മെല്‍ബണ്‍: ആ നാണക്കേട് മറികടക്കാതെ വയ്യ. മെല്‍ബണിലെ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യയുടെ അത്യുഗ്രന്‍ തിരിച്ചുവരവ്, 36ന്റെ നാണക്കേട് മറികടക്കാനുള്ള മറുമരുന്നാണ്. ഓസ്ട്രേലിയയെ ഇടിച്ചിട്ട് പരമ്പര സമനിലയില്‍ പിടിക്കണം, നായകനും ടീമിലെ ഒന്നാം നമ്പര്‍ ബാറ്റ്സ്മാനുമായ വിരാട് കോഹ്ലിയുടെ അഭാവം ടീമിനെ തളര്‍ത്തിയില്ലെന്ന് തെളിയിക്കണം. മെല്‍ബണില്‍ തെളിയിക്കാന്‍ ഏറെയുണ്ട് ഇന്ത്യക്ക്. മൂന്നാം ദിനം കളി നിര്‍ത്തിമ്പോള്‍ ഓസ്ട്രേലിയയുടെ പോക്കറ്റില്‍ ലീഡ് രണ്ട് റണ്‍സ് മാത്രം. ഇന്ത്യക്ക് മുന്നിലുള്ളത് നാല് വിക്കറ്റുകളും. നാലാംദിനം ആദ്യ സെഷനില്‍ തന്നെ വാലറ്റത്തെ പിഴുത് കളി കൈയിലാക്കുകയാണ് രഹാനയുടെയും സംഘത്തിന്റെയും ലക്ഷ്യം. പ്രതീക്ഷയ്ക്കൊത്ത് കളി നീങ്ങിയാല്‍ ഇന്ന് തന്നെ ഇന്ത്യയുടെ പതാക മെല്‍ബണില്‍ പാറിപ്പറന്നേക്കും. ഒപ്പം, രഹാനെയെന്ന കൂള്‍ നായകന്റെ ചിരിയും.
മൂന്നാം ദിനം അഞ്ചിന് 277 എന്ന നിലയിലാണ് ഇന്ത്യ ബാറ്റിങ് ആരംഭിച്ചത്. ആദ്യ ഓവറുകളിലെ ചെറുത്തുനില്‍പ്പിന് ശേഷം സെഞ്ചുറി തികച്ച രഹാനെ മടങ്ങി. മിനിറ്റുകള്‍ക്ക് ശേഷം 57 റണ്‍സുമായി ജഡേജയും. വാലറ്റത്തിന് കാര്യമായ പ്രകടനം നടത്താനാകാതെ പോയതോടെ ഇന്ത്യയുടെ സ്കോര്‍ 326ല്‍ അവസാനിച്ചു.
മായങ്ക് അഗര്‍വാള്‍, ഋഷഭ് പന്ത്, ജഡേജ എന്നിവരെ പുറത്താക്കി മിച്ചല്‍ സ്റ്റാര്‍ക്ക് ഓസീസിനായി മികച്ച രീതിയില്‍ പന്തെറിഞ്ഞു. വാലറ്റത്തെ കറക്കി വീഴ്ത്തി നഥാന്‍ ലിയോണും കരുത്തു കാട്ടി.
രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഓസ്ട്രേലിയയ്ക്ക് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടപ്പെട്ടത് തിരിച്ചടിയായി. 40 റണ്‍സ് നേടിയ ഓപ്പണര്‍ മാത്യു വെയ്ഡിനാണ് അല്‍പ്പമെങ്കിലും പിടിച്ചു നില്‍ക്കാനായത്. ജോ ബേണ്‍സ് നാല് റണ്‍സിന് പുറത്തായി.
നിലവില്‍ 17 റണ്‍സുമായി ഓള്‍റൗണ്ടര്‍ കാമറോണ്‍ ഗ്രീനും 15 റണ്‍സുമായി പാറ്റ് കമ്മിന്‍സുമാണ് ക്രീസില്‍. ഇന്ത്യക്കായി രവീന്ദ്ര ജഡേജ രണ്ട് വിക്കറ്റ് വീഴ്ത്തി. മത്സരത്തിനിടെ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിന് പരിക്കേറ്റത് തിരിച്ചടിയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: