ശാസ്താംകോട്ട: കോണ്‍ഗ്രസുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കിയിട്ടും കുന്നത്തൂര്‍ പഞ്ചായത്തില്‍ പ്രസിഡന്റ് സ്ഥാനത്തിനായി സിപിഎമ്മില്‍ തമ്മിലടി. അഞ്ചുസീറ്റ് നേടി ബിജെപി രണ്ടാം സ്ഥാനത്തുവന്ന പഞ്ചായത്താണിത്. പ്രസിഡന്റ് സ്ഥാനത്തിനായി ഇവിടെ ജയിച്ചുവന്ന രണ്ട് വനിതകള്‍ നേര്‍ക്കുനേര്‍ പോരടിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം അവലോകനയോഗം കൈയാങ്കളിയിലെത്തി.
പാര്‍ട്ടി അംഗങ്ങളായ വത്സലകുമാരിയും അരുണാമണിയുമാണ് പ്രസിഡന്റാകാന്‍ മത്സരിക്കുന്നത്. തെരഞ്ഞെടുപ്പിന് മുമ്പ് എല്‍ഡിഎഫ് തീരുമാനം അനുസരിച്ച് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി സിപിഎം മത്സരരംഗത്ത് ഇറക്കിയത് പാര്‍ട്ടി ലോക്കല്‍കമ്മിറ്റി സെക്രട്ടറി പ്രിയദര്ശിനിയെയായിരുന്നു. എന്നാല്‍ പ്രസിഡന്റ് സ്ഥാനം സ്വപ്നം കണ്ട് മത്സരത്തിനിറങ്ങിയ ഈ വനിതാനേതാവിനെ പാര്ട്ടിക്കാര് തന്നെ തോല്പ്പിക്കുകയായിരുന്നത്രേ. ഇതേ തുടര്‍ന്നാണ് പ്രസിഡന്റാകാന്‍ കച്ചകെട്ടി വത്സലകുമാരിയും അരുണാമണിയും രംഗത്തുവന്നത്.
അരുണാമണിയോടാണ് പാര്‍ട്ടി ഏരിയാ നേതൃത്വത്തിന് താല്പര്യമെങ്കിലും കുന്നത്തൂര്‍ പഞ്ചായത്തിലെ ഭൂരിപക്ഷം പാര്‍ട്ടിക്കാരും അരുണാമണിക്കെതിരാണ്. ആ പ്രതിഷേധമാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന പാര്‍ട്ടി അവലോകനയോഗത്തില്‍ പ്രകടമായത്. പാര്‍ട്ടി നേതൃത്വം ഇവരുടെ പേര് നിര്‍ദേശിച്ചപ്പോള്‍ തന്ന ഐവര്കാലയില് നിന്നടക്കമുള്ള പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തുവന്നു. വത്സലകുമാരിയെ അനുകൂലിക്കുന്നവര്‍ എതിര്‍പക്ഷത്ത് സംഘടിച്ചതോടെ പാര്‍ട്ടി അവലോകനയോഗം സംഘര്‍ഷത്തിലെത്തി.
17 അംഗങ്ങളുള്ള കുന്നത്തൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഏഴും എന്‍ഡിഎക്ക് അഞ്ചും യുഡിഎഫിന് മൂന്നുമാണ് അംഗങ്ങള്‍. കൂടാതെ രണ്ട് സ്വതന്ത്രരുമുണ്ട്. പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി സിപിഎമ്മില്‍ തര്‍ക്കം കൊടുമ്പിരിക്കൊള്ളവെ ജയിച്ച ഓരോ സ്വതന്ത്രരെ ചാക്കിട്ട് പിടിച്ച് ഇരുവരും വശത്താക്കിയെന്നാണ് സൂചന.
മൂന്നാം വാര്‍ഡില്‍ നിന്നു വിജയിച്ച സ്വതന്ത്രയായ മജീനയെ വത്സലകുമാരിയും രണ്ടാം വാര്‍ഡില്‍ നിന്നുള്ള സ്വതന്ത്രന് ഡാനിയല്‍ തരകനെ അരുണാമണിയും ഇതിനകം ഒപ്പം കൂട്ടിയതായാണ് വിവരം. ഇരുവര്‍ക്കും വമ്പന്‍ വാഗ്ദാനങ്ങളും നല്‍കിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: