ന്യൂദല്‍ഹി: കൃഷികര്‍ഷക ക്ഷേമ വകുപ്പിന്റെ ബജറ്റ് കഴിഞ്ഞ ആറു വര്‍ഷത്തിനിടെ ആറ് മടങ്ങില്‍ കൂടുതല്‍ വര്‍ധിച്ചതായി കേന്ദ്ര മന്ത്രി ഹര്‍ദീപ് സിംഗ് പുരി. ഉല്‍പ്പാദന ചെലവിന്റെ ഒന്നര മടങ്ങ് താങ്ങുവിലയായി നല്‍കണമെന്ന സ്വാമിനാഥന്‍ സമിതിയുടെ ശിപാര്‍ശ നടപ്പാക്കിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
2009-14 കാലയളവിനെ അപേക്ഷിച്ച് 2014-19 കാലത്ത് താങ്ങുവില നല്‍കിയുള്ള സംഭരണത്തിന്റെ ചിലവ് 85 ശതമാനം വര്‍ധിച്ചതായും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി കിസാന്‍ പദ്ധതി വഴി 1,10,000 കോടി രൂപയോളം കര്‍ഷകരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് വിതരണം ചെയ്തതായും, 87,000 കോടി രൂപയോളം വിള ഇന്‍ഷുറന്‍സ് ആയി കര്‍ഷകര്‍ക്ക് ലഭിച്ചതായും കേന്ദ്ര മന്ത്രി ചൂണ്ടിക്കാട്ടി. പ്രീമിയം തുകയായി 17,450 കോടി രൂപ മാത്രമാണ് കര്‍ഷകര്‍ ഇതുവരെ നല്‍കിയിട്ടുള്ളത്.
നബാര്‍ഡ് 2018 ല്‍ നടത്തിയ പഠനത്തെ പറ്റി സംസാരിക്കവേ, രാജ്യത്തെ 52.5 ശതമാനത്തോളം കര്‍ഷക കുടുംബങ്ങളും ശരാശരി 1,470 അമേരിക്കന്‍ ഡോളര്‍ (അതായത് 1.08 ലക്ഷം രൂപയുടെ) കടക്കെണിയില്‍ ആണെന്ന് അദ്ദേഹം വ്യക്തമാക്കി.
തുറന്ന വിപണിയില്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കര്‍ഷകര്‍ക്ക് അവസരം ലഭിക്കുന്നത് അടക്കമുള്ള പരിഷ്‌കാരങ്ങള്‍ ഇന്ത്യയില്‍ ആവശ്യമാണെന്ന് മുതിര്‍ന്ന കൃഷിമേഖലയിലെ സാമ്പത്തിക ശാസ്ത്രജ്ഞര്‍ അടക്കം ചൂണ്ടിക്കാട്ടിയിട്ടുണ്ട് എന്ന് കേന്ദ്ര മന്ത്രി അഭിപ്രായപ്പെട്ടു. ബിഹാര്‍ പോലുള്ള ചില സംസ്ഥാനങ്ങളില്‍ പുതിയ കാര്‍ഷിക പരിഷ്‌കാരങ്ങള്‍ തങ്ങളുടേതായ രീതിയില്‍ നേരത്തെതന്നെ നടപ്പാക്കിയിട്ടുണ്ട് എന്ന് ചൂണ്ടിക്കാട്ടിയ പുരി കാര്‍ഷിക മേഖലയിലെ വളര്‍ച്ച ദേശീയ തലത്തില്‍ 2 ശതമാനം മാത്രമാകുമ്പോള്‍ ബിഹാറില്‍ ആറ് ശതമാനമാണെന്നത് ശ്രദ്ധിക്കണമെന്നും ഓര്‍മ്മിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: