ന്യൂദല്‍ഹി: പുതിയ നിയമത്തിന്റെ പേരില്‍ ദല്‍ഹി അതിര്‍ത്തിയില്‍ കര്‍ഷക സംഘടനകള്‍ നടത്തുന്ന സമരം ഒരു മാസം പിന്നിട്ടിരിക്കെ വിഷയത്തില്‍ മഞ്ഞുരുകുന്നു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് കര്‍ഷകര്‍ ഇന്ന് വ്യക്തമാക്കി. ഇന്നു ചേര്‍ന്ന ഏകോപന സമിതിയുടെതാണ് തീരുമാനം. ചൊവ്വാഴ്ചാണ് കേന്ദ്രസര്‍ക്കാര്‍ പ്രതിനിധകളുമായി കര്‍ഷക സംഘടനകള്‍ ചര്‍ച്ച നടത്തുക. നിയമം സംബന്ധിച്ച ഏതുതരം ചര്‍ച്ചയ്ക്ക് തയാറാണെന്ന് പ്രധാനമന്ത്രി അടക്കം അറിയിച്ചിരുന്നു.
പ്രധാനമന്ത്രി 18,000 കോടി രൂപയുടെ പ്രധാന് മന്ത്രി കിസാന്‍ കാഷ് ട്രാന്‍സ്ഫര്‍ സ്കീം പ്രഖ്യാപിച്ച് അടുത്ത ദിവസമാണ് കര്‍ഷകര്‍ യോഗം ചേര്‍ന്ന് ചര്‍ച്ചയ്ക്ക് തയാറായത്. ഇതുവരെ സര്‍ക്കാരുമായി നടന്ന അഞ്ച് അനുരഞ്ജന ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കര്‍ഷകരുടെ ആവശ്യങ്ങള്‍ പരിഗണിക്കാന്‍ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി പറഞ്ഞു. അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. നിയമം നടപ്പാക്കാന്‍ അനുവദിക്കണമെന്നും ഒരു വര്‍ഷത്തിനു ശേഷം കര്‍ഷകര്‍ക്ക് പ്രയോജനകരമാണെന്ന് തോന്നുന്നില്ലെങ്കില്‍ അവ ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പുതിയ നിര്‍ദേശങ്ങളുടെയും സംഭവ വികാസത്തിന്റെയും വെളിച്ചത്തിലാണ് കര്‍ഷകര്‍ യോഗം ചേര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: