ചെന്നൈ: അന്താരാഷ്‌ട്ര വിപണിയിൽ പത്ത് ലക്ഷം രൂപ വിലവരുന്ന ആമ മോഷണം പോയി. തമിഴ്‌നാട്ടിലെ മഹാബലിപുരത്തെ മുതല പാർക്കിൽ നിന്നുമാണ് ആമയെ കാണാതായിരിക്കുന്നത്. ആമയ്‌ക്ക് ഏകദേശം അമ്പത് വയസോളം പ്രായം വരും. മരുന്ന് ഉണ്ടാക്കുന്നതിന് വേണ്ടിയാണ് ആമയെ മോഷ്ടാക്കൾ കടത്തിക്കൊണ്ടുപോയതെന്നാണ് പോലീസിന്റെ നിഗമനം.
പാർക്കിലെ ജീവനക്കാർ അറിയാതെ മോഷണം നടക്കില്ല. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ആൽഡാബ്ര ഇനത്തിൽ പെട്ട ആമയായിരുന്നു ഇത്. ഇതിന് ഏകദേശം 80-100 കിലോ വരെ ഭാരമുണ്ടായിരുന്നു. ആറ് ആഴ്ച മുമ്പാണ് മോഷണം നടന്നതെങ്കിലും വാർത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. നവംബർ 11, 12 തീയതികളിലാണ് മോഷണം നടന്നതായി സംശയിക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ആമകളാണ് ആൽഡാബ്ര ഇനത്തിലേത്. 150 വർഷം വരെ ആയുസുള്ള ഇവയ്‌ക്ക് 1.5 മീറ്ററിലധികം നീളവും 200 കിലോഗ്രാം വരെ ഭാരവും ഉണ്ടാകും.
ഭൂമിയിലെ ഏറ്റവും കൂടുതൽ ആയുർദൈർഘ്യമുള്ള ജീവി വർഗ്ഗങ്ങളിലൊന്നാണ് ഈ ആമകൾ.











