മെല്‍ബണ്‍: അഡ്ലെയ്ഡിലെ തോല്‍വിക്ക് മെല്‍ബണില്‍ ഇന്ത്യയുടെ പ്രതികാരം. ഓസ്ട്രേലിക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നാണംകെട്ട തോല്‍വിയേറ്റു വാങ്ങിയതിന് മധുരപ്രതികാരമെന്നോണം മെല്‍ബണ്‍ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് ഉജ്ജ്വല ജയം. 8 വിക്കറ്റിനാണ് ഇന്ത്യ ഓസ്ട്രേലിയയെ പരാജയപ്പെടുത്തിയത്. ജയത്തോടെ 4 മത്സരങ്ങള്‍ ഉള്ള പരമ്ബര 1-1ന് സമനിലയില്‍ എത്തിക്കാന്‍ ഇന്ത്യക്കായി. രണ്ടാം ഇന്നിങ്സില്‍ ഓസ്ട്രേലിയന്‍ സ്കോര്‍ 200ല്‍ അവസാനിപ്പിച്ച ഇന്ത്യ ജയിക്കാനാവശ്യമായ 70 റണ്‍സ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ സ്വന്തമാക്കുകയായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെ അഭാവത്തില്‍ നേടിയ ജയം ഇന്ത്യയുടെ വിജയത്തിന്റെ തിളക്കം കൂട്ടുകയും ചെയ്തു.
രണ്ടാം ഇന്നിങ്സില്‍ ഇന്ത്യക്ക് 5 റണ്‍സ് എടുത്ത മായങ്ക് അഗര്‍വാളിന്റെയും 3 റണ്‍സ് എടുത്ത ചേതേശ്വര്‍ പൂജാരയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. എന്നാല്‍ 27 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ അജിങ്കെ രഹാനെയും 35 റണ്‍സ് എടുത്ത ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് കൂടുതല്‍ വിക്കറ്റ് നഷ്ട്ടങ്ങള്‍ ഇല്ലാതെ ഇന്ത്യക്ക് ജയം നേടികൊടുക്കുകയായിരുന്നു. നേരത്തെ രണ്ടാം ഇന്നിംഗിസില്‍ ഓസ്ട്രേലിയന്‍ നിരയില്‍ അവസാന ഓവറുകളില്‍ ചെറുത്തുനിന്ന പാറ്റ് കമ്മിന്‍സും മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഓസ്ട്രേലിയയുടെ സ്കോര്‍ 200 കടത്തിയത്. ഇന്ത്യക്ക് വേണ്ടി മുഹമ്മദ് സിറാജ് 3 വിക്കറ്റും ബുംറ, അശ്വിന്, ജഡേജ എന്നിവര്‍ 2 വിക്കറ്റ് വീതവും വീഴ്ത്തി.
ആദ്യ ഇന്നിങ്സില്‍ ക്യാപ്റ്റന്‍ അജിങ്കെ രഹാനെയുടെ സെഞ്ച്വറി മികവിലാണ് ഇന്ത്യ 326 റണ്‍സ് പടുത്തുയര്‍ത്തിയത്. തുടര്‍ന്ന് ഓസ്ട്രേലിയയുടെ ഇന്നിങ്സില്‍ 195ല്‍ ഒതുക്കിയ ഇന്ത്യ 131 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡും ആദ്യ ഇന്നിങ്സില്‍ സ്വന്തമാക്കിയിരുന്നു. അടുത്ത ടെസ്റ്റ് ജനുവരി 7ന് സിഡ്നിയില്‍ വെച്ച് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: