയിട്ടുണ്ടെങ്കിലും വലിയ കുന്ന് താണ്ടി വേണം ലക്ഷ്യത്തിലെത്താൻ. ഒറ്റപ്പെട്ട ഭാഗത്താണ് ധന്യയുടെ ഒറ്റമുറിയുള്ള ചെറിയ വീടും പരിസരവും. കുടിവെള്ളം എത്തിയിട്ടില്ല. കുന്നിറങ്ങി സഞ്ചാരയോഗ്യമല്ലാത്ത റോഡിലൂടെ യാത്ര ചെയ്തു വേണം കുടിവെള്ളം ശേഖരിക്കാൻ.
കുടിവെള്ളമുൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ ധന്യയുടെ കുടുംബത്തിന് ലഭ്യമാക്കുമെന്ന് ധന്യയെ അഭിനന്ദിക്കാനെത്തിയ ബിജെപി പഞ്ചായത്തംഗങ്ങൾ പറഞ്ഞു. കഴിയുന്ന വിധത്തിലുള്ള എല്ലാ സഹായങ്ങളും ചെയ്യുമെന്ന് ഉറപ്പുകൊടുത്തുകൊണ്ടാണ് അംഗങ്ങൾ മുതലമല കുന്നിറങ്ങിയത്. കഷ്ടത നിറഞ്ഞ ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് കൊണ്ട് നല്ല വിജയം കരസ്ഥമാക്കിയ ധന്യമോൾക്ക് ഒരു നാടാകെ അഭിനന്ദനങ്ങൾ നൽകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: