കണ്ണൂര്‍: കൊവിഡ് പശ്ചാത്തലത്തില്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ച കക്കാട് കാനന്നൂര്‍ സ്പിന്നിങ് മില്‍ ഇന്നു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. ഇന്ത്യയില്‍ ആകെ ആറ് മില്ലുകളാണ് ഒന്നാം ഘട്ടം തുറന്ന് പ്രവര്‍ത്തിക്കുക. കേരളത്തില്‍ ഒന്ന്. തമിഴ്നാട്ടില്‍ മൂന്ന്, മഹാരാഷ്ട്രയില്‍ ഒന്ന്, മധ്യപ്രദേശ് ഒന്ന് എന്നിങ്ങനെയാണ് ഒന്നാം ഘട്ടം തുറന്ന് പ്രവര്‍ത്തിക്കുക.—
ഏപ്രില്‍ മാസത്തിന് ശേഷം വിവിധ സംസ്ഥാനങ്ങളിലെ ആറ് മില്ലുകള്‍ കൂടി തുറക്കും, കക്കാട് നവീകരിച്ച മില്ലാണ് തുറന്ന് പ്രവര്‍ത്തിക്കുക. ലോക്ഡൗണ്‍ കാലത്തെ വേതനം വിതരണം ചെയ്യുന്നതിനും മില്‍ തുറന്ന് പ്രവര്‍ത്തിക്കുന്നതിനും തൊഴിലാളികള്‍ 118 ദിവസമാണ് കാനന്നൂര്‍ സ്പിന്നിങ് മില്‍ കവാടത്തിന് മുന്നില്‍ സമരം ചെയ്തത്. തൊഴിലാളികളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചതിനാല്‍ ശനിയാഴ്ച സമരം അവസാനിപ്പിച്ചു. ഓഫീസ് സ്റ്റാഫിനും മറ്റ് സ്ഥിര നിയമനമുള്ള ജീവനക്കാര്‍ക്കും വേതനം നല്‍കിയിട്ടുണ്ട്.
ലാഭകരമായി നടത്താന്‍ സാധിക്കുന്ന മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാമെന്നാണ് മാനേജ്മെന്റ് ആദ്യം തീരുമാനമെടുത്തത്. കാനന്നൂര്‍ സ്പിന്നിങ് മില്‍ നവീകരിച്ചതിനാല്‍ ലാഭകരമായി മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുമെന്ന സാഹചര്യത്തിലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. തമിഴ്നാട്ടിലെ രംഗവിലാസം മില്ലിനും തുറന്ന് പ്രവര്‍ത്തിക്കുന്നതിന് പ്രഥമ പരിഗണന നല്‍കിയിരുന്നു. പിന്നീട് അനുകൂല ഘടകങ്ങള്‍ പരിഗണിച്ച് നാലു മില്ലുകള്‍ കൂടി തുറന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. വിവിധ മില്ലുകളില്‍ 120 കോടി രൂപയുടെ നൂല് കെട്ടിക്കിടക്കുന്നുവെന്നാണ് കണക്ക്. ദീര്‍ഘകാലം പ്രവര്‍ത്തനം നിര്‍ത്തിവെച്ചാല്‍ ‘ഭീമമായ നഷ്ടം വരാനുള്ള സാധ്യതകൂടി മാനേജ്മെന്റ് പരിഗണിച്ചിരുന്നു.
ബിജെപി ദേശീയ നിര്‍വ്വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്, സുരേഷ് ഗോപി എംപി, ബിജെപി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്, ദേശീയ വൈസ് പ്രസിഡഡണ്ട് എ.പി. അബ്ദുള്ളക്കുട്ടി തുടങ്ങിയ നേതാക്കള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച് സമരക്കാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരുന്നു. മില്ലുകള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നേതാക്കള്‍ നടത്തിയ ശക്തമായ ഇടപെടലാണ് ഇപ്പോള്‍ ഫലം കണ്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: