തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായ തോല്‍വിയെ ചൊല്ലി ഗ്രൂപ്പ് പോരിന്റെ വിഴുപ്പുകെട്ട് എഐസിസിക്ക് മുന്നില്‍ തുറന്ന് കോണ്‍ഗ്രസ്സ് നേതാക്കള്‍. ഗ്രൂപ്പ് അതിപ്രസരമാണ് തോല്‍വിക്ക് കാരണമെന്ന് പി.സി. ചാക്കോ. സംസ്ഥാന നേതൃത്വത്തിന് ഏകോപനമില്ലെന്ന് വി.ഡി. സതീശന്. തിരുവനന്തപുരത്ത് അടക്കം ഡിസിസികള്‍ പുനഃസംഘടിപ്പിക്കണമെന്നും ആവശ്യം.
എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വറിന് മുന്നില്‍ ഗുരുതര ആരോപണങ്ങളാണ് രാഷ്ട്രീയകാര്യ സമിതി അംഗങ്ങള്‍ഉന്നയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് പോര് ശക്തമായി, തെരഞ്ഞെടുപ്പില്‍ വേണ്ടത്ര മുന്നൊരുക്കങ്ങള്‍ ഉണ്ടായില്ല, സോഷ്യല്‍ ഗ്രൂപ്പുകളെ പോലും ഏകോപിപ്പിക്കാന്‍ കഴിഞ്ഞില്ല, സംസ്ഥാന തലത്തില്‍ ഏകോപനം ഇല്ല, തെരഞ്ഞെടുപ്പ് ഫണ്ടുകള്‍ നല്കാന് വിമുഖത കാട്ടി തുടങ്ങിയവയാണ് നേതൃത്വത്തിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍.
സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ഗ്രൂപ്പ് വീതം വയ്പാണ് നടന്നതെന്നാണ് അടൂര്‍ പ്രകാശ് എംപി ആരോപിച്ചത്. സംസ്ഥാന നേതൃത്വത്തിന്റെ ഏകോപനമില്ലായ്മയാണ് പരാജയ കാരണമെന്നായിരുന്നു സതീശന് ഉന്നയിച്ചത്. തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളിലും വീഴ്ചയുണ്ടായി. നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മുന്‍പ് തയാറെടുക്കണമായിരുന്നു. ചുരുങ്ങിയ ദിവസത്തേക്കുള്ള പുനഃസംഘടനകൊണ്ട് കാര്യമില്ലെന്നും വോട്ട് ചോര്‍ച്ച പരിഹരിക്കാന്‍ കഴിഞ്ഞില്ലെന്നും സതീശന് കുറ്റപ്പെടുത്തി. ഘടകകക്ഷികളെ കൂടി വിശ്വാസത്തിലെടുത്ത് മുന്നോട്ട് പോകണമെന്നാണ് പി.സി. ചാക്കോ അഭിപ്രായപ്പെട്ടത്. തിരുവനന്തപുരം ഉള്‍പ്പെടെ ഏഴ് ഡിസിസി പ്രസിഡന്റുമാരെ മാറ്റണമെന്ന് ടി.എന്‍. പ്രതാപന് ആവശ്യപ്പെട്ടു.
സംസ്ഥാന നേതൃത്വത്തിലും മാറ്റം വേണമെന്ന് പ്രതാപന് ആവശ്യപ്പെട്ടു. തോല്‍വിയില്‍ സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല ജില്ലാ ഘടകങ്ങള്‍ക്കും വലിയ പങ്കുണ്ടെന്നു പറഞ്ഞ കെ.സി.ജോസഫ്, മൂന്ന് മാസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് വരുന്നതിനാല്‍ നേതൃമാറ്റം അപ്രായോഗികമാണെന്ന നിലപാടും വ്യക്തമാക്കി. നേതൃമാറ്റം വേണ്ടെന്ന നിലപാടാണ് ഉമ്മന്‍ ചാണ്ടിക്കും ഉള്ളത്. അതേസമയം ഉമ്മന്‍ചാണ്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടു വരികയോ അര്‍ഹമായ സ്ഥാനം നല്‍കുകയോ വേണമെന്ന ആവശ്യവും എഐസിസിക്ക് മുന്നില്‍ നേതാക്കള്‍ ഉന്നയിച്ചു.
രാഷ്ട്രീയകാര്യ സമതി നേതാക്കള്‍ക്ക് പുറമെ കെപിസിസി വൈസ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, എംപിമാര്‍ എന്നിവരില്‍ നിന്നും എഐസിസി സംഘം വിശദാംശങ്ങള്‍ തേടും. മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികളുമായും ചര്‍ച്ച നടത്തും.
എഐസിസി സംഘം എത്തുന്നതിനാല്‍ ഗ്രൂപ്പ് പോരാണു തോല്‍വിക്കു കാരണമെന്നു ചൂണ്ടിക്കാട്ടി കെപിസിസിക്ക് മുന്നില്‍ ഇന്നലെ ഫഌക്സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കെ. സുധാകരനെ കെപിസിസി പ്രസിഡന്റാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തും പത്തനംതിട്ടയിലും കാസര്‍കോട്ടും ഫഌസ്കസ് ബോര്‍ഡുകളും പോസ്റ്ററുകളും പതിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: