മൂലമറ്റം: ക്രിസ്തുമസ് ദിനത്തില്‍ മലങ്കര ജലാശയത്തില്‍ ജീവന് പൊലിഞ്ഞ നടന കലയില്‍ വിസ്മയം തീര്‍ത്ത അനില്‍ നെടുമങ്ങാട് അനന്തസാധ്യതകള്‍ കല്പിച്ചിരുന്ന പ്രതിഭയായിരുന്നു. അഭിനയിച്ച ചുരുക്കം സിനിമകളിലെ ജീവസുറ്റ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയങ്ങളിലേക്ക് നടന്ന് കയറിയ നടനായിരുന്നു അനില്‍.
മിനി സ്ക്രീനിലൂടെ അഭിനയ രംഗത്ത് എത്തിയ ഈ നടന്റെ ആഴം പിന്നീട് വെള്ളിത്തിരയിലേക്ക് പറിച്ചു നട്ടു. മിനി സ്ക്രീനിലെ ആക്ഷേപഹാസ്യ പരിപാടിയില്‍ നിന്നും സിനിമയുടെ തിരക്കുകളിലേക്ക് നടന്ന് കയറുമ്പോഴും, അനിലിന് കരുത്തായത് മിനി സ്ക്രീനിലെ പ്രകടനമായിരുന്നു. ജീവിതത്തിന്റെ ഫ്രെയിമില്‍ നിന്ന് മാഞ്ഞ് പോകുമ്പോഴും പുത്തന്‍ പരീക്ഷണങ്ങളുടേയും പുതിയ ആശയങ്ങളുടേയും പ്രസന്ന മുഖവുമായി അനില്‍ മലയാളി മനസിന്റെ ഫ്രെയിമില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.
സിനിമയുടെ വെള്ളിവെളിച്ചത്തിലേക്ക് വൈകി എത്തിയ പ്രതിഭയായിരുന്നു അനില്‍ നെടുമങ്ങാട്. മലയാള സിനിമാലോകത്ത് തന്റെതായ പാതയില്‍ യാത്ര തുടങ്ങുമ്പോഴാണ് മരണം കൊണ്ടുപോയത്. അഭ്രപാളിയില്‍ മുഴുമിപ്പിക്കാതെ തിരശീല വീഴുകയായിരുന്നു അനിലിന്റെ സ്വഭാവികമായ നടനജീവിതത്തിന്. തൃശൂര്‍ സ്കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് അനില്‍ സമാന്തരസിനിമയുടെ അഭിനിവേശത്തോടെയാണ് സിനിമാലോകത്തേക്ക് എത്തുന്നത്.
ലോകസിനിമയില്‍ മലയാളം അടയാളപ്പെടുത്തിയ ചലച്ചിത്രങ്ങള്‍ സൃഷ്ടിച്ച സംവിധായകരുടെ അവസരങ്ങളായിരുന്നു അനിലിന്റെ സ്വപ്നം. എന്നാല്‍ തുടക്കത്തില്‍ അവസരങ്ങള്‍ കിട്ടിയില്ല. പിന്നീട് ലഭിച്ച ചെറുവേഷങ്ങളിലൂടെ അഭിനയത്തിന്റെ അനന്ത സാധ്യതകള്‍ തന്നില്‍ ഉറങ്ങികിടപ്പുണ്ടെന്ന് അനില്‍ പ്രേക്ഷക ഹൃദയങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു.
അനില്‍ ഓര്‍മ്മയാകുമ്പോള്‍ അഭ്രപാളിയില്‍ അടയാളപ്പെടുത്തിയ അനിലിന്റെ അഭിനയ മുഹൂര്‍ത്തങ്ങള്‍ മലയാള സിനിമാപ്രേക്ഷകരെ പിന്തുടരുക തന്നെ ചെയ്യും.
താല്‍ക്കാലിക സംവിധാനം ഒരുക്കും
തൊടുപുഴ: സിനിമ നടന് അനില്‍ നെടുമങ്ങാട് അപകടത്തില്‍പ്പെട്ട സ്ഥലത്ത് സാധാരണയായി ആളുകള്‍ കുളിക്കാന്‍ ഇറങ്ങാറില്ലെന്നും സ്ഥലത്തെ പ്രവേശനം തടഞ്ഞുകൊണ്ട് താല്‍ക്കാലിക സംവിധാനം സ്ഥാപിക്കുമെന്നും എംവിഐപി സബ് ഡിവിഷന് എഎക്സ്ഇ സിജി ജന്മഭൂമിയോട് പറഞ്ഞു. പിന്നീട് ഇവിടെ സ്ഥിരമായ സംവിധാനമൊരുക്കും. ഈ സ്ഥലത്ത് മുമ്പ് ഇത്തരത്തിലുള്ള അപകടമുണ്ടായതായി അറിവില്ല.
മുകളില്‍ നിന്ന് കുത്തുക്കല്ല് ഇറങ്ങി വേണം ഇങ്ങോട്ടെത്താന്‍ സമീപവാസിയായ ഒരു കുടുംബം മാത്രമാണ് ഇവിടെ കുളിക്കാനായി ഉപയോഗിക്കുന്നത്. ഈ സ്ഥലത്ത് ആളുകളെത്തുമെന്നും അപകടത്തില്‍പ്പെടുമെന്നും പ്രതീക്ഷിച്ചില്ല. കിലോ മീറ്ററുകള്‍ നീണ്ട് കിടക്കുന്ന ജലാശയത്തില്‍ കുളിക്കാനും മറ്റ് ആവശ്യങ്ങള്‍ക്കും പുറത്ത് നിന്നെത്തുന്നവര്‍ ഇറങ്ങരുതെന്നും എഎക്ഇ മുന്നറിയിപ്പ് നല്കി.
സഞ്ചാരികള്‍ ഒഴുകിയെത്തുന്നു, സുരക്ഷാ സംവിധാനങ്ങളില്ല
മുട്ടം: കൊറോണ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വന്നതോടെ മലങ്കര ചില്‍ഡ്രന്‍സ് പാര്‍ക്കിലേക്കും അണക്കെട്ടിലേക്കും ജനങ്ങള്‍ ഒഴുകി എത്തുന്നു. അവധി ദിവസങ്ങളിലാണ് കൂടുതല്‍ പേര് ഇവിടെ എത്തുന്നത്. അണക്കെട്ടിന്റെ പ്രാന്തപ്രദേശങ്ങളില്‍ സുരക്ഷാ സംവിധാനത്തിന്റെ അപര്യാപ്തത വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. വിദൂരസ്ഥലങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ജലാശയത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് സൂചന നല്കുന്ന ബോര്‍ഡുകളും എങ്ങും കാണുവാനില്ല. ഡാമിന് സമീപം മദ്യപാനികളുടെ ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: