മെല്‍ബണ്‍: അജിങ്ക്യ രഹാനെയുടെ ഭാഗ്യ ഗ്രൗണ്ടായി മെല്‍ബണ്‍. ബോക്‌സിങ് ഡേ ടെസ്റ്റിന്റെ ആദ്യ ദിനത്തില്‍ ബൗളര്‍മാരെ ഭംഗിയായി വിനിയോഗിച്ച ഇന്ത്യന്‍ നായകന്‍ രണ്ടാം ദിനത്തില്‍ മെല്‍ബണിലെ തന്റെ രണ്ടാം സെഞ്ചുറിയും കുറിച്ച് ഇന്ത്യയെ റണ്‍മലകയറ്റുകയാണ്. മഴമൂലം നേരത്തെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ അഞ്ചു വിക്കറ്റിന് 277 റണ്‍സ് എടുത്തു. ഇതോടെ ഇന്ത്യക്ക് ഒന്നാം ഇന്നിങ്ങ്‌സില്‍ 85 റണ്‍സ് ലീഡായി. ഓസീസ് ആദ്യ ഇന്നിങ്‌സില്‍ 195 റണ്‍സാണെടുത്തത്. 104 റണ്‍സുമായി രഹാനെ അജയ്യനായി നില്‍ക്കുന്നു. രവീന്ദ്ര ജഡേജയാണ് (40) രഹാനെയ്‌ക്ക് കൂട്ട്.
പാറ്റ് കമ്മിന്‍സിന്റെ പന്ത് അതിര്‍ത്തി കടത്തിയാണ് രഹാനെ സെഞ്ചുറി കുറിച്ചത്. 200 പന്ത് നേരിട്ട ഇന്ത്യന്‍ നായകന്‍ പന്ത്രണ്ട് പന്ത് അതിര്‍ത്തികടത്തി. 2014 ല്‍ ഇവിടെ 147 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. കരിയറിലെ പന്ത്രണ്ടാം സെഞ്ചറിയാണിത്. വിദേശമണ്ണില്‍ എട്ടാമത്തേതും. സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കുശേഷം മെല്‍ബണില്‍ സെഞ്ചുറി കുറിക്കുന്ന ഇന്ത്യന്‍ നായകനാണ്. 1999ലാണ് സച്ചിന്‍ മെല്‍ബണില്‍ സെഞ്ചുറി നേടിയത്.
മെല്‍ബണില്‍ സെഞ്ചുറി നേടുന്ന നാലാമത്തെ ഏഷ്യന്‍ ക്യാപ്റ്റനാണ് രഹാനെ. സച്ചിന്‍, ഹനീഫ് മുഹമ്മദ്, മുഹമ്മദ് യൂസഫ്, എന്നിവരാണ് രഹാനെയ്‌ക്ക് മുമ്പ് ഈ നേട്ടം കൈവരിച്ച മറ്റ് നായകന്മാര്‍.
ഒന്നിന് മുപ്പത്തിയാറ് റണ്‍സെന്ന സ്‌കോറിനാണ് ഇന്ത്യ ഇന്നലെ ഇന്നിങ്‌സ് തുടങ്ങിയത്. സ്‌കോര്‍ അറുപത്തിയൊന്നില്‍ നില്‍ക്കെ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടമായി. തുടക്കം മുതല്‍ ഓസീസിന്റെ ആക്രമണത്തെ ഭംഗിയായി നേരിട്ട ഗില്ലാണ് പുറത്തായത്. കമ്മിന്‍സിന്റെ പന്തില്‍ പെയ്ന്‍ ക്യാച്ചെടുത്തു. 65 പന്തില്‍ എട്ട് ഫോറുകളുടെ പിന്‍ബലത്തില്‍ ഗില്‍ 45 റണ്‍സ് കുറിച്ചു. ഗില്ലിന് പിന്നാലെ പൂജാരയും ക്രീസ് വിട്ടു. ആദ്യ ദിനം ഏഴു റണ്‍സുമായി പുറത്തകാതെ നിന്ന പൂജാരയ്‌ക്ക് പത്ത് റണ്‍സേ കൂട്ടിച്ചേര്‍ക്കാനായുള്ളൂ. കമ്മിന്‍സിന്റെ പന്തില്‍ പെയ്‌ന് ക്യാച്ച് നല്‍കി.
പൂജാരയക്ക് ശേഷം ക്രീസിലെത്തിയ ഹനുമ വിഹാരിക്ക് പിടിച്ചുനില്‍ക്കാനായില്ല. 21 റണ്‍സിന് കീഴടങ്ങി. സ്പിന്നര്‍ ലിയോണിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് പിടികൂടി. തുടര്‍ന്നെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് നായകന്‍ രഹാനെയ്‌ക്കൊപ്പം പിടിച്ചുനിന്നു. അഞ്ചാം വിക്കറ്റില്‍ ഇവര്‍ 57 റണ്‍സ് കൂട്ടിച്ചേര്‍ത്തു. നാല്‍പ്പത് പന്തില്‍ മൂന്ന് ബൗണ്ടറികളുടെ പിന്‍ബലത്തില്‍ 29 റണ്‍സ് നേടിയ ഋഷഭ് പന്തിനെ സ്റ്റാര്‍ക്ക് പുറത്താക്കി. പെയ്ന്‍ ക്യാച്ചെടുത്തു.
ഏഴാമനായി കളിക്കളത്തിലെത്തിയ രവീന്ദ്ര ജഡേജ രഹാനെയ്‌ക്ക് മികച്ച പിന്തുണ നല്‍കി. വേര്‍പിരിയാത്ത ആറാം വിക്കറ്റില്‍ ഇവര്‍ 104 റണ്‍സ് നേടിയിട്ടുണ്ട്. 104 പന്ത് നേരിട്ട ജഡേജ ഒരു ബൗണ്ടറിയുടെ പിന്‍ബലത്തില്‍ 40 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു.
അതിനിടെ രണ്ട് തവണ ലൈഫ് കിട്ടിയ രഹാനെ സെഞ്ചുറി കുറിച്ചു. വ്യക്തിഗത സ്‌കോര്‍ 73 റണ്‍സിലെത്തിനില്‍ക്കെ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ പന്തില്‍ സ്റ്റീവ് സ്മിത്ത് രഹാനെയെ കൈവിട്ടു. സെഞ്ചുറി കുറിച്ചതിന് തൊട്ടു പിന്നാലെ ട്രാവിസ് ഹെഡും രഹാനെയുടെ ക്യാച്ച് വിട്ടുകളഞ്ഞു.
സ്‌കോര്‍ബോര്‍ഡ്
ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ്: 195, ഇന്ത്യ ഒന്നാം ഇന്നിങ്‌സ്: മായങ്ക് അഗര്‍വാള്‍ എല്‍ബിഡബ്ല്യു ബി സ്റ്റാര്‍ക്ക് 0, ഗുഭ്മന്‍ ഗില്‍ സി പെയ്ന്‍ ബി കമ്മിന്‍സ് 45, ചേതേശ്വര്‍ പൂജാര സി പെയ്ന്‍ ബി കമ്മിന്‍സ് 17 , അജിങ്ക്യ രഹാനെ നോട്ടൗട്ട് 104, ഹനുമ വിഹാരി സി സ്മിത്ത് ബി ലിയോണ്‍ 21, ഋഷഭ് പന്ത് സി പെയ്ന്‍ ബി സ്റ്റാര്‍ക്ക് 29, രവീന്ദ്ര ജഡേജ നോട്ടൗട്ട് 40, എക്‌സ്ട്രാസ് 21, ആകെ അഞ്ചു വിക്കറ്റിന് 277.
വിക്കറ്റ് വീഴ്ച: 1-0, 2-61, 3-64, 4-116, 5-173
ബൗളിങ്: മിച്ചല്‍ സ്റ്റാര്‍ക്ക് 18.3-3-61-2, പാറ്റ് കമ്മിന്‍സ് 22-7-71-2, ജോഷ് ഹെയ്‌സല്‍വുഡ് 21-6-44-0, നാഥന്‍ ലിയോണ്‍ 18-2-52-1, കാമറൂണ്‍ ഗ്രീന്‍ 12-1-31-0.
പ്രതികരിക്കാൻ ഇവിടെ എഴുതുക: