ജനീവ: കൊവിഡ് വ്യാപനത്തെക്കുറിച്ച് ലോകം വീണ്ടും ആശങ്കപ്പെടുമ്പോള്‍ പകര്‍ച്ചവ്യാധികളെക്കുറിച്ച് ഗുരുതരമായ മുന്നറിയിപ്പുകള്‍ നല്കി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). മഹാമാരികള്‍ ഇനിയും വരാമെന്നും ലോകം കാണുന്ന അവസാനത്തെ മഹാമാരി ആയിരിക്കില്ല കൊവിഡെന്നും ഡബ്ല്യുഎച്ച്ഒ തലവന്‍ ടെഡ്രോസ് അഥനോം ഗബ്രിയേസസ് പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന നാശങ്ങള് നിയന്ത്രിക്കാനും മൃഗസം രക്ഷണത്തിനും വേണ്ടി കര്‍ശന നടപടി സ്വീകരിച്ചില്ലെങ്കില്‍ മനുഷ്യന്റെ വിധി നാശത്തിലേക്കായിരിക്കുമെന്നും ടെഡ്രോസ് പറഞ്ഞു.
പകര്‍ച്ചവ്യാധി പ്രതിരോധ നടപടികള്‍ക്കായുള്ള ആദ്യ അന്താരാഷ്ട്ര ദിനാചരണത്തിന്റെ (ഡിസംബര്‍ 27) ഭാഗമായി വീഡിയോ സന്ദേശത്തില്‍ സംസാരിക്കുകയായിരുന്നു ടെഡ്രോസ്. പെട്ടെന്നു പൊട്ടിപ്പുറപ്പെടുന്ന മഹാമാരിക്കെതിരായ പോരാട്ടത്തിന് നാം പണം ചെലവഴിക്കുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത പ്രവര്‍ത്തിയാണിത്. അതേസമയം വരാനിരിക്കുന്ന മഹാമാരിയെ ചെറുക്കാന്‍ ഒന്നും ചെയ്യുന്നുമില്ല. കൊവിഡ് പോലുള്ള രോഗങ്ങള്‍ പടരുമ്പോള്‍ അതേക്കുറിച്ച് ആശങ്കപ്പെടുന്നു. പിന്നീട് ഈ പ്രശ്നത്തെ അവഗണിക്കുന്നു. രോഗം മാറുമ്പോള്‍ അതിനെക്കുറിച്ച് എല്ലാവരും മറക്കും. മഹാമാരികള്‍ ഇനിയും വരാമെന്നും പ്രതിരോധ നടപടികള്‍ മുന്‍കൂട്ടി ചെയ്യേണ്ടതാണെന്നുമുള്ള കരുതല്‍ ആര്‍ക്കുമില്ല. കൊവിഡില്‍ നിന്നെങ്കിലും ലോകം പാഠം പഠിക്കണമെന്ന് ടെഡ്രോസ് ആവശ്യപ്പെട്ടു.
പകര്‍ച്ചവ്യാധികള്‍ക്കെതിരായ മുന്നൊരുക്കത്തിന്റെ ആഗോള നിരീക്ഷണ ബോര്‍ഡ് 2019ലെ അവരുടെ റിപ്പോര്‍ട്ടില്‍ നല്കിയ മുന്നറിയിപ്പ് ലോകം അവഗണിച്ചെന്ന് ടെഡ്രോസ് പറഞ്ഞു. വന്‍ നാശം സൃഷ്ടിക്കാവുന്ന മഹാമാരി പടര്‍ന്നാല്‍ അതിനെ പ്രതിരോധിക്കാന്‍ ലോകം ഒട്ടും സജ്ജമല്ലെന്നായിരുന്നു ആ റിപ്പോര്‍ട്ടിലെ മുന്നറിയിപ്പ്.
മനുഷ്യരുടെ മാത്രമല്ല മൃഗങ്ങളുടെ ആരോഗ്യവും പ്രധാനപ്പെട്ടതാണെന്ന് ഓരോ പകര്‍ച്ചവ്യാധിയും നമ്മെ ധരിപ്പിക്കുന്നു, ടെഡ്രോസ് പറഞ്ഞു. പകര്‍ച്ചവ്യാധികളെ കൃത്യമായി കണ്ടെത്തി പ്രതിരോധിക്കാനുള്ള നടപടികള്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് യുഎന്നിന്റെ നേതൃത്വത്തില്‍ അന്താരാഷ്ട്ര പകര്ച്ചവ്യാധിപ്രതിരോധമുന്നൊരുക്ക ദിനംആചരിക്കുന്നത്. ആദ്യ ദിനാചരണമായിരുന്നു ഇന്നലെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: