പുത്തൂര്‍: കുന്നത്തൂര്‍ പാലത്തിന്റെ ശനിദശ തദ്ദേശ തെരഞ്ഞെടുപ്പിന് ശേഷം പുതിയ ഭരണനേതൃത്വം നിലവില്‍ വരുമ്പോള്‍ മാറുമോ എന്ന കാത്തിരിപ്പിലാണ് നാട്ടുകാര്‍. കുന്നത്തൂര്‍-പവിത്രേശ്വരം പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പാലത്തില്‍ നിന്നും കഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കെടുത്താല്‍ ഒരു വര്‍ഷം ശരാശരി പത്തുപേരെങ്കിലും കല്ലടയാറ്റില്‍ ചാടി ജീവനൊടുക്കുന്നുണ്ടെന്നാണ് കണ്ടെത്തല്‍.
വിജനമായ പാലത്തിലൂടെ നടന്നെത്തുന്നവര്‍ താഴേക്ക് ചാടുന്നത് മിക്കപ്പോഴും ആരുടെയും ശ്രദ്ധയില്‍പ്പെടാറില്ല. ചാടുന്നത് ആരെങ്കിലും കണ്ടാലും വര്‍ഷങ്ങളോളം മണല്‍ കുഴിച്ചെടുത്ത അഗാധമായ കുഴികള്‍ ഉള്ളതിനാല്‍ ഇവിടെ ആഴങ്ങളിലേക്ക് പതിക്കുന്നവരെ വീണ്ടെടുക്കാന്‍ കഴിഞ്ഞെന്നും വരില്ല. രാത്രിയില്‍ മതിയായ തെരുവ് വിളക്കുകള്‍ ഇല്ലാത്തതിനാല്‍ പാലം ഇപ്പോഴും ഇരുട്ടിലാണ്.
പാലത്തിന്റെ കൈവരികളുടെ ഉയരക്കുറവ് പരിഹരിക്കണമെന്നും ഇവിടെ രണ്ട് മീറ്റര്‍ ഉയരത്തിലെങ്കിലും ഇരുമ്പ് നെറ്റുകള്‍ സ്ഥാപിക്കണമെന്നും നാട്ടുകാര്‍ പലതവണയായി ആവശ്യപ്പെടുന്നുണ്ട്. പക്ഷേ മാറി മാറി ഭരിച്ച ഭരണകര്‍ത്താക്കള്‍ എല്ലാം വാഗ്ദാനങ്ങളില്‍ ഒതുക്കി. പുത്തൂര്‍, ശാസ്താംകോട്ട പോലീസ് സ്റ്റേഷനുകളുടെ അതിര്‍ത്തിയിലുള്ള പാലത്തില്‍ കൂടുതല്‍ പോലീസ് ശ്രദ്ധ അനിവാര്യവുമാണ്. പാലത്തില്‍ സിസിടിവി കാമറകള്‍ സ്ഥാപിക്കാനായി 14.66 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നാണ് ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്തിന്റെ നിലപാട്. എന്നാല്‍ ഇത്രയും നാളായിട്ടും ഇതിനുള്ള പ്രാരംഭ നടപടി പോലും ഉണ്ടായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: