കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ പിന്‍വാതില്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന് ബി.എം.എസ്.
കേരളത്തില്‍ മാറി മാറി അധികാരത്തില്‍ വരുന്ന സര്‍ക്കാരുകള്‍ കാലങ്ങളായി നടപ്പിലാക്കി വരുന്ന ഈ വഞ്ചന അവസാനിപ്പിക്കണമെന്നും കരാര്‍-ദിവസക്കൂലി എന്ന പേരില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനങ്ങള്‍ക്ക് അറുതി വരുത്തണമെന്നും ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ 19-ാം സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു
ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ അഭ്യസ്തവിദ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഉള്ള സംസ്ഥാനമാണ് കേരളം. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ദശാബ്ദങ്ങളായി തങ്ങളുടെ അവസരവും പ്രതീക്ഷിച്ച് വേഴാമ്പലിനെപ്പോലെ കാത്തിരിക്കുന്നവര്‍ക്കു മുന്നിലുള്ള വാതിലുകള്‍ കൊട്ടിയടച്ചുകൊണ്ട് കരാര്‍ ദിവസക്കൂലി നിയമനങ്ങള്‍ പൊടിപൊടിക്കുകയാണ്.
ഭരണകക്ഷിയുടെ, പ്രത്യേകിച്ച് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആളായിരിക്കണം എന്നത് മാത്രമാണ് ഇത്തരം നിയമനങ്ങള്‍ക്കുള്ള മാനദണ്ഡം. പബ്ലിക് സര്‍വ്വീസ് കമ്മീഷനേയും, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളേയും നോക്കുകുത്തിയാക്കിയാണ് പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തുന്നത്. താല്‍ക്കാലിക നിയമനങ്ങള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴിയും സ്ഥിരനിയമനങ്ങള്‍ പി.എസ്.സി. വഴിയും മാത്രമേ നടത്തുവാന്‍ നിയമം അനുവദിക്കുന്നുള്ളൂ. എന്നാല്‍ കേരളത്തില്‍ ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നാലര വര്ഷത്തിനുള്ളലില് റിട്ടയര്‍മെന്റ് വഴി ഉണ്ടായ ഒരു ലക്ഷത്തോളം ഒഴിവുകളില്‍ പി.എസ്.സി. വഴി നിയമനം നടത്തി എന്ന് പറയുമ്പോള്‍ 177000 പേര്‍ക്ക് കരാര്‍ ദിവസക്കൂലിയിനത്തില്‍ പിന്‍വാതില്‍ നിയമനം നടത്തിയതായാണ് വിവരാവകാശ രേഖാപ്രകാരം സര്‍ക്കാര്‍ നല്കിയ മറുപടിയില്‍ പറയുന്നത്. അതതായത് പി. എസ്.സി. വഴി നടത്തിയതിനേക്കാള്‍ എഴുപത്തിയേഴായിരത്തോളം അധിക നിയമനം ഇത്തരത്തില്‍ നടത്തിയെന്നര്‍ത്ഥം.
ഭരണഘടനാ സ്ഥാപനമായ പി.എസ്.സിയുടെ വിശ്വാസ്യതപോലും നഷ്ടപ്പെടുത്തുന്ന തരത്തിലുള്ള സംഭവവികാസങ്ങളാണ് ഉദ്യോഗ നിയമനങ്ങളുമായി ബന്ധപ്പെട്ട് ഉണ്ടായിരിക്കുന്നത്. തിരുവനന്തപുരത്ത് പോലീസ് റാങ്ക് ലിസ്റ്റിലുള്പ്പെടെ ചോദ്യ പേപ്പര്‍ ചോര്‍ത്തി നല്കി പാര്‍ട്ടിക്കാരായ ക്രിമിനലുകളെ റാങ്ക് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി ഉള്‍പ്പെടുത്തിയ സംഭവം ഞെട്ടലോടെയാണ് കേരളം കേട്ടത്. അത്രമേല്‍ അധ:പതിച്ച അവസ്ഥയിലാണ് കേരളത്തിലെ ഭരണസംവിധാനം ഇടതു സര്‍ക്കാര്‍ കൊണ്ട് ചെന്നെത്തിച്ചിരിക്കുന്നത്. വിദ്യഭ്യാസ വകുപ്പിന്റെ കീഴിലുള്ള നിരവധി സ്ഥാപനങ്ങളിലും ആരോഗ്യവകുപ്പിലുമാണ് ഏറ്റവും കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നത്. ആരോഗ്യവകുപ്പില്‍ കോവിഡിന്റെ മറവില്‍ നടത്തിയ ആയിരക്കണക്കിന് നിയമനങ്ങള്‍ യാതൊരുവിധ മാനദണ്ഡങ്ങളും പാലിക്കാതെ പാര്‍ട്ടിക്കാര്‍ക്ക് മാത്രമായാണ് നടത്തിയത്.
പി.എസ്.സി. റാങ്ക് പട്ടിക നിലവിലുള്ള തസ്തികകളില്‍പ്പോലും കരാര്‍-ദിവസക്കൂലി നിയമനങ്ങളാണ് നടത്തുന്നത്. ഇടതുമുന്നണി ഭരിച്ചാലും ഐക്യമുന്നണി ഭരിച്ചാലും സര്‍ക്കാര്‍ ജോലികള്‍ സ്വന്തക്കാര്‍ക്കും ബന്ധുക്കള്‍ക്കും പാര്‍ട്ടിക്കാര്‍ക്കും മാത്രമേ ലഭിക്കുകയുള്ളൂ എന്നതാണ് കേരളത്തിലെ അവസ്ഥ. നിയമനം പി.എസ്.സിക്ക് വിട്ട സ്ഥാപനങ്ങളില്‍പ്പോലും നിയമനത്തിനാവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കാതെ കരാര്‍ നിയമനങ്ങള്‍ മാത്രമാണ് നടത്തുന്നത്. ഇതുമൂലം മെറിറ്റ് ലിസ്റ്റിലുള്ളവര്‍ക്ക് മാത്രമല്ല പട്ടികജാതി പിന്നോക്ക വിഭാഗങ്ങള്‍ക്കും അര്‍ഹതപ്പെട്ട ഭരണഘടനാനുസൃതമായ സംവരണം പോലും അട്ടിമറിക്കപ്പെടുകയാണ് ചെയ്യുന്നത്.
തന്റെ ബന്ധുവിന് അനധികൃതമായി നിയമനം നല്‍കിയതിന്റെ പേരില്‍ ഇടതു സര്‍ക്കാരിന്റെ ഒരു മന്ത്രിക്ക് തന്നെ രാജിവെക്കേണ്ടി വന്നുവെങ്കിലും അതൊരു കീഴ്വഴക്കമായി മാറിയില്ല. അതിനുശേഷം നിരവധി മന്ത്രിമാരുടേയും പാര്‍ട്ടി നേതാക്കന്മാരുടേയും ബന്ധുജനങ്ങള്‍ ഇപ്പോഴും പിന്‍വാതില്‍ വഴി സര്‍ക്കാരിന്റെ ഉന്നത പദവികളില്‍ വിരാജിക്കുകയാണ്. സര്‍ക്കാരുകളുടെ അവസാനകാലം കൂടുന്ന മന്ത്രിസഭായോഗങ്ങളിലെ പ്രധാന അജണ്ട തന്നെ ഇത്തരത്തില്‍ നിയമനം ലഭിച്ച ആള്‍ക്കാരെ സ്ഥിരപ്പെടുത്തുകയെന്നുള്ളതാണ്. നിയമത്തെ മറി കടക്കുവാന്‍ 179 ദിവസത്തേക്ക് മാത്രം എന്ന് പറഞ്ഞാണ് മിക്ക നിയമനങ്ങളും നടത്തുന്നത്. എന്നാല്‍ ഇത്തരത്തില്‍ നിയമിക്കപ്പെടുന്നവര്‍ പത്തും പതിനഞ്ചും വര്‍ഷം ജോലി ചെയ്യുകയും അതിനുശേഷം മാനുഷിക പരിഗണന എന്നുള്ള പേര് പറഞ്ഞ് ജോലിയില്‍ സ്ഥിരപ്പെടുത്തുകയാണ് ചെയ്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: