പ്രബുദ്ധ കേരളം എന്ന അവകാശവാദം പൊള്ളയാണെന്ന് ആവര്‍ത്തിച്ച് തെളിയിച്ചിരിക്കുകയാണ് പാലക്കാട് തേങ്കുറിശ്ശിയില്‍ അനീഷ് എന്ന യുവാവിന്റെ അരുംകൊല. മറ്റൊരു സമുദായത്തില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തതിന് ഭാര്യവീട്ടുകാര്‍ അനീഷിനെ കൊലപ്പെടുത്തുകയായിരുന്നു. രണ്ട് വര്‍ഷം മുന്‍പാണ് സമാനമായ സംഭവം കോട്ടയം നട്ടാശ്ശേരിയില്‍ അരങ്ങേറിയത്. എതിര്‍പ്പുകളെ വകവയ്ക്കാതെ നീനു എന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച കെവിന് എന്ന യുവാവിനെ ഭാര്യാ വീട്ടുകാര്‍ ചേര്‍ന്ന് തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. ഈ രണ്ട് സംഭവങ്ങളും ഒറ്റപ്പെട്ടതല്ല. മറ്റ് സംസ്ഥാനങ്ങളില്‍ വ്യാപകമായി നടക്കുന്നതും, നാം മലയാളികള്‍ നിരന്തരം അധിക്ഷേപിക്കുന്നതുമായ ഇത്തരം ദുരഭിമാന കൊലപാതകങ്ങള്‍ കേരളത്തിന് അന്യമല്ലെന്നതിന് നിരവധി ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടാനാവും. പുരോഗമനവും ഉയര്‍ന്ന സാംസ്കാരിക ബോധവുമൊക്കെ തൊലിപ്പുറമേ കൊണ്ടുനടക്കുന്ന പല മലയാളികളിലും യാഥാസ്ഥിതിക ചിന്ത ആഴത്തില്‍ വേരോടിയിരിക്കുന്നു. താന്‍ ഒരു യാഥാസ്ഥിതികനാണ് എന്നു പറയുന്നതുപോലും പുരോഗമന മനോഭാവമായി കരുതുന്ന ജാതി വെറിയന്മാരും നമുക്കിടയില്‍ ധാരാളമുണ്ട്. ദുരഭിമാനക്കൊല പോലുള്ള കൊടുംക്രൂരതകളുമായി ഇക്കൂട്ടര്‍ക്ക് നേരിട്ട് ബന്ധമൊന്നുമില്ലെങ്കിലും ഉള്ളുകൊണ്ട് ജാതീയമായ ഹിംസയെ ശരിവയ്ക്കുകയും അനുകൂലിക്കുകയും ചെയ്യുന്നു എന്നത് പലപ്പോഴും തിരിച്ചറിയപ്പെടാതെ പോകുന്നു.
ദുരഭിമാനക്കൊലയും നിയമത്തിനു മുന്നില്‍ കുറ്റകൃത്യമാണ്. ഇത്തരം കേസുകളില്‍ പ്രതികളാവുന്നവരെ കോടതികള്‍ ശിക്ഷിക്കാറുണ്ട്. പക്ഷേ കുറ്റവാളികളെ പിടികൂടുന്നതു മാത്രമല്ല, ഒരു കുറ്റകൃത്യം തടയാനുള്ള ഉത്തരവാദിത്വവും നിയമപാലകരായ പോലീസിനുണ്ട്. ഇത് പലപ്പോഴും സംഭവിക്കുന്നില്ല. നട്ടാശ്ശേരിയിലെ കെവിന് കൊലചെയ്യപ്പെട്ടതില്‍ പോലീസിന്റെ അനാസ്ഥ മാത്രമല്ല, ഒത്താശ കൂടിയുണ്ടായിരുന്നുവെന്ന് ആക്ഷേപമുയര്‍ന്നു. ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥര്‍ ഉചിത സമയത്ത് ഫലപ്രദമായി ഇടപെട്ടിരുന്നെങ്കില്‍ ആ യുവാവിന്റെ ജീവന് രക്ഷിക്കാമായിരുന്നു. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് എസ്കോര്‍ട്ട് പോയതിനാല്‍ ഇതിന് കഴിഞ്ഞില്ലെന്ന ന്യായീകരണമാണ് അന്നു പറഞ്ഞത്. തേങ്കുറിശ്ശിയില്‍ അനീഷ് ഹീനമായി കൊലചെയ്യപ്പെട്ടതിലും പോലീസിന്റെ അനാസ്ഥയുണ്ട്. തങ്ങളുടെ ജീവന് ഭീഷണിയുണ്ടെന്ന അനീഷിന്റെ വീട്ടുകാരുടെ പരാതി ശരിയായി അന്വേഷിക്കുകയും, കരുതല്‍ നടപടികളെടുക്കുകയും ചെയ്തിരുന്നെങ്കില്‍ ഒഴിവാക്കാമായിരുന്ന കൊലപാതകമായിരുന്നു ഇതും. തെരഞ്ഞെടുപ്പിന്റെ തിരക്കാണ് പോലീസ് ഇവിടെയും കാരണം പറഞ്ഞത്. പിണറായി ഭരണത്തില്‍ പൂര്‍ണമായി രാഷ്ട്രീയ വല്ക്കരിക്കപ്പെട്ട പോലീസ് രാഷ്ട്രീയ യജമാനന്മാരെ സ്വര്‍ണ കള്ളക്കടത്തു കേസില്‍ നിന്നും മയക്കുമരുന്ന് കേസില്‍നിന്നും രക്ഷപ്പെടുത്താനുള്ള വ്യഗ്രതയിലാണ്. സാധാരണ മനുഷ്യരുടെ ജീവന് അവര്‍ വില കല്‍പ്പിക്കുന്നില്ല.
ജാതി ചോദിക്കരുത് പറയരുത് ചിന്തിക്കരുത് എന്ന് ഉല്ബോധിപ്പിച്ച ഒരു മഹാഗുരുവിന്റെ നാട്ടില്‍ ജാതിയുടെ പേരില്‍ മനുഷ്യര്‍ നിഷ്കരുണം കൊലചെയ്യപ്പെടുന്നു എന്നത് വളരെ ഗൗരവമുള്ള പ്രശ്നമാണ്. ജാതി വിവേചനങ്ങള്‍ക്കതീതമായി ഒരു സമൂഹം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയ നവോത്ഥാനത്തെ ഹൈജാക്കു ചെയ്ത ശക്തികളാണ് കേരളത്തെ ഭ്രാന്താലയമായി തുടരാന്‍ അനുവദിക്കുന്നത്. വ്യവസായവും കൃഷിയും പരിസ്ഥിതിയുമൊക്കെ നശിച്ച് നാമാവശേഷമായ ഇടതുപക്ഷ കേരളത്തില്‍ ജാതീയത തഴച്ചുവളര്‍ന്നു. ജാതിരഹിതമായി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും മാത്രമല്ല, ശ്വസിക്കുക കൂടി ചെയ്ത ഗുരുവര്യനെപ്പോലും ജാതിയുടെ പ്രതീകമാക്കി രാഷ്ട്രീയ മുതലെടുപ്പ് നടത്തി. സ്നേഹവും സാഹോദര്യവുമൊക്കെ പുലരേണ്ട സമൂഹത്തെ ജില്ലകളും മണ്ഡലങ്ങളും തിരിച്ചുള്ള ജാതിക്കളങ്ങളാക്കി മാറ്റി. മനുഷ്യരുടെ മനോവ്യാപാരങ്ങളും വ്യവഹാരങ്ങളുമൊക്കെ ജാതീയമായിത്തീര്ന്നു. ഇങ്ങനെ രൂപംകൊണ്ട ആവാസ വ്യവസ്ഥയിലാണ് ദുരഭിമാനക്കൊല പോലുള്ള ഹീനകൃത്യങ്ങള്‍ സംഭവിക്കുന്നത്. ജാതീയമായ ഹിംസ നിരവധിയാണ്. പലതും കൊലപാതകങ്ങളിലേക്ക് എത്തുന്നില്ല എന്നേയുള്ളൂ. നവോത്ഥാനത്തിന്റെ പേരില്‍ നല്ലപിള്ള ചമയുന്നതിനു പകരം, കാപട്യം കയ്യൊഴിഞ്ഞ് നന്മകളെ ഉള്‍ക്കൊള്ളുകയും, അന്തസ്സോടെ ജീവിക്കാന്‍ സമൂഹത്തിലെ എല്ലാവര്ക്കും അവകാശമുണ്ടെന്ന് അംഗീകരിക്കുകയും ചെയ്താല്‍ മാറ്റങ്ങള്‍ താനെ വന്നുകൊള്ളും. ജാതിയുടെ പേരില്‍ ഇനിയൊരു അരുംകൊല സംഭവിക്കാതിരിക്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: