ന്യൂദല്‍ഹി : പാക്കിസ്ഥാന് 50 സായുധ ഡ്രോണുകള്‍ ചൈന കൈമാറും. വിങ് ലൂങ്- 2 ഡ്രോണുകളാണ് കൈമാറുന്നത്. അതിര്‍ത്തിയിലെ ഇന്ത്യന്‍ പ്രതിരോധത്തെ ചെറുക്കുന്നതിനായാണ് പാക്കിസ്ഥാന് ഡ്രോണുകള്‍ വാങ്ങാന്‍ ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ചൈനയിലെ മാധ്യമങ്ങളാണ് ഇതു സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവിട്ടത്.
ജമ്മു കശ്മീര്‍ ഉള്‍പ്പടെയുള്ള അതിര്‍ത്തി മേഖലയില്‍ വിന്യസിക്കാനാണ് പാക്കിസ്ഥാന് ലക്ഷ്യമിടുന്നത്. ആഭ്യന്തരകലാപം രൂക്ഷമായ സിറിയ, ലിബിയ, അസര്ബെയ്ജാന് തുടങ്ങിയ രാജ്യങ്ങളില്‍ ഇത്തരം സായുധ ഡ്രോണുകള്‍ സൈനിക മുന്നേറ്റത്തിന് ഏറെ സഹായകമായിരുന്നു. ചൈനയുടെയും തുര്‍ക്കിയുടെയും ഡ്രോണുകളാണ് ഇവിടെ ഉപയോഗിച്ചത്. ഇതേ രീതിയില്‍ അതിര്‍ത്തിയില്‍ ഇന്ത്യയുടെ സൈനിക മുന്നേറ്റം പ്രതിരോധിക്കാന്‍ ചൈനീസ് ഡ്രോണുകള്‍ സഹായിക്കുമെന്നാണ് പാക്കിസ്ഥാന് കണക്കാക്കുന്നത്.
അതേസമയം ഇത്തരം സായുധ ഡ്രോണുകളെ ഇന്ത്യന്‍ സൈന്യത്തിന് നിസാരമായി വെടിവെച്ചിടാന്‍ കഴിയുമെന്നാണ് വ്യോമസേനയിലെ മുന്‍ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നത്. ലഡാക്കിലെയും കശ്മീരിലെയും യഥാര്‍ത്ഥ നിയന്ത്രണ രേഖയിലും നിയന്ത്രണരേഖയിലും റഡാറുകളും യുദ്ധവിമാനങ്ങളും കൃത്യമായി നിരീക്ഷണം നടത്തുന്നുണ്ട്. അതുകൊണ്ടുതന്നെ ഈ ഡ്രോണുകളുടെ സാന്നിധ്യം പെട്ടന്ന് കണ്ടെത്താനും പ്രതിരോധിക്കാനും കഴിയുമെന്നും പ്രതിരോധ വിദഗ്ധര്‍ പറയുന്നു.
എന്നാല്‍ ഇന്ത്യയുടെ വ്യോമാതിര്‍ത്തിയില്‍ സായുധ ഡ്രോണുകള്‍ പാക്കിസ്ഥാന് ഉപയോഗിക്കാന്‍ സാധ്യതയില്ലെന്നാണ് സൈന്യം വിലയിരുത്തുന്നത്. തര്‍ക്കമില്ലാത്ത വ്യോമപരിധിയിലോ പാക്കിസ്ഥാന് മേധാവിത്വമുളള വ്യോമപരിധിയിലോ ഡ്രോണുകള്‍ ഉപയോഗിക്കുന്നതിന് തടസമില്ല. അതുപോലെയല്ല ഇന്ത്യന്‍ വ്യോമാതിര്്ത്തി.
കഴിഞ്ഞ മാസം നൈജീരിയയ്ക്കും വിങ് ലൂങ് ഡ്രോണുകള്‍ ചൈന കൈമാറിയിരുന്നു. ഇത്തരം എട്ട് ഡ്രോണുകള്‍ക്കാണ് നൈജീരിയ കരാര്‍ നല്‍കിയിരുന്നത്. ഇതില്‍ ആദ്യബാച്ച് ഡ്രോണുകളാണ് കൈമാറിയത്. കമാന്‍ഡുകള്‍ അനുസരിച്ച് നിയന്ത്രിക്കാവുന്ന സോഫ്ട് വെയര്‍ മോഡില്‍ 31 മണിക്കൂര്‍ വരെ പറക്കാന്‍ സാധിക്കുന്നതാണ് ഈ ഡ്രോണുകള്‍. ഇതില്‍ 26 മണിക്കൂര്‍ ആക്രമണരീതിയിലും പ്രവര്‍ത്തിപ്പിക്കാനും സാധിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: