ഭദ്രാചലത്തെ വൈകുണ്ഠ രാമക്ഷേത്രത്തിലെ കലാവേദിയാണ് രംഗം. ശ്രീരാമനവമിയുടെ മഹോത്സവ വേളയില്‍ തിങ്ങിക്കൂടിയ മഹാജനം മറ്റൊന്നുമറിയുന്നില്ല. ഒഴുകി വരുന്ന ദിവ്യനാമ സങ്കീര്‍ത്തനങ്ങളില്‍ അവര്‍ സ്വയം മറന്നിരിക്കുന്നു. ലളിത കോമള പദങ്ങളില്‍ കൊരുത്തെടുത്ത ഭദ്രാചല രാമദാസിന്റെ കീര്‍ത്തന മാല കാതില്‍ നിന്ന് കാതുകളിലേക്ക് സ്വാംശീകരിക്കുകയാണ് സഹൃദയര്‍. 17 ാം നൂറ്റാണ്ടിന്റെ പൂര്‍വാര്‍ധത്തില്‍ ആന്ധ്രയുടെ നവോത്ഥാന അന്തരീക്ഷത്തില്‍ സാമൂഹ്യ സാംസ്‌കാരിക ജീവിതത്തിന്റെ നാനാ രംഗത്തും ശ്ലാഘനീയമായ സംഭാവനയര്‍പ്പിച്ച പ്രതിഭയാണ് ഭദ്രാചല രാമദാസ്.
1620 ല്‍ ഗോല്‍ക്കൊണ്ട പ്രവിശ്യയിലെ നടകൊണ്ടനഹള്ളി ഗ്രാമത്തിലാണ് രാമദാസിന്റെ ജനനം. കാമാംബയും ലിങ്കണ്ണയുമായിരുന്നു മാതാപിതാക്കള്‍. ഗോപണ്ണയെന്നായിരുന്നു യഥാര്‍ഥ നാമധേയം. പ്രശസ്തനായ പിതാവ് മന്ത്രിസഭയില്‍ അംഗമായിരുന്നു. ബാല്യത്തില്‍ തന്നെ അച്ഛനുമമ്മയും നഷ്ടപ്പെട്ട ഗോപണ്ണയെ അമ്മാവന്മാരായ അക്കണ്ണയും മദണ്ണയുമാണ് സംരക്ഷിച്ചത്. സദ്‌സ്വാഭാവവും ഉറച്ചഭക്തിയും കുഞ്ഞുനാളിലേ തന്നെ ഗോപണ്ണയില്‍ തഴച്ചു വളരാന്‍ തുടങ്ങി. ശ്രീരാമനായിരുന്നു ഇഷ്ടദേവത. സദാ രാമനാമം ജപിച്ചു നടക്കുന്ന ഗോപണ്ണയെ നാട്ടുകാര്‍ ‘ രാമദാസന്‍’ എന്നു വിളിച്ചു വന്നു. പഠനത്തിലും വായനയിലും ബദ്ധശ്രദ്ധനായിരുന്ന രാമദാസന്‍ ക്രമേണ സംസ്‌കൃതത്തിലും തെലുങ്കിലും മഹാജ്ഞാനം നേടി. സാമൂഹ്യമായ ഉള്‍ക്കാഴ്ചയും കാരുണ്യവും ആ ജീവിതത്തെ പ്രചോദിപ്പിച്ചു. കബീര്‍ ദാസിനെയാണ് അദ്ദേഹം മാനസഗുരുവായി സ്വീകരിച്ചത്. ഗോല്‍ക്കൊണ്ട നവാബിന്റെ കീഴില്‍ ഉദ്യോഗം വഹിച്ചിരുന്ന അമ്മാവന്മാരാണ് അനന്തിരവനെ രാജധാനിയിലെത്തിച്ചത്. രാമദാസന്റെ ചലനങ്ങളിലും സംഭാഷണ ചാതുരിയിലും മതിപ്പു തോന്നിയ നവാബ് ഭദ്രാചലം താലൂക്ക് തഹസില്‍ദാരായി അദ്ദേഹത്ത നിയമിച്ചു.
സൂക്ഷ്മബുദ്ധിയും കര്‍മശേഷിയും തിരിച്ചറിഞ്ഞ ഭരണാധിപന്‍ ഗോപണ്ണയ്‌ക്ക് സ്ഥാനക്കയറ്റം നല്‍കി. പലപ്പോഴും ഭരണകാര്യങ്ങളില്‍ നേരിട്ട് ഇടപെടാനുള്ള സ്വാതന്ത്ര്യംപോലും അദ്ദേഹത്തില്‍ വന്നു ചേര്‍ന്നു.
സൗമ്യനും ധീരനുമായി വളര്‍ന്ന ആ രാമഭക്തന്‍ ആത്മീയതയുടെ ആന്തര മാര്‍ഗങ്ങളില്‍ ചലിക്കാന്‍ തുടങ്ങി. യോഗാത്മകമായ സിദ്ധി സാധനയിലൂടെയും താരകമന്ത്രോപസനയിലൂടെയും നേടിയെടുത്ത മഹാശക്തിയാണ് രാമദാസില്‍ പ്രവര്‍ത്തിക്കുന്നതെന്ന് ജനങ്ങള്‍ വിശ്വസിച്ചു. ആ ആത്മവിദ്യാപ്രകാശം ശ്രീരാമചന്ദ്ര കീര്‍ത്തനങ്ങളായി പ്രവഹിക്കുകയായിരുന്നു. ഭദ്രാചലത്തെ വൈകുണ്ഠരാമക്ഷേത്ര പരിസരങ്ങളില്‍ രാമനാമത്തിന്റെ അക്ഷരപുണ്യങ്ങള്‍ പ്രകാശിതമായി. ഈ മഹാക്ഷേത്രത്തില്‍ ശ്രീരാമനവമി ഉത്സവം ആര്‍ഭാടമായി ആഘോഷിക്കാനും അന്നദാനത്തിനും രാമദാസ് രംഗത്തിറങ്ങി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഇതിനായി സംവിധാനമൊരുക്കാന്‍ അദ്ദേഹം മുതിരുകയായിരുന്നു. ഇതറിഞ്ഞ നവാബ് ക്ഷുഭിതനായി. ധനദുര്‍വിനിയോഗ കുറ്റം ചുമത്തി രാമദാസിന് പന്ത്രണ്ടുവര്‍ഷം തടവു ശിക്ഷ വിധിച്ചു.
ആ പാരതന്ത്ര്യ ജീവിതത്തിലാണ് രാമദാസിന്റെ സര്‍ഗപ്രതിഭ ആകാശ സഞ്ചാരമാരംഭിച്ചത്. ഗോല്‍ക്കൊണ്ട കോട്ടയിലെ തടവു ജീവിത മുഹൂര്‍ത്തങ്ങള്‍ അക്ഷരധ്യാനത്തിന്റെ കീര്‍ത്തനമാലയായി. രാമദാസില്‍ ഉറങ്ങിക്കിടന്ന ശില്‍പി ഉണര്‍ന്നതും ഈ കാലത്തു തന്നെ. രാമായണ മഹാകാവ്യത്തിലെ ഐതിഹാസിക മൂര്‍ത്തികള്‍ ആ ഉളിമൂര്‍ച്ചയില്‍ ചിതറിമിന്നി മൂര്‍ത്തരൂപികളായി. മഹാഗണപതിയും നവഗ്രഹങ്ങളുമെല്ലാം ശില്‍പ്പിയുടെ കണ്ണില്‍ ശ്രേയസ്സാര്‍ന്ന രൂപഭാവം പ്രാപിക്കുകയായിരുന്നു. ഈ ദേവതാ ശില്‍പ്പങ്ങളെയെല്ലാം ഇന്നും ഗോല്‍ക്കൊണ്ട കോട്ട അതിന്റെ ഹൃദയത്തില്‍ ആരാധകര്‍ക്കായി സൂക്ഷിക്കുന്നു.
‘ നാരായണ, നാരായണ’ തുടങ്ങിയ സംസ്‌കൃത കീര്‍ത്തനങ്ങള്‍ വൈഷ്ണവ മഹാവിഭൂതിയുടെ കളഭസൗരഭം പരത്തിയൊഴുകി. കര്‍ണാടക സംഗീത ചക്രവര്‍ത്തി ത്യാഗരാജന്‍ പോലും പില്‍ക്കാലം ഭദ്രാചല രാമദാസിന്റെ കീര്‍ത്തന ചാതുര്യത്തെ വാഴ്‌ത്തിയിട്ടുണ്ട്. ഭദ്രാചല ക്ഷേത്രം ഇന്നും കലിയുഗ വൈകുണ്ഠമായി ജ്വലിച്ചു നില്‍ക്കുന്നത് രാമദാസിന്റെ പ്രജ്ഞാ പ്രവാഹത്തിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: